SignIn
Kerala Kaumudi Online
Wednesday, 01 July 2026 2.41 AM IST

പഞ്ച് ഡയലോഗും പത്തായത്തിലെ നെല്ലും

ss

കോൺഗ്രസ് അംഗമായ സി.ആർ. മഹേഷ് ഒരുകലാകാരൻ കൂടിയാണ്, നാടകപ്രേമിയാണ്. അദ്ദേഹത്തിന്റെ സംസാരത്തിന് ചില സന്ദർഭങ്ങളിൽ പ്രൊഫഷണൽ നാടകങ്ങളിലെ പഞ്ച് ഡയലോഗുകളുടെ ചന്തമുണ്ടാവും. ഇന്നലെ ഈ വൈഭവം സഭ കണ്ടു. പ്രതിപക്ഷത്തിനു നേരെ പഞ്ച് ഡയലോഗുകളുടെ ഒരു കുത്തൊഴുക്ക്.

നീറ്ര് പരീക്ഷ നാടു മുഴുവൻ നീറ്റലായി നിൽക്കുമ്പോൾ നിങ്ങൾക്ക് നീറ്റായി ഇവിടെ വന്നിരിക്കാൻ എങ്ങനെ കഴിയുന്നുവെന്നതാണ് ബി.ജെ.പി അംഗങ്ങളോടുള്ള മഹേഷിന്റെ ചോദ്യം. പഞ്ചസാര എന്ന് പേപ്പറിലെഴുതിയിട്ട് നക്കിയാൽ മധുരിക്കില്ലെന്ന് പറഞ്ഞത് പ്രതിപക്ഷത്തോടായിരുന്നു. നിങ്ങളുടെ ബ‌ഡ്ജറ്റുകൾ പേപ്പറിലെ പഞ്ചസാര പോലെയായിരുന്നു. ഒന്നിനും പണമുണ്ടായില്ല. വായുവിനൊഴികെ എല്ലാത്തിനും നികുതി വർദ്ധിപ്പിച്ചു. ഭരണം തുടങ്ങും മുമ്പ് സമരം തുടങ്ങിയിരിക്കുന്നു. കാളപെറ്റെന്ന് കേട്ടാൽ കയറെടുക്കുക എന്നൊരു ചൊല്ലുണ്ട്. പക്ഷേ,​ കാള ഗർഭിണിയാണെന്ന് കേൾക്കുമ്പോഴേ കയറെടുക്കും പോലെയാണ് പ്രതിപക്ഷം.

നെല്ല് പത്തായത്തിലുണ്ടെങ്കിൽ പത്തനാപുരത്തു നിന്ന് എലിയെത്തും എന്ന പ്രയോഗം നടത്തിയത്, ലഹരി വസ്തുക്കൾ എവിടെയുണ്ടായാലും രമേശ് ചെന്നിത്തലയുടെ തൂഫാൻ സേന എത്തുമെന്ന് ഭംഗ്യന്തരേണ സൂചിപ്പിക്കാനാണ്. പക്ഷേ,​ പത്തനാപുരം അംഗം ചാമക്കാല അതിൽ കയറിപിടിച്ചു. ഇങ്ങനെ പത്തനാപുരത്തുകാരെ ആക്ഷേപിക്കരുതെന്നും പത്തനാപുരത്തെ എലിയെ ഞങ്ങൾ പെട്ടിയിലാക്കിയെന്നും ചാമക്കാല പറഞ്ഞപ്പോൾ, പിന്നിൽ നിന്നൊരു ശബ്ദം, എലിയോ കോഴിയോ എന്ന്.

കുറിക്കു കൊള്ളുവിധം സംസാരിക്കാറുള്ള ജി.സുധാകരൻ വാക്കുകളിലെ വാത്സല്യം കൊണ്ട് മുസ്ലീംലീഗിനെ പ്രകീർത്തിച്ചപ്പോൾ, ലീഗ് അംഗങ്ങൾ കോരിത്തരിച്ചു കാണും. പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ മൊഴിമുത്തുകൾ കേൾക്കാൻ സഭയിൽ ഇല്ലാതെ പോയത് മന്ത്രി പി.കെ.ബഷീറിന്റെ നഷ്ടം. മന്ത്രി കെ.മുരളീധരന് എല്ലാവരും പിന്തുണ കൊടുക്കണമെന്ന വക്കാലത്തും ജി.സുധാകരൻ വകയുണ്ടായി. ഏറ്റവും വലിയ വെല്ലുവിളി കെ.മുരളീധരനാണ്. കാരണം ആരോഗ്യ വകുപ്പെന്നു പറഞ്ഞാൽ പ്രശ്നവകുപ്പെന്നാണ് അർത്ഥം. വകുപ്പ് മന്ത്രിക്ക് ഉദ്യോഗസ്ഥർ മാത്രമല്ല, കേരളം മുഴുവൻ പിന്തുണ നൽകണം.

ഭരണകക്ഷിക്ക് ഭൂരിപക്ഷം കൂട്ടാനുള്ള ഉത്തമമാർഗം പൊതുമരാമത്ത് വകുപ്പിനെ തൃപ്തിപ്പെടുത്തലാണെന്നും സ്വാനുഭവം നിരത്തി അദ്ദേഹം വിശദമാക്കി. 2016ൽ ഇത് താൻ കാണിച്ചുകൊടുത്തെന്നും പിണറായിക്ക് ഓർമ്മയില്ലെങ്കിലും താൻ അതിവിടെ പറയുകയാണെന്നുമായി സുധാകരൻ.

ഹണിമൂൺ കാലത്ത് തന്നെ ജനങ്ങളുമായി ഡൈവോഴ്സ് ആവുകയാണ് സർക്കാർ എന്നാണ് സി.പി.എം അംഗം പി.പി.സുമോദിന്റെ പക്ഷം. ഫുട്ബോൾ ഉത്സവത്തിന്റെ കാലത്ത് ലോകം ഒരു പന്തിലേക്ക് ചുരുങ്ങുമ്പോൾ കെ.എസ്.ഇ.ബി പവർകട്ടിലേക്ക് ചുരുങ്ങുകയാണെന്നും സുമോദ് പരിഹസിച്ചു. വീര്യം കുറഞ്ഞ മദ്യത്തെ കൂട്ടുപിടിച്ചാണ് ബി.ജെ.പി അംഗം ബി.ബി.ഗോപകുമാർ ഭരണപക്ഷത്തെ ആക്രമിച്ചത്. കർണാടകത്തിലെ ഡി.കെയും വി.ഡിയും തമ്മിലുള്ള ഡീലാണ് ഇതെന്നും വലിയ ഏർപ്പാട് ഇതിന് പിന്നിൽ നടന്നിട്ടുണ്ടെന്നും ഗോപകുമാർ തുറന്നടിച്ചു.

ഇന്ത്യൻ സ്ത്രീകളെ സ്വപ്നം കാണാൻ പഠിപ്പിച്ച തൊഴിലുറപ്പ് പദ്ധതി ചൂതാട്ടം പോലെയായതിലുള്ള സങ്കടമാണ് ഉല്ലാസ് കോവൂരിനുള്ളത്. കശുഅണ്ടി കറയുടെ മാസ്മരിക ഗന്ധമുള്ള നാട്ടിൽ നിന്നാണ് തന്റെ വരവെന്നും കശുഅണ്ടി തൊഴിലാളിയായ അമ്മയുടെ മകനാണ് താനെന്നും തെല്ലഭിമാനത്തോടെയാണ് ഉല്ലാസ് പറഞ്ഞത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY