സർക്കാരിന്റെ പണം എന്നത് ജനങ്ങൾ നല്കുന്ന നികുതിപ്പണമാണല്ലോ. ആ നികുതിപ്പണം പ്രയോജനമില്ലാതെ പാഴായിപ്പോകുന്നത് ഒഴിവാക്കാൻ ഉദ്ദേശിച്ചുള്ളത് ഉൾപ്പെടെ ഭരണപരിഷ്കാരവുമായി ബന്ധപ്പെട്ട അഞ്ച് കാര്യങ്ങൾ എത്രയും വേഗം നടപ്പാക്കാൻ കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. യോഗ തീരുമാനങ്ങൾ വാർത്താസമ്മേളനത്തിൽ വിശദീകരിച്ച മുഖ്യമന്ത്രി വി.ഡി.സതീശൻ, അക്കൂട്ടത്തിൽ സർക്കാർ പണം തിന്നുമുടിക്കുന്ന 591 'വെള്ളാന'കളുടെ കാര്യം എടുത്തുപറഞ്ഞു. വെള്ളാന എന്നത് ഇംഗ്ളീഷ് പ്രയോഗമാണെങ്കിലും (വൈറ്റ് എലഫന്റ്) അതിന്റെ വിശ്വരൂപം മനസിലാക്കാൻ സംസ്ഥാന സർക്കാരിനു കീഴിലുള്ള നൂറുകണക്കിന് ബോർഡുകളുടെയും കോർപ്പറേഷനുകളുടെയും സമിതികളുടെയും പ്രവർത്തനം പരിശോധിച്ചാൽ മതിയാകും! മുഖ്യമന്ത്രി തന്നെ വെളിപ്പെടുത്തിയ കണക്കനുസരിച്ച്, ഇപ്പോഴത്തെ നിലയിൽ കാര്യമായ പ്രയോജനമൊന്നുമില്ലാതെ പ്രവർത്തിക്കുന്ന ഈ 591 സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവർക്ക് പ്രതിവർഷം ശമ്പള ഇനത്തിൽ നൽകേണ്ടത് 19,000 കോടി രൂപയാണ്! കേരളത്തെ 'വെള്ളാനകളുടെ നാട്" എന്നു തന്നെയല്ലേ വിളിക്കേണ്ടതെന്ന് ആർക്കും തോന്നിപ്പോകും!
പണ്ട്, ചില ചക്രവർത്തിമാർ ഐശ്വര്യത്തിന്റെ ലക്ഷണമായി വെള്ളാനകളെ തീറ്റിപ്പോറ്രിയിരുന്നത്രേ. ആഡംബരചിഹ്നം എന്നതിനപ്പുറം, ഇവയെക്കൊണ്ട് കാൽക്കാശിന്റെ പ്രയോജനമുണ്ടാകില്ല. അങ്ങനെയാണ്, പ്രയോജനമോ നേട്ടമോ ഇല്ലാത്ത സർക്കാർ സ്ഥാപനങ്ങൾക്ക് വെള്ളാനകൾ എന്ന് വിളിപ്പേരു കിട്ടിയത്. ഇത്തരം സ്ഥാപനങ്ങളുടെ നിലവിലെ പ്രയോജനപരത വിലയിരുത്തി അവയെ വേണ്ടെന്നുവയ്ക്കാനോ, സമാന പ്രവൃത്തി ചെയ്യുന്ന മറ്റ് സ്ഥാപനങ്ങളുമായി യോജിപ്പിക്കുവാനോ, ബന്ധപ്പെട്ട വകുപ്പുമായി കൂട്ടിച്ചേർക്കുവാനോ ആണ് സ്പെഷ്യൽ അസറ്റ് രജിസ്ട്രി എന്ന പുതിയ സംവിധാനംകൊണ്ട് ഉദ്ദേശിക്കുന്നത്. പ്രത്യേക പോർട്ടൽ വഴി സർക്കാരിന്റെ മൊത്തം ആസ്തിവകകളുടെ കണക്കെടുക്കുകയാണ് ആദ്യപടി. സംസ്ഥാനം ഒരു വർഷം എടുക്കുന്ന കടം 39,000 കോടി രൂപയായിരിക്കെ, പ്രയോജനമില്ലാത്ത സ്ഥാപനങ്ങൾ ശമ്പള ഇനത്തിൽ മാത്രം അതിന്റെ പകുതിയിൽ കൂടുതലും വിഴുങ്ങുന്ന ദുരവസ്ഥയെ ഭീകരം എന്നുതന്നെ വിളിക്കണം.
വെള്ളാനകൾ വരുത്തുന്ന ശമ്പളബാദ്ധ്യതയുടെ കണക്കു മാത്രമാണ് നേരത്തേ പറഞ്ഞത്. കെട്ടിടവാടക, ഔദ്യോഗിക വാഹനങ്ങൾ, അലവൻസുകൾ, യാത്രാബത്ത, മേധാവികളുടെ വിദേശയാത്രാ ചെലവ് തുടങ്ങി കാക്കത്തൊള്ളായിരം ഇനങ്ങളിലായി വേറെ എത്രയോ കോടി കൂടി ഇവ തിന്നുമുടിക്കുന്നുണ്ടാവും! ഇത്തരം സ്ഥാപനങ്ങളിൽ പലതും ഓരോ കാലത്ത് പ്രത്യേക ഉദ്ദേശ്യത്തോടുകൂടി രൂപീകരിച്ചവയും, എത്രയോ വർഷങ്ങൾക്ക് മുമ്പുതന്നെ ആ ലക്ഷ്യം കൈവരിച്ചവയുമായിരിക്കും. എത്രകാലത്തേയ്ക്ക് എന്ന് മുൻകൂട്ടി നിശ്ചയിച്ചിട്ടില്ലാത്തതുകൊണ്ട് അവ അങ്ങനെതന്നെ പണംതീനികളായി തുടരുന്നു എന്നേയുള്ളൂ. ഉദ്യോഗത്തിൽ തുടരുമ്പോൾത്തന്നെ വിശ്രമജീവിതം നയിക്കാൻ ആഗ്രഹവും, അവിടേയ്ക്ക് ഡെപ്യൂട്ടേഷൻ തരപ്പെടുത്താൻ പിടിപാടുമുള്ളവർ ഈ വെള്ളാനകളുടെ തണലിൽ സസുഖം വാഴുന്നു.
ഈ പാഴ്ച്ചെലവിന് വിരാമമിടുന്നതാണ് സർക്കാരിന്റെ പരിഷ്കാരപദ്ധതി. സാക്ഷരതാ മിഷൻ, റീബിൽഡ് കേരള, എയ്ഡ്സ് കൺട്രോൾ സൊസൈറ്റി, നിർമ്മിതി കേന്ദ്ര, ബുക്ക്മാർക്ക് തുടങ്ങിയ സ്ഥാപനങ്ങളൊക്കെ മുഖ്യമന്ത്രി സൂചിപ്പിച്ച വെള്ളാനകളുടെ പട്ടികയിലുണ്ട്. ഇവയൊക്കെ ഓരോ ആവശ്യം മുൻനിറുത്തി അക്കാലത്ത് ആരംഭിച്ചവയാണ് എന്നത് നേരുതന്നെ. പക്ഷേ, നിലവിൽ ഇവയുടെ പ്രയോജനമാണ് പരിശോധിക്കേണ്ടത്. നാമമാത്രമായ പ്രവൃത്തിയേ അവയ്ക്ക് ഇപ്പോൾ നിർവഹിക്കാനുള്ളൂവെങ്കിൽ അത്തരം സ്ഥാപനങ്ങൾ നിറുത്തലാക്കി, ആ ജോലി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറുന്നതിൽ ഒരു തരക്കേടുമില്ല. അങ്ങനെ മിച്ചംവരുന്ന പണം ഭരണകാര്യക്ഷമത മെച്ചപ്പെടുത്താനും വികസനപ്രവർത്തനങ്ങൾക്കും വിനിയോഗിക്കുകയും ചെയ്യാം. തൊഴിൽസംബന്ധമായ വിഷയങ്ങൾ കൂടി പരിശോധിച്ച് വ്യവഹാരങ്ങൾക്ക് ഇടവരുത്താത്ത വിധത്തിൽ പരിഷ്കാരം നടപ്പാക്കണമെന്നു മാത്രം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |