
തകഴിയും കേശവദേവും പൊൻകുന്നം വർക്കിയും ചെറുകാടുമൊക്കെ ഇപ്പോൾ ജീവിച്ചിരുന്നെങ്കിൽ തങ്ങൾ എത്ര ഭാഗ്യഹീനർ എന്ന് വിലപിച്ച് പൊട്ടിക്കരയേണ്ടി വന്നേനെ. കാരണം സി.പി.എം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് സഖാവിന്റെ വായനയുടെ ലോകത്ത് തങ്ങൾ എഴുതിയതൊന്നും ഇടംപിടിച്ചില്ലെന്ന ഭാഗ്യദോഷം ഓർത്തായിരിക്കും ആ വിലാപം. മലയാളം വായിക്കാൻ അറിയാത്തതുകൊണ്ട് എം.ടിയുടെ രണ്ട് നോവലിന്റെയും കെ.ആർ. മീരയുടെ ഒരു നോവലിന്റെയും ഇംഗ്ളീഷ് പരിഭാഷ മാത്രമേ തനിക്കു മലയാള സാഹിത്യ രചനകളിൽ വായിക്കാൻ കഴിഞ്ഞുള്ളുവെന്ന് കാരാട്ട് സഖാവ് നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുരോഗമന പ്രസ്ഥാനങ്ങൾക്കായി തൂലിക ചലിപ്പിച്ചവരുടെ കുഴിമാടങ്ങളെപ്പോലും പ്രകമ്പനം കൊള്ളിച്ചു.
കാരാട്ട് സഖാവ് മലയാളത്തിൽ സംസാരിക്കും. പക്ഷേ, പാവത്തിന് എഴുതാനും വായിക്കാനും പ്രസംഗിക്കാനും ഇംഗ്ളീഷ് തന്നെ വേണം. സ്വതന്ത്രൻ ആലോചിക്കുകയാണ്- ഉത്തരേന്ത്യയിൽ നിന്നു വരുന്ന ഐ.എ.എസ് -ഐ.പി.എസ് ഓഫീസർമാർ എത്ര വേഗമാണ് മലയാളം പഠിച്ചെടുക്കുന്നത്. രാജസ്ഥാനിൽ നിന്നുവന്ന ഋഷിരാജ് സിംഗാകട്ടെ മലയാളത്തിൽ പാട്ടും പാടും.
മലയാളം പഠിച്ചെടുക്കുകയെന്ന വിപ്ളവം പോലും ജയിക്കാൻ കഴിയാത്ത കാരാട്ട് സഖാവ് എങ്ങനെ ജനകീയ ജനാധിപത്യ വിപ്ളവം ജയിക്കും? സെക്രട്ടറിയായിരിക്കുമ്പോൾ സുസ്മേര വദനനായി തേച്ചു മിനുക്കിയ വടിവൊത്ത വേഷത്തിൽ ഡൽഹിയിൽ എ.കെ.ജി ഭവനിലേക്ക് കയറിപ്പോവുകയും വൈകിട്ട് മടങ്ങിപ്പോവുകയും ചെയ്യുന്നതിനിടെയാണ് അരവിന്ദ് കേജ്‌രിവാൾ പാർട്ടിയുണ്ടാക്കി ഡൽഹിയിൽ ഭരണം പിടിച്ചതും രണ്ട് ഫുൾ ടേം ഭരിച്ച് ഇറങ്ങിപ്പോയതും. യു.പി.എ സർക്കാരിനെ പാലം വലിച്ച സി.പി.എമ്മിന്റെ രണ്ടാം ഹിസ്റ്റോറിക്കൽ ബ്ളണ്ടറിന്റെ (ആദ്യത്തേത് ജ്യോതിബാസുവിന് വാഗ്ദാനം ചെയ്യപ്പെട്ട പ്രധാനമന്ത്രി പദം നിരസിച്ചത് ) 'ഉപജ്ഞാതാവ്' കാരാട്ട് സഖാവായിരുന്നു. ബംഗാളിലെ പാർട്ടിയുടെ പതനത്തിന്റെ തുടക്കവും സഖാവിന്റെ (പാർട്ടി) ഭരണകാലത്തായിരുന്നുവല്ലോ.
പാർട്ടിക്കു വേണ്ടി വെയിലും മഴയും കൊണ്ട് മർദ്ദനമേറ്റ് സഖാക്കൾ തീച്ചൂളയിൽ നടന്നപ്പോൾ ലോക സാഹിത്യം അരച്ചുകലക്കിക്കുടിക്കുകയായിരുന്നു കാരാട്ട് സഖാവ്. അതെന്തായാലും നല്ല കാര്യം. മനുഷ്യരോട് നന്നായി പെരുമാറാൻ പോലും നേതാക്കൾ മറന്നുവെന്ന ബേബി സഖാവിന്റെ പ്രസ്താവന എന്തായാലും കാരാട്ട് സഖാവിന് ചേരില്ല. കുലീനത്വം തുളുമ്പുന്ന മാന്യമായ പെരുമാറ്റമാണ് സഖാവിന്റെ പ്രത്യേകത.
നേതാക്കളെ സ്വഭാവ മഹിമ പഠിപ്പിക്കാൻ ഇറങ്ങിയ ബേബി സഖാവ് കേരളത്തിലെ പാർട്ടിയുടെ അവസ്ഥയിൽ പരിഹാരം ഒന്നും നിർദ്ദേശിക്കുന്നില്ല. എല്ലാം കേരളത്തിൽ തീരുമാനിക്കട്ടെ എന്നതാണ് സമീപനം. കേരളത്തിലെ ജനകീയ വിഷയങ്ങളിലും പാർട്ടി വിഷയങ്ങളിലും ഇടപെട്ടതിനേക്കാൾ സാംസ്കാരിക കാര്യങ്ങളിലാണത്രെ സഖാവിന്റെ ശ്രദ്ധ. സാഹിത്യ അക്കാഡമി ചെയർമാനെയും കലാമണ്ഡലം ചാൻസലറെയുമൊക്കെ നിർദ്ദേശിച്ച് പുലിവാൽ പിടിച്ചത് മറന്നിട്ടില്ല.
അവാർഡ് കമ്മിറ്റികളെ നിയന്ത്രിക്കുന്നതിലും ബേബി സഖാവിന് പ്രത്യേക പ്രത്യയശാസ്ത്രം ഉണ്ടത്രെ. അടുത്തിടെ മലയാള നോവലെഴുത്തുകാരിലെ രണ്ട് പ്രമുഖർ പോരടിച്ചപ്പോൾ ഒരു നിമിഷംകൊണ്ട് ബേബി സഖാവ് അത് തീർപ്പാക്കിയെന്ന് അസൂയാലുക്കൾ പറഞ്ഞു പരത്തുന്നുണ്ട്. പാർട്ടി ജനറൽ സെക്രട്ടറി കൾച്ചറൽ അഫയേഴ്സ് എന്നു പറയുന്നതാകും കൂടുതൽ ശരിയെന്ന് വിഭാഗീയ ചിന്തകർ.
അവതാരങ്ങളുടെ കാര്യം അവതരിപ്പിച്ച ബിനോയ് സഖാവിന് പിണറായി സഖാവിന്റെ കൈയിൽ നിന്ന് വയറു നിറച്ച് കിട്ടി. എൽ.ഡി.എഫ് സർക്കാർ ഭരിക്കുന്ന കാലയളവിൽ സി.പി.ഐ സെക്രട്ടറി ബിനോയ് വിശ്വം അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനോട് വ്യക്തിപരമായ ഒരഭ്യർത്ഥന നടത്തിയത്രെ- 'ചില അപ്രിയ സത്യങ്ങൾ പറയാനുണ്ട്, ഒരുമിച്ചൊന്നിരിക്കണം'.
അതിനെന്ത്? എപ്പോൾ വേണമെങ്കിലും ഇരിക്കാമല്ലോ എന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള പിണറായിയുടെ മറുപടി.
ഇതേ ആവശ്യം ബിനോയ് സഖാവ് ഒരിക്കൽക്കൂടി ആവർത്തിച്ചു. പതിവ് മറുപടി പിണറായിയും ചിരിയോടെ ആവർത്തിച്ചുവത്രെ. അത് നടന്നില്ലെന്നത് വേറെ കാര്യം. ഇത് സത്യമാണോയെന്ന് ചോദിച്ചാൽ ആയിരിക്കാമെന്നല്ലാതെ തെളിവിനെവിടെ പോകാൻ. പറയാൻ ഉദ്ദേശിച്ചത് പിണറായിക്കു ചുറ്റും അവതാരങ്ങൾ അവതരിച്ച കഥയായിരിക്കാം.
മന്ത്രിസഭയിൽ നാലു മന്ത്രിമാർ ഉള്ളതിനാൽ അവിടെ പറയാമായിരുന്ന കാര്യം എൽ.ഡി.എഫിൽ ഉന്നയിക്കാൻ പോലും ബിനോയ് മടിച്ചു. എന്തിന് വല്യേട്ടനും അനുജനും ചേർന്നുള്ള ഉഭയകക്ഷി ചർച്ചകളിൽപോലും കമാന്ന് ഒരക്ഷരം മിണ്ടിയില്ല. പശുവും ചത്തു മോരിലെ പുളിയും പോയി. എന്നിട്ടിപ്പോൾ അവതാര കഥ പറഞ്ഞിട്ട് എന്തുകാര്യം?
തിരുത്തൽ ശക്തിയെന്ന പഴയ പദവി നിലനിറുത്താൻ കഴിയാതെയാണ് സി.പി.ഐ ഇപ്പോൾ പ്രതിപക്ഷ ഉപനേതൃപദം വേണമെന്ന് ആവേശം കാട്ടുന്നത്. കിട്ടുമോയെന്ന് കണ്ടുതന്നെ കാണണം. പി.എം ശ്രീ, എലപ്പുള്ളി ബ്രൂവറി, എം.ആർ.അജിത് കുമാർ, ഫുൾ ടേം രാജ്യസഭാ സീറ്റ് തുടങ്ങിയ വിഷയങ്ങൾ മുന്നണിയിൽ ഉന്നയിച്ച വീരകഥകൾ പാർട്ടി പി.ആർമാർ പാടി നടക്കുന്നുണ്ടെന്ന കാര്യം ബിനോയ് വിമർശകർ മറക്കരുത്.
സി.പി.എം ഇപ്പോൾ തെറ്റു തിരുത്തലിന്റെ വഴിയിലാണ്. പാവം പാർട്ടി. എല്ലാ പഴിയും പാർട്ടിക്ക്. ആര് ആരെ തിരുത്തുമെന്ന ചോദ്യം ചോദ്യമായി അവശേഷിക്കും. തെറ്റ് ചെയ്ത ജ്ഞാത അജ്ഞാത ശക്തികൾക്ക് ആകെ ഒരു പേരെ ഉള്ളൂ- പാർട്ടി. കഴിഞ്ഞ ദിവസം പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറി ഒരു ഓർമ്മ ദിനക്കുറിപ്പ് ഫേസ് ബുക്കിലിട്ടു. ടി.പി കേസ് പ്രതിയായിരുന്ന പി.കെ.കുഞ്ഞനന്തന്റെ അനുസ്മരണക്കുറിപ്പ്. ഏതാനും വാക്കുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു. പക്ഷേ, അതിനടിയിൽ വന്ന കമന്റുകൾ കണ്ട് ആ പോസ്റ്റ് ഇടേണ്ടിയിരുന്നില്ല എന്ന് സെക്രട്ടറിക്ക് ഒരുപക്ഷേ, തോന്നിയിട്ടുണ്ടാകും. 'എടുത്ത് ഉടുത്തു' എന്നൊക്കെ പുതിയ ഭാഷയിൽ പറയില്ലേ. അമ്മാതിരി എരിവും പുളിയും ചേർത്ത കമന്റുകൾ. വിപ്ളവം അതിന്റെ കുഞ്ഞുങ്ങളെ
ഭക്ഷിക്കുമെന്ന് ആരോ പറഞ്ഞിട്ടുണ്ടത്രെ. പറഞ്ഞിട്ടുണ്ടോ? അല്ലെങ്കിൽ പറഞ്ഞാലെന്ത്? ഇല്ലെങ്കിലെന്ത്?
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |