
"ഇത് കേരളമാണ്" എന്ന് ഇടയ്ക്കിടെ നമ്മുടെ നേതാക്കൾ പ്രസ്താവിക്കാറുണ്ട്. അതൊരു ഓർമ്മപ്പെടുത്തലാണ്. ചിലപ്പോഴൊക്കെ അതൊരു ഭീഷണിയോ താക്കീതോ ആവാം. തങ്ങൾക്ക് യോജിക്കാനാവാത്തതോ എതിർപ്പുള്ളതോ ആയ നയപരിപാടികളോ പ്രവൃത്തിയോ, ഇത് കേരളമായതുകൊണ്ട് ഇവിടെ നടക്കില്ല എന്നാണ് ഈ പ്രസ്താവനയിലൂടെ നൽകുന്ന മുന്നറിയിപ്പ്. കേരളത്തെക്കുറിച്ച് തങ്ങൾക്കുള്ള സങ്കൽപ്പമാണ് ഈ ഓർമ്മപ്പെടുത്തലിന് പിന്നിലെ ചേതോവികാരം. "ഇത് കേരളമാണ്" എന്ന പ്രഖ്യാപനത്തിന് വിഭിന്ന വ്യാഖ്യാനങ്ങളാവാം. അവയെ കേരളത്തിന് അനുകൂലമായും പ്രതികൂലമായും യഥേഷ്ടം നിർവചിക്കാം. 'ദൈവത്തിന്റെ സ്വന്തം നാട്' എന്ന് കുറെകാലമായി അഭിമാന പുരസരം നാം വിശേഷിപ്പിക്കുന്ന നമ്മുടെ കേരളം, പക്ഷേ നെഹ്‌റൂവിയൻ നാളുകളിൽ പരക്കെ അറിയപ്പെട്ടിരുന്നത് "പ്രശ്ന സംസ്ഥാനം" (The Problem State) എന്നായിരുന്നു. രാഷ്ട്രീയ കാരണങ്ങളാലാണ് കേരളത്തിന് ആ ദുഷ്‌പേര് വീണത്. എന്നാൽ അടുത്തകാലത്തൊന്നും ആരും അങ്ങനെ വിശേഷിപ്പിക്കാറില്ല. അതുകൊണ്ട്, കേരളത്തിൽ ഇപ്പോൾ പ്രശ്നങ്ങളോ പ്രതിസന്ധികളോ ഏതുമില്ല എന്നല്ല. അവ ഏറെയുണ്ടെന്ന് എല്ലായ്പ്പോഴും പ്രതിപക്ഷവും, ഇടയ്ക്കിടെയെങ്കിലും ഭരണപക്ഷവും പറയാറുണ്ട്. കേരളത്തിന്റെ നിക്ഷേപ കാലാവസ്ഥയുടെയും വ്യവസായാന്തരീക്ഷത്തിന്റെയും പ്രശ്നങ്ങളാണ് വ്യവസായങ്ങളും വ്യവസായ സംരംഭകരും കേരളത്തിൽനിന്ന് അകന്ന് പോകുന്നതിനും വിട്ടുനിൽക്കുന്നതിനും മുഖ്യകാരണമായി പലരും പറയുന്നത്.
അതേയവസരത്തിൽ വികസനത്തിന്റെ കേരള മാതൃക (Kerala Development Model) പരക്കെ പാടി പുകഴ്ത്തപ്പെട്ടതാണ്. വികസന മാതൃകയുടെ അവകാശികൾ ഇടതുപക്ഷമാണെന്നും, അതല്ല വലതുപക്ഷമാണെന്നും വാദപ്രതിവാദമുണ്ട്. ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിനാണ് അതിന്റെ പിതൃത്വം എന്നും, അതല്ല മാറി മാറി വന്ന ജനാധിപത്യ സർക്കാരുകൾക്കാണെന്നും തർക്കമുണ്ട്. എന്നാൽ സി.പി.ഐയും കോൺഗ്രസും ചേർന്നുള്ള ഭരണകാലത്താണ് കേരള വികസന മാതൃക പൂത്തുലഞ്ഞത് എന്ന് മറ്റൊരു വാദം. ജനായത്ത കാലത്തല്ല, തിരുവിതാംകൂറിലെ രാജഭരണത്തിൻ കീഴിൽ പണ്ടേ തന്നെ വികസന മാതൃകയുടെ വിത്തുകൾ പാകിയിരുന്നതായി വേറിട്ടൊരു വാദഗതിയും നിലവിലുണ്ട്. അതിനിടെ കേരള വികസന മാതൃക എന്നൊന്ന് ഇല്ലെന്നും കേരളത്തിന്റേത് ഒരു വികസനാനുഭവം (Development Experience) മാത്രമാണെന്നും ഉള്ള വിദഗ്ദ്ധാഭിപ്രായം വേറെ. ഇപ്പോൾ, ഇതാ കേരളത്തെ പുനർവിഭാവനം ചെയ്യാൻ വി.ഡി.സതീശൻ സർക്കാർ തീരുമാനിച്ചിരിക്കുന്നു. അതിന്റെ നാന്ദിയാണ് കഴിഞ്ഞയാഴ്ച കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കേരളയിൽ (ഐ.ഐ.എം.കെ) സർക്കാർ സംഘടിപ്പിച്ച പഠന കളരി. മുഖ്യമന്ത്രി സതീശന്റെ പ്രത്യേക താത്പര്യപ്രകാരമാണത്രേ അദ്ദേഹവും സഹമന്ത്രിമാരും പഠിതാക്കളായത്. മന്ത്രിസഭാംഗങ്ങളെ പഠിപ്പിക്കാൻ എത്തിയത് ദേബശീഷ് ചാറ്റർജിയുടെ നേതൃത്വത്തിലുള്ള അദ്ധ്യാപകർ. പഠന വിഷയം കേരളത്തിന്റെ പുനർവിഭാവനം (Reimagining Keralam). അങ്ങനെ, ദേശീയ അദ്ധ്യാപക ദിനത്തിൽ കേരളത്തിലെ മന്ത്രിമാർ ഒന്നടങ്കം രണ്ടുദിവസം മുഴുവൻ ഒരുമിച്ചിരുന്ന് ആത്മാർത്ഥതയോടെ പഠിച്ചു. ആവേശത്തോടെ ചോദ്യങ്ങൾ ചോദിച്ചു. തങ്ങളുടെ സംശയങ്ങൾ തീർത്തു. ഏറ്റവും കൂടുതൽ ചോദ്യങ്ങൾ ഉന്നയിച്ചത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മുഖ്യമന്ത്രി സതീശനും പിന്നിലായില്ല. അദ്ധ്യാപകരാവട്ടെ പ്രഗത്ഭർ. ഹർവാർഡിലെ കെന്നഡി സ്കൂൾ ഓഫ് ഗവൺമെന്റിലെ ഗവേഷണങ്ങൾക്ക് രണ്ടുതവണ ഫുൾബ്രൈറ്റ് ഫെല്ലോഷിപ്പ് നേടിയ ദേബശീഷ് ചാറ്റർജി ഐ.ഐ.എമ്മിന്റെ അമരക്കാരനാവുന്നത് ഇത് രണ്ടാം വട്ടം. 'ഭഗവദ് ഗീത' ഏറ്റവും മികച്ച മാനേജ്മെന്റ് ഗ്രന്ഥം എന്ന് അദ്ദേഹം വിശ്വസിക്കുന്നു. കുരുക്ഷേത്ര ഭൂമിയിലെ അർജുനനെ പോലെയാണല്ലോ ഇന്നത്തെ രാഷ്ട്രീയ നേതാക്കളായ മന്ത്രിമാരും. ധനുർധരനായ പാർത്ഥന്റെ ചിത്രത്തിന് കീഴിൽ, "ഉണർന്നെണീക്കൂ അർജുന" എന്ന് ആലേഖനം ചെയ്ത ഫലകമാണ് പഠനത്തിനെത്തിയ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഐ.ഐ.എം കുലപതി സമ്മാനിച്ചത്. 'അജയ്യനായ അർജുനൻ' ദേബശീഷിന്റെ പതിനേഴ് പുസ്തകങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടതാണെന്ന് ഓർക്കുക. ഭരിക്കുന്നവർക്കും നയിക്കുന്നവർക്കും നിരന്തര അദ്ധ്യാപനം എന്നത് ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. അതിനായി ഹാർവാർഡ് സർവകലാശാലയിലെ കെന്നഡി ഇൻസ്റ്റിറ്റ്യൂട്ട് പോലെയുള്ള വിശ്വവിശ്രുത പഠന കേന്ദ്രങ്ങളുമുണ്ട്. നമ്മുടെ നാട്ടിലെ ഐ.ഐ.എം.കെയ്‌ക്കും ആ തലത്തിലേക്ക് ഉയരാവുന്നതാണ്. മന്ത്രിമാർ പഠിക്കുന്നത്, അഥവാ അവരെ പഠിപ്പിക്കുന്നത് കേരളത്തിൽ ഇതാദ്യമല്ല. ഉമ്മൻചാണ്ടി മുഖ്യമന്ത്രി ആയിരുന്ന കാലത്തും ഇതുപോലെ മന്ത്രിമാർക്ക് പഠന ക്ലാസ് സംഘടിപ്പിച്ചിരുന്നു. പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായ അദ്ധ്യാപനം ഇടതുസർക്കാരുകളുടെ കാലത്തും ഔദ്യോഗികമായി അല്ലെങ്കിലും മന്ത്രിമാർക്ക് നൽകിയിരുന്നു. പക്ഷേ, അത് പാർട്ടി വക, പാർട്ടി നേതാക്കളുടെ നേതൃത്വത്തിലുള്ള പാർട്ടി പരിപാടി എന്ന വ്യത്യാസമുണ്ട്. ഇവിടെ ഇക്കുറി സതീശനെയും സഹമന്ത്രിമാർക്കും ക്ലാസ് എടുത്തത് രാഷ്ട്രീയക്കാരല്ല. പഠിപ്പിച്ചത് രാഷ്ട്രീയ വിഷയങ്ങളേ അല്ല. പഠനം തികച്ചും വികസനപരം. എന്തായാലും ഒരു നല്ല കാൽവയ്പ്പ്. വികസനത്തിന്റെ പാഠങ്ങൾ അച്ചടക്കത്തോടെ മന്ത്രിമാർ കേട്ടിരിക്കുന്നതുതന്നെ വലിയ കാര്യം. ഇതിവിടെ അവസാനിക്കരുത് എന്നുമാത്രം. പഠനത്തിന് വേദിയൊരുക്കിയ ഐ.ഐ.എം.കെയുടെ മുദ്രാവാക്യം പോലെ "സത്യം നിത്യം പൂർണ്ണം" ആവണം ഉന്നതതലങ്ങളിലെ ഈ പഠനം. ഭരണത്തോടൊപ്പം പഠനവും എന്നതാവട്ടെ അമൃത കാലത്തെ കേരളത്തിന്റെ പുതിയ മുദ്രാവാക്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |