SignIn
Kerala Kaumudi Online
Thursday, 10 September 2026 1.32 AM IST

മുല്ലപ്പെരിയാറിൽ പരിശോധനയെന്ന പ്രഹസനം

a

നൂറ്റാണ്ടിലേറെ പഴക്കമുള്ള മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി സുപ്രീം കോടതി നിർദേശപ്രകാരം നിയമിച്ച കോംപ്രിഹെൻസീവ് ഡാം സേഫ്റ്റി ഇവാലുവേഷൻ (സി.ഡി.എസ്.ഇ) വിദഗ്ദ്ധ സമിതിയുടെ ആദ്യഘട്ട സമഗ്ര പരിശോധന കഴിഞ്ഞ ദിവസം പൂർത്തിയായി. കേന്ദ്ര ഡാം സുരക്ഷാ അതോറിട്ടി ചെയർമാൻ ബൽരാജ് ജോഷിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ വിദഗ്ദ്ധ സമിതിയാണ് പ്രധാന അണക്കെട്ട്, ഗാലറി, ബേബി ഡാം, സ്പിൽവേ എന്നിവിടങ്ങളിൽ നേരിട്ട് സന്ദർശിച്ച് പരിശോധനകൾ പൂർത്തിയാക്കിയത്. അണക്കെട്ടിന്റെ വിള്ളലുകൾ, തേയ്മാനം, മണ്ണൊലിപ്പ് എന്നിവയും ഭൂകമ്പ പ്രതിരോധ ശേഷിയും വിലയിരുത്തി 15 ദിവസത്തിനകം ദേശീയ ഡാം സുരക്ഷാ അതോറിട്ടിക്ക് സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് സമിതി വ്യക്തമാക്കുന്നത്. എന്നാൽ, ഈ പരിശോധന നടന്ന രീതിയെച്ചൊല്ലി വലിയ തർക്കങ്ങളും ആശങ്കകളുമാണ് ഇപ്പോൾ ഉയർന്നു വന്നിരിക്കുന്നത്. വിദഗ്ദ്ധ സമിതിയുടെ പരിശോധന വെറും ബാഹ്യമായ നിരീക്ഷണങ്ങളിൽ മാത്രമായി ഒതുങ്ങിപ്പോയി എന്നതാണ് കേരളത്തിന്റെ പ്രധാന ആക്ഷേപം. അണക്കെട്ടിന്റെ തുരങ്ക പരിശോധന അടക്കമുള്ള ആഴത്തിലുള്ള ഭൗതികസാങ്കേതിക പരിശോധനകൾ നടത്താതെ ഡാമിന്റെ യഥാർത്ഥ സുരക്ഷയും ബലവും വിലയിരുത്താനാകില്ലെന്ന് കേരളം വ്യക്തമാക്കുന്നു. വെറും കണ്ണുകൊണ്ട് കണ്ട് വിലയിരുത്തുന്ന രീതിയിലുള്ള ഇത്തരം പരിശോധനകൾ കൊണ്ട് അണക്കെട്ടിന്റെ ആന്തരിക ഘടനയിലുണ്ടായ മാറ്റങ്ങൾ കണ്ടെത്താൻ കഴിയില്ലെന്നാണ് കേരളത്തിലെ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. കൂടാതെ, പരിശോധനാ മാനദണ്ഡങ്ങൾ സംബന്ധിച്ച് കേരളം നേരത്തെ സമർപ്പിച്ച നിർദേശങ്ങൾ പൂർണ്ണമായി പാലിക്കാതെയാണ് സമിതി പരിശോധന പൂർത്തിയാക്കിയതെന്നും സംസ്ഥാന പ്രതിനിധികൾ കുറ്റപ്പെടുത്തുന്നു. അണക്കെട്ടിന്റെ ഘടനാപരമായ സുരക്ഷയും ഏറ്റവും പ്രധാനപ്പെട്ട ഭൂകമ്പ പ്രതിരോധ ശേഷിയും ഈ പരിശോധനയിൽ കൃത്യമായി വിലയിരുത്തപ്പെട്ടിട്ടില്ല. അണക്കെട്ട് പൂർണ്ണ സുരക്ഷിതമാണെന്ന തമിഴ്നാടിന്റെ പതിവ് വാദങ്ങളെയും സംയുക്ത യോഗത്തിൽ കേരളം ശക്തമായി എതിർത്തു. അണക്കെട്ട് പരിശോധിച്ച ശേഷം ചേർന്ന യോഗത്തിൽ ഡാമിൽ വിശദമായ സുരക്ഷാ റിവ്യൂ നടത്തണമെന്ന് കേരളം ആവശ്യപ്പെട്ടു. ഒരു ദിവസത്തെ സാധാരണ പരിശോധന പോരെന്നും 2025 ആഗസ്റ്റിൽ നിശ്ചയിച്ച 'ടേംസ് ഓഫ് റഫറൻസ് ' പ്രകാരമായിരിക്കണം ഈ പരിശോധനയെന്നും കേരളം സമിതിയിൽ ആവശ്യപ്പെട്ടു. ആശങ്കകളും സാങ്കേതിക പോരായ്മകളും രേഖാമൂലമാണ് കേരളം സമർപ്പിച്ചത്.

 പരിശോധനയിലെ പ്രധാന ആശങ്കകൾ

1. പ്രളയ സാദ്ധ്യതാ സുരക്ഷ: മേഘവിസ്‌ഫോടനങ്ങളും അതിതീവ്ര മഴയുമുണ്ടായാൽ എക്കലും ചെളിയുമടിഞ്ഞ ഡാം പെട്ടെന്ന് നിറയും. ഡാം കവിഞ്ഞ് ആറു മണിക്കൂറോളം ജലമൊഴുകിയാൽ ഡാമിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ഡൽഹി ഐ.ഐ.ടിയുടെ പഠനമുണ്ട്.

2. ഘടനാപരമായ സുരക്ഷ: ഒക്ടോബറിൽ 131 വയസ് തികയുന്ന

ഗുരുത്വാകർഷണ ബലത്തിൽ നിലകൊള്ളുന്ന ഗ്രാവിറ്റി ഡാമാണിത്. എന്നാൽ, ജലസമ്മർദ്ദം നേരിടുന്ന ഭാഗം ഗ്രാവിറ്റി ഡാമിന്റെ മട്ടിലല്ല. ലംബമാന സ്വഭാവത്തിലാണ്. നിർമ്മിച്ചതാകട്ടെ, കുമ്മായം അടങ്ങിയ സുർക്കി മിശ്രിതം ഉപയോഗിച്ചുമാണ്.

3. ഭൂകമ്പ സാദ്ധ്യത: റിക്ടർ സ്‌കെയിലിൽ 5.5 രേഖപ്പെടുത്തുന്ന ഭൂചലനമുണ്ടായാൽ മുല്ലപ്പെരിയാർ ഡാമിന് കനത്ത ഭീഷണിയെന്ന റൂർക്കി ഐ.ഐ.ടിയുടെ പഠനമുണ്ട്

4. അണക്കെട്ടിലെ ചോർച്ച: അണക്കെട്ടിൽ നിന്ന് ഓരോ വർഷവും 30 ടൺ ദ്രവിച്ചും അടർന്നും സംഭരണയിലേക്ക് വീഴുന്നുവെന്ന് ഒരു പഠനത്തിലെ കണ്ടെത്തലുണ്ട്. അതിനാൽ സാമ്പിളുകൾ എടുത്ത് പരിശോധിക്കേണ്ട ആവശ്യകതയും കേരളം ഉന്നയിച്ചു.

പതിറ്റാണ്ടുകളായുള്ള തർക്കം

കേരളവും തമിഴ്നാടും തമ്മിൽ നിലനിൽക്കുന്ന മുല്ലപ്പെരിയാർ അണക്കെട്ട് തർക്കത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് 1887നും 1895നും ഇടയിൽ നിർമ്മിക്കപ്പെട്ട ഈ അണക്കെട്ട് 1895ലാണ് ഔദ്യോഗികമായി പ്രവർത്തനം ആരംഭിക്കുന്നത്. കേവലം 50 വർഷത്തെ ആയുസ് പ്രവചിച്ച ഈ അണക്കെട്ട് ഇന്ന് 130ലധികം വർഷങ്ങൾ പിന്നിട്ട് നിൽക്കുകയാണ്. കാലപ്പഴക്കം കൊണ്ടുള്ള സുരക്ഷാ ആശങ്കകളെത്തുടർന്ന് 1979ൽ കേന്ദ്ര ജലകമ്മിഷൻ അദ്ധ്യക്ഷനായിരുന്ന കെ.സി. തോമസിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് ഡാമിന്റെ ജലനിരപ്പ് 152 അടിയിൽ നിന്ന് 136 അടിയായി പരിമിതപ്പെടുത്തിയത്. ഇതിനെതിരെ തമിഴ്നാട് സുപ്രീംകോടതിയെ സമീപിച്ചതിനെ തുടർന്ന് 142 അടി വരെ ജലനിരപ്പ് ഉയർത്താമെന്ന് കോടതി ഉത്തരവിട്ടു. കോടതി ഉത്തരവിന് പിന്നാലെ, 2006ൽ കേരള സർക്കാർ 'കേരള ഇറിഗേഷൻ ആൻഡ് വാട്ടർ കൺസർവേഷൻ ആക്ട് ' ഭേദഗതി ചെയ്തുകൊണ്ട് മുല്ലപ്പെരിയാറിനെ സുരക്ഷാഭീഷണി നേരിടുന്ന അണക്കെട്ടായി പ്രഖ്യാപിക്കുകയും ജലനിരപ്പ് വീണ്ടും 136 അടിയായി പരിമിതപ്പെടുത്തുകയും ചെയ്തു. തൊട്ടടുത്ത വർഷം തന്നെ ലക്ഷക്കണക്കിന് ജനങ്ങളുടെ സുരക്ഷ മുൻനിറുത്തി പുതിയ അണക്കെട്ട് നിർമ്മിക്കാനുള്ള നടപടികൾക്ക് കേരള സർക്കാർ തുടക്കം കുറിച്ചെങ്കിലും തമിഴ്നാട് ഇതിനെതിരെ വീണ്ടും നിയമപോരാട്ടം ആരംഭിച്ചു. തുടർന്ന് ഡാം സുരക്ഷയെക്കുറിച്ച് പഠിക്കാൻ 2010ൽ സുപ്രീംകോടതി നിയോഗിച്ച സമിതി 2012ൽ അണക്കെട്ട് സുരക്ഷിതമാണെന്ന റിപ്പോർട്ടാണ് സമർപ്പിച്ചത്. ഈ റിപ്പോർട്ട് കേരളത്തിന് കനത്ത തിരിച്ചടിയായി. പുതിയ ഡാം എന്ന ആവശ്യവുമായി കേരളം കേന്ദ്ര ഇടപെടൽ തേടി. എന്നാൽ 2014ൽ കേസിൽ വീണ്ടും വിധി പ്രസ്താവിച്ച സുപ്രീംകോടതി, കേരളം പാസാക്കിയ 2006ലെ നിയമഭേദഗതി പൂർണമായും റദ്ദാക്കി. തമിഴ്നാടിന് ഡാം ബലപ്പെടുത്തി ജലനിരപ്പ് 142 അടിയായി ഉയർത്താമെന്നും, കൂടുതൽ സുരക്ഷ ഉറപ്പാക്കിയാൽ അത് 152 അടി വരെയാക്കാമെന്നും കോടതി ഉത്തരവിട്ടു. ഒപ്പം സുരക്ഷ പരിശോധിക്കാൻ ഒരു പുതിയ മേൽനോട്ട സമിതിയെയും കോടതി ചുമതലപ്പെടുത്തി. 2021ൽ ജലനിരപ്പ് വീണ്ടും 136 അടിയാക്കണമെന്ന് കേരളം കോടതിയോട് ആവശ്യപ്പെട്ടെങ്കിലും തമിഴ്നാട് തങ്ങളുടെ കടുംപിടുത്തം തുടർന്നു. 2022ൽ മുല്ലപെരിയാറിൽ പുതിയ സമഗ്ര പരിശോധന നടത്താൻ സുപ്രീം കോടതി നിർദ്ദേശിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OPINION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY