SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.48 AM IST

ദ്രാവിഡ ചരിത്രം തിരുത്തി വിജയ്

a

ദ്രാവിഡ കക്ഷിയിൽ അംഗമല്ലാത്ത ഒരാൾ ഇതാദ്യമായി തമിഴ്‌നാടിന്റെ മുതലമൈച്ചർ ആകാൻ പോകുകയാണ്. ആറ് പതിറ്റാണ്ട് നീണ്ട ദ്രാവിഡ പാർട്ടി മേൽക്കോയ്മ തിരുത്തിക്കുറിച്ചാണ് വെള്ളിത്തിരയിലെ വീരനായകൻ സി. ജോസഫ് വിജയ് ചരിത്രം രചിക്കുന്നത്. പണം കൊടുത്ത് വാങ്ങേണ്ടതല്ല സമ്മതിദാനാവകാശം എന്ന് തെളിയിച്ചതാണ് വിജയ്‌യുടെ ഏറ്റവും വലിയ വിജയം. പണം വാങ്ങുകയും ഇഷ്ടമുള്ളവർക്ക് വോട്ട് ചെയ്യുകയും ചെയ്യുക എന്നത് തമിഴ്‌നാട്ടിലെ സാധാരണ വോട്ടർമാർക്കിടയിൽ ഒന്നര ദശാബ്ദത്തിലേറെയായി നടന്നുവന്ന സാധാരണ രീതിയാണ്. യഥാർത്ഥത്തിൽ ജനാധിപത്യത്തെ വിലകൊടുക്കുന്നതിന് തുല്യമായ ഈ രീതി വേണ്ടെന്ന് വച്ചതിലൂടെ ഒരു പുതിയ യുഗത്തിന് കൂടി തുടക്കമിട്ടിരിക്കുകയാണ് ഇളയ ദളപതി.

ദ്രാവിഡം എന്ന നാമം ഉൾപ്പെടുത്തിയിട്ടില്ലാത്ത ഒരു പാർട്ടിയാണ് വിജയ് രൂപീകരിച്ചത്- ടി.വി.കെ എന്ന മൂന്നക്ഷരമുള്ള തമിഴ് വെട്രി കഴകം. രാഷ്ട്രീയത്തിൽ എതിർസ്ഥാനത്ത് വിജയ് കാണുന്നത് ഡി.എം.കെയാണ്. ആശയപരമായി ശത്രുസ്ഥാനത്ത് കാണുന്നത് ബി.ജെ.പിയെയും. ദേശീയകക്ഷി എന്ന നിലയിൽ കോൺഗ്രസിന് പ്രസക്തിയുണ്ടെന്ന് അംഗീകരിക്കുമ്പോഴും തമിഴ്‌നാട്ടിലെ കോൺഗ്രസ് ഡി.എം.കെയുടെ പോക്കറ്റിലാണെന്നാണ് വിജയ് കുറ്റപ്പെടുത്തിയിട്ടുള്ളത്. തമിഴ്‌നാട്ടിൽ കേവല ഭൂരിപക്ഷമായ 118ലേക്ക് തമിഴക വെട്രി കഴകത്തിന് എത്താനായിട്ടില്ല. എന്നാൽ, ആദ്യ തിരഞ്ഞെടുപ്പിനെ നേരിട്ട്, രണ്ടുവർഷം മുമ്പ് മാത്രം രൂപീകരിക്കപ്പെട്ട രാഷ്ട്രീയ കക്ഷിയായ ടി.വി.കെ 107 സീറ്റോടെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയിരിക്കുകയാണ്. അഞ്ചു സീറ്റുള്ള കോൺഗ്രസിന്റെയും ചെറുകക്ഷികളുടെയും പിന്തുണയോടെ മന്ത്രിസഭ ഉണ്ടാക്കാനാണ് ടി.വി.കെയുടെ ശ്രമം. ടി.വി.കെ ഇത്രയും വലിയ നേട്ടം തമിഴ്‌‌നാട്ടിൽ ഉണ്ടാക്കുമെന്ന് ആരും പ്രവചിച്ചിരുന്നില്ല. ദ്രാവിഡ കക്ഷികൾ പ്രത്യേകിച്ച്, ഭരണത്തിലിരുന്ന സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി.എം.കെ, വിജയ്‌യെ വിലകുറച്ചാണ് കണ്ടത്. ദേശീയ കക്ഷികളോട് അത് ബി.ജെ.പി ആയാലും കോൺഗ്രസ് ആയാലും കാര്യമായ അടുപ്പം സൃഷ്ടിക്കാൻ തമിഴ് ജനത ഒരിക്കലും തയ്യാറായിട്ടില്ല.

ദേശീയ കക്ഷികളുമായി ചേർന്ന് നിൽക്കുന്നത് തമിഴ്‌നാടിന്റെ താത്‌പര്യങ്ങൾ സംരക്ഷിക്കാനുതകില്ലെന്ന വിശ്വാസം അവിടത്തെ ജനങ്ങളിൽ രൂഢമൂലമായി ഉറച്ചുപോയിരിക്കുന്ന ഒന്നാണ്. ഈ പശ്ചാത്തലത്തിലാണ് ഒരുമാറ്റം വേണമെന്ന ആഹ്വാനവുമായി വിജയ് രംഗപ്രവേശം ചെയ്തത്. കരൂരിലെ ജനറാലിക്കിടയിലുണ്ടായ തിക്കിലും തിരക്കിലും 41പേർ മരണമടഞ്ഞ സംഭവം വിജയ്‌യുടെ താരപ്രഭാവത്തിന് മങ്ങലേൽപ്പിക്കുമെന്നും രാഷ്ട്രീയമായ തിരിച്ചടിക്ക് അത് വഴിവയ്ക്കുമെന്നും പലരും പ്രവചിച്ചെങ്കിലും അതൊന്നുമുണ്ടായില്ലെന്ന് മാത്രമല്ല, ഇലക്‌ഷൻ അടുക്കുന്തോറും 'വിജയ് ഫാക്ടർ' അതിശക്തമായ സ്വാധീനമായി മാറുകയാണുണ്ടായത്. വിവിധ പാർട്ടികളുടെ വോട്ടുകൾ പ്രത്യേകിച്ചും അണ്ണാ ഡി.എം.കെയുടെയും ബി.ജെ.പിയുടെയും വോട്ടുകൾ വ്യാപകമായി ടി.വി.കെ സ്ഥാനാർത്ഥികൾക്ക് ലഭിച്ചു. ഇതിനൊപ്പം ഡി.എം.കെ വോട്ടുകളിലും കാര്യമായ ചോർച്ച ഉണ്ടായി. തമിഴ് ജനതയുടെ മനസ്സറിഞ്ഞ് പറഞ്ഞ മാസ് ഡയലോഗുകൾ വോട്ടായി മാറാൻ വിജയ്‌യെ സഹായിച്ചെന്ന് വേണം കരുതാൻ.

വിജയ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുന്നിടത്തൊക്കെ തിങ്ങിക്കൂടിയ ജനക്കൂട്ടത്തെ താരാരാധനമൂത്ത വെറും ആൾക്കൂട്ടമെന്നാണ് ഇരു ദ്രാവിഡ പാർട്ടികളും പരിഹസിച്ചത്. എതിരാളി, അതെത്ര നിസാരനാണെങ്കിൽ കൂടി ഒരിക്കലും ഒരു ഇലക്‌ഷൻ യുദ്ധത്തിൽ വിലകുറച്ച് കാണരുത് എന്ന രാഷ്ട്രീയ പാഠം കൂടിയാണ് ടി.വി.കെയുടെ വിജയം പകരുന്നത്. സ്റ്റാലിന്റെ ധാർഷ്ട്യത്തിന് കിട്ടിയ കനത്ത തിരിച്ചടിയും. എം.ജി.ആറിന് ശേഷം സമാനമായ ഒരു താരോദയമാണ് വിജയ്‌യിലൂടെ തമിഴ്‌‌നാട്ടിൽ സംഭവിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയായ ശേഷം എം.ജി.ആറിന്റെ അണ്ണാ ഡി.എം.കെ ഒരിക്കൽപ്പോലും തമിഴ്‌നാട്ടിൽ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടില്ല. അതുപോലെ ഒരു ആജീവനാന്ത മുഖ്യമന്ത്രിയായി വിജയ് മാറില്ല എന്ന് പറയാനാകില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY