SignIn
Kerala Kaumudi Online
Wednesday, 15 July 2026 3.03 AM IST

ആറൻമുളയിലെ ഉന്നമെന്ത് ?

a

സുപ്രീംകോടതിയുടെയും ദേശീയ ഗ്രീൻ ട്രൈബ്യൂണലിന്റെയും വിധികളുടെ പശ്ചാത്തലത്തിൽ ആറൻമുള വിമാനത്താവള പദ്ധതിയുടെ എല്ലാ അനുമതികളും റദ്ദാക്കി ഫയൽ സർക്കാർ അടച്ചുപൂട്ടിയതാണ്.കോട്ടയം എരുമേലിയിലെ ചെറുവള്ളി എസ്റ്റേറ്റിൽ ശബരിമല വിമാനത്താവളം പണിയനുള്ള നടപടികളുമായി പിണറായി സർക്കാർ മുന്നോട്ടുപോയിരുന്നു.പക്ഷെ,അവിടെ ഭൂമിയുടെ ഉടമസ്ഥാവകാശം കോടതി കയറിതോടെ പദ്ധതിയുടെ ഗതി അടഞ്ഞു. ഇതിനിടെയാണ് വി.ഡി സതീശൻ സർക്കാർ അധികാരത്തിൽ വന്നത്. കോൺഗ്രസിന്റെ പ്രഖ്യാപിത നിലപാട് ആറൻമുളയിൽ വിമാനത്താവളം നിർമ്മിക്കണമെന്നാണ്. ആന്റോ ആന്റണി എം.പി ആദ്യം മുതൽ പദ്ധതിക്കായി രംഗത്തുണ്ട്.ആറൻമുള എം.എൽ.എ അബിൻ വർക്കിയും അനുകൂലമാണ്.ഇത്തരം അനുകൂല അവസരം മുതലാക്കി, ആറൻമുള വിമാനത്താവളം പദ്ധതി പ്രഖ്യാപിക്കുന്നതിന് മുൻപ് അവിട‌െ സ്ഥലം വാങ്ങിയ വിദ്യാഭ്യാസ ആരോഗ്യ സംരംഭകൻ എബ്രഹാം കലമണ്ണിൽ വിമാനത്താവളത്തിനായി വീണ്ടും രംഗത്ത് എത്തുകയായിരുന്നു. ഡൽഹി ആസ്ഥാനമായി സ്വകാര്യ കമ്പനിയക്കൊണ്ട് പദ്ധതി പ്രദേശത്ത് ഡ്രോൺ സർവെ നടത്തിയത് കഴിഞ്ഞയാഴ്ചയാണ്. സംസ്ഥാന സർക്കാരിന്റെ എൻ.ഒ.സി കിട്ടിയാൽ വിമാനത്താവള പദ്ധതിയുമായി അതിവേഗം മുന്നോട്ടു പോകുമെന്ന കലമണ്ണിലിന്റെ പ്രഖ്യാപനം വിവാദങ്ങൾക്ക് തിരി കൊളുത്തുകുയും ചെയ്തു. പദ്ധതി പ്രദേശത്ത് തനിക്ക് നാനൂറ് ഏക്കറുണ്ടെന്നാണ് കലമണ്ണിലിന്റെ അവകാശവാദം. എന്നാൽ, സർക്കാർ മിച്ചഭൂമിയായി പ്രഖ്യാപിച്ച സ്ഥലം കൂടി ചേർത്താണ് കലമണ്ണിൽ നാനൂറ് ഏക്കർ അവകാശപ്പെട്ടതെന്ന് ആരോപണമുയർന്നു. ഇതേ തുടർന്ന്, ജില്ലാ കളക്ടർ റിപ്പോർട്ട് തേടി.

♦ വിവാദത്തിന് പിന്നിൽ

കോടതിയുടെയും ഗ്രീൻ ട്രൈബ്യൂണലിന്റെയും വിധികൾ എതിരാണെന്ന് അറിയാമായിരുന്നിട്ടും എബ്രഹാം കലമണ്ണിൽ ആറൻമുള വിമാനത്താവള പദ്ധതി വീണ്ടും വിവാദമാക്കി കത്തിച്ചതിന് പിന്നൽ പല ലക്ഷ്യങ്ങളുണ്ട്. എബ്രഹാം കലമണ്ണിലിന്റെ ഉ‌ടമസ്ഥതയിലുള്ള മൗണ്ട് സിയോൺ ഗ്രൂപ്പിന് ആറൻമുളയിൽ നൂറ്റയൻപതോളം ഏക്കർ ഭൂമിയാണ് തുടക്കത്തിലുണ്ടായിരുന്നത്. ഇവിടെ എയർസ്ട്രിപ്പ് നിർമ്മിക്കാനായിരുന്നു അദ്ദേഹത്തിന്റെ ആദ്യപദ്ധതി. തന്റെ കോളേജിലെ വിദ്യാർത്ഥകൾക്കു വേണ്ടി പ്രദേശത്ത് ചെറുവിമാനം ഇറക്കി. വിദ്യാഭ്യാസ ആവശ്യത്തിനായി തുടങ്ങിയ പദ്ധതി നാടിന്റെ അടിയന്തര ആവശ്യങ്ങൾക്ക് ഉപയോഗിക്കാമെന്ന നിലയിലേക്ക് ഉയർന്നു. എയർ ആംബുലൻസ് സർവീസിനായും എയർസ്ട്രിപ്പ് ഉപയോഗിക്കാം. ശബരിമല, മാരാമൺ തീർത്ഥാടകർക്കു വേണ്ടി എയർ കാർ സംവിധാനത്തിനും ആലോചനയുണ്ടായിരുന്നു. ഈ പദ്ധതികളോട് പ്രദേശത്തുകാർക്ക് എതിർപ്പുണ്ടായിരുന്നില്ല. കുറച്ചു ഭൂമി മാത്രം മതിയാകും എന്നതിനാൽ, ആറൻമുളയിൽ വലിയ തോതിൽ വയൽ നികത്തേണ്ടിയും വരില്ലായിരുന്നു. പക്ഷെ, കാര്യങ്ങളിൽ വഴിത്തിരിവുണ്ടായത് പിന്നീടാണ്. ആറൻമുളയിൽ അന്തരാഷ്ട്ര വിമാനത്താവളം എന്ന ആശയം ഉയർന്നു വന്നു. മൗണ്ട്സിയോൺ ഗ്രൂപ്പിന് ഓഹരി പങ്കാളിത്തം ഉറപ്പു നൽകി ആറൻമുളയിൽ അന്താരാഷ്ട്ര വിമാനത്താവളം പദ്ധതിക്ക് വി.എസ് അച്യുതാനന്ദൻ സർക്കാർ തത്വത്തിൽ അനുമതി നൽകി. തുടർന്ന് വന്ന ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് സംസ്ഥാന സർക്കാരിന്റെ അനുമതികൾ വേഗത്തിലാക്കി. പദ്ധതി നിർമാണത്തിന് സ്വകാര്യ കമ്പനിയായ കെ.ജി.എസ് ഗ്രൂപ്പിനെ സർക്കാർ ചുമതലപ്പെടുത്തി. പദ്ധതിക്ക് ആറൻമുളയിൽ നെൽവയലുകളും തണ്ണീർത്തടങ്ങളും ഏറ്റെടുക്കേണ്ടി വരുമെന്നത് പാരിസ്ഥിതിക പ്രശ്നങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴി തുറന്നു. പരിസ്ഥിതി സ്നേഹികൾ പ്രത്യക്ഷ സമരത്തിലേക്കു കടന്നു. ആറൻമുള സ്വദേശിയായ കവയിത്രി സുഗതകുമാരി നേതൃത്വം നൽകി. സംഘപരിവാർ സംഘടനകൾ പിന്തുണച്ചു. ആറൻമുള സമരത്തിന് ജനപിന്തുണയേറിയതോടെ, ആദ്യം പദ്ധതിയെ അനുകൂലിച്ച സി.പി.എമ്മും സി.പി.ഐയും കളം മാറി ചവിട്ടി. വിമാനത്താവളത്തിന്റെ റൺവേയിൽ നിന്ന് ആകാശ പാതയിലേക്ക് വിമാനം ഉയരുമ്പോൾ ആറൻമുള ക്ഷേത്രത്തിന്റെ കൊടിമരം തടസമാകുന്നുവെന്ന വിലയിരുത്തലുണ്ടായി. കൊടിമരം മാറ്റി സ്ഥാപിക്കണമെന്ന നിർദേശം വിശ്വാസികളുടെ രോഷത്തിനു കാരണമായി. ഇതിനിടെ, പദ്ധതിക്ക് കേന്ദ്രത്തിലെ എൻ.ഡി.എ സർക്കാർ അനുമതികൾ വൈകിപ്പിച്ചു. പരിസ്ഥിതി പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി സമരസമിതി ഉന്നയിച്ച വാദങ്ങൾ ശരിവച്ച ഗ്രീൻ ട്രൈബ്യൂണൽ വിധി സുപ്രീം കോട‌തി അംഗീകരിച്ചു. പിന്നാലെ ആദ്യത്തെ പിണറായി സർക്കാർ രണ്ടായിരത്തി പതിനാലിൽ പദ്ധതിക്കുള്ള അനുമതികൾ റദ്ദാക്കി. നൂറിലേറെ ദിവസം ആറൻമുളയിൽ നടത്തിയ സത്യഗ്രഹ സമരം അവസാനിപ്പിച്ചു.

♦ കരണം മറിഞ്ഞ് കലമണ്ണിൽ

പദ്ധതി സംബന്ധിച്ച് എല്ലാ ഫയലുകളും ക്ളോസ് ചെയ്ത സ്ഥിതി നിലനിൽക്കെയാണ് പൊടുന്നനെ വിമാനത്താവള പദ്ധതിയുമായി എബ്രഹാം കലമണ്ണിൽ രംഗത്തുവന്നത്.

പദ്ധതി പ്രദേശത്ത് മിച്ചഭൂമിയായി പ്രഖ്യാപിച്ചതിൽ തന്റേതുമുണ്ടെന്നു ആരോപിച്ച് ഹൈക്കോടതിയിൽ റവന്യു വകുപ്പുമായി ഹൈക്കോടതിയ കേസ് നടക്കുകയാണ്. മുൻപത്തെ വിധികളും നിലനിൽക്കെ വിമാനത്താവളം നിർമ്മിക്കും എന്നു പ്രഖ്യാപിച്ച് വിവാദത്തിനു തിരികെളുത്തിയ കല്ലമണ്ണിൽ പിറ്റേന്ന് കരണം മറിഞ്ഞു. വിമാനത്താവള പദ്ധതിക്കായി താനില്ല. ആർക്കും വേണ്ടെങ്കിൽ തനിക്കും വേണ്ട എന്നാണ് പുതിയ നിലപാട്. പുതിയ വിവാദത്തിനു പിന്നിൽ കലമണ്ണിലിന്റെ പേരിൽ കിടക്കുന്ന സ്ഥലം വിറ്റഴിക്കുക എന്ന തന്ത്രണമാണുള്ളതെന്ന് ആരോപണമുയർന്നിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OPINION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY