SignIn
Kerala Kaumudi Online
Monday, 13 July 2026 12.14 AM IST

ട്രോളിംഗ് നിരോധനത്തിന്റെ ഗുണഫലം ലഭിക്കാൻ

1

മത്സ്യസമ്പത്തിന്റെ ശോഷണം തടയാൻ ലക്ഷ്യമിട്ടുള്ള ഈ സീസണിലെ ട്രോളിംഗ് നിരോധനം കേരളത്തിൽ തുടരുകയാണ്. മത്സ്യസമ്പത്തിന്റെ സുസ്ഥിരമായ ഉപയോഗം എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പ്പായാണ് 90 ദിവസത്തെ ട്രോളിംഗ് നിരോധനം എന്ന ആശയം 1988 മുതൽ കേരളം നടപ്പിലാക്കിയത്. ഈ മാതൃകയിൽ മറ്റു സംസ്ഥാനങ്ങളടക്കം 61 ദിവസത്തെ സമ്പൂർണ മത്സ്യബന്ധന നിരോധനം ഏർപ്പെടുത്തിയപ്പോൾ പിന്നീട് കേരളം ട്രോളിംഗ് നിരോധനം 52 ദിവസത്തേക്കാക്കി പരിമിതപ്പെടുത്തി. യന്ത്രവത്കൃത യാനങ്ങൾക്കും ട്രോൾ വലകളുടെ ഉപയോഗത്തിനും മാത്രമായി 52 ദിവസത്തെ നിരോധനം വരാൻ, ശാസ്ത്രീയ പഠനങ്ങളേക്കാളുപരി സാമൂഹികമായ കാരണങ്ങളായിരുന്നു എന്നുവേണം മനസിലാക്കാൻ.

നിരോധനത്തിന് മുമ്പുള്ള 27 വർഷത്തെ മത്സ്യബന്ധനവും നിരോധനത്തിന് ശേഷമുള്ള 25 വർഷത്തെ മത്സ്യബന്ധന വിവരങ്ങളും പരിശോധിച്ച വിദഗ്ദ്ധ സമിതി റിപ്പോർട്ട് പ്രകാരം നിരോധനത്തിന്റെ ഗുണഫലം പത്തുവർഷംവരെ വർദ്ധിച്ചതോതിൽ ലഭിച്ചുവെങ്കിലും പിന്നീട് മൂന്നുവർഷശേഷം കുറഞ്ഞതായും കണ്ടെത്തി. യന്ത്രവത്കൃതമല്ലാത്ത പരമ്പരാഗത യാനങ്ങൾ ഉപരിതല മത്സ്യങ്ങളെയാണ് പിടിക്കുന്നത് എന്നതിനാൽ അവരുടെ മത്സ്യബന്ധനം നിരോധിക്കേണ്ടതില്ല എന്നാണ് സമിതി ശുപാർശ ചെയ്തത്.

60 ദിവസം നീണ്ടുനിൽക്കുന്ന നിരോധനമാണ് നല്ലതെന്ന സമിതിയുടെ നിർദ്ദേശത്തിന്റെ വെളിച്ചത്തിൽ നിലവിലെ നിരോധനം 60 ദിവസമായി നീട്ടണമെന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ആവശ്യവും ശാസ്ത്രീയമാണ്. നിലവിലുള്ള നിരോധനം സമുദ്രാടിത്തട്ടിലുള്ള ജീവികളെയും മത്സ്യങ്ങളെയും മാത്രമേ സംരക്ഷിക്കൂ. ഉപരിതലത്തിൽ ജീവിക്കുന്ന മത്സ്യങ്ങളുടെ പ്രജനനകാലത്ത് അവ സംരക്ഷിക്കപ്പെടേണ്ടതാണ്.

ആയതിനാൽ റിംഗ് സീൻ അഥവാ താങ്ങുവലകൾ ഉപയോഗിച്ചുള്ള മത്സ്യബന്ധനം ഏപ്രിൽ- മേയ് മാസങ്ങളിലായി 60 ദിവസം നിരോധിക്കണം എന്ന സമിതിയുടെ നിർദ്ദേശം ചർച്ച ചെയ്യപ്പെടേണ്ടതാണ്. ഈ ഒരൊറ്റ വല കൊണ്ടുമാത്രം ഒരു പ്രജനന മത്സ്യക്കൂട്ടത്തിനെ മുഴുവനായും പിടിച്ചെടുക്കാനാകുമെന്നതാണ് യാഥാർത്ഥ്യം. ഈ രീതിക്ക് നിയന്ത്രണം കൊണ്ടുവന്നില്ലെങ്കിൽ നമ്മുടെ മത്സ്യസമ്പത്ത് പുതുതലമുറയ്ക്കായി കാത്തുസൂക്ഷിക്കുന്നതിൽ നമ്മൾ പരാജയപ്പെടും.

എൽ.ഇ.ഡി ലൈറ്റ് ഉപയോഗിച്ചുള്ള മത്സ്യബന്ധനം കേന്ദ്ര, കേരള സർക്കാരുകൾ നിരോധിച്ചതാണ്. എങ്കിലും 2,000 മുതൽ 6,000 വാട്ട് വരെയുള്ള എൽ.ഇ.ഡി ലൈറ്റ് ഉപയോഗിച്ചുള്ള മത്സ്യബന്ധനം നടക്കുന്നുണ്ട്. കൂടുതലും അന്യസംസ്ഥാനക്കാരാണ് പി​ന്നി​ലെന്നാണ് തദ്ദേശീയ മത്സ്യത്തൊഴിലാളികളുടെ വാദം. വലിയ വെളിച്ചത്തിൽ ആകൃഷ്ടരായെത്തുന്ന സൂക്ഷ്മജീവികളെയും ചെറുതും വലുതുമായ മത്സ്യങ്ങളെയും മറ്റു ജീവികളെയും ഒന്നായിട്ട് നശിപ്പിക്കുന്ന അത്യധികം വിനാശകരമായ ഒരു മത്സ്യബന്ധന രീതിയാണിത്. ഇത് പൂർണമായും നിറുത്തലാക്കി,​ താങ്ങുവലകളുടെ വലിപ്പം നിയന്ത്രിച്ച് മാത്രമേ ട്രോളിംഗ് നിരോധനത്തിന്റെ ഗുണഫലം കേരളതീരത്തിന് ലഭിക്കൂ.

(കേരള യൂണിവേഴ്സിറ്റി ഒഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് (കുഫോസ്) ഫിഷറീസ് റിസോഴ്സ് മാനേജ്മെന്റ് വകുപ്പ് തലവനും ഫാക്കൽറ്റി ഒഫ് ഫിഷറീസ് എൻജിനിയറിംഗ് ഡീൻ ഇൻ ചാർജുമാണ് ലേഖകൻ)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TROLLING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION