SignIn
Kerala Kaumudi Online
Wednesday, 12 August 2026 3.47 PM IST

സെയിൽസ് ഗേളിൽ നിന്ന് കോടികളുടെ ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമയിലേക്ക്; റോൾ മോഡലാകുന്ന റൊണാൾഡോയുടെ ഭാര്യ

cristiano-ronaldo
ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജിന റോഡ്രിഗസും

പത്തുവർഷത്തെ പ്രണയത്തിനും ഒരുമിച്ചുള്ള ജീവിതത്തിനുമൊടുവിൽ ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും പങ്കാളി ജോർജിന റോഡ്രിഗസും വിവാഹിതരായിരിക്കുകയാണ്. പോർച്ചുഗല്ലിലെ കാസ്കെയ്സിൽ നടന്ന സ്വകാര്യ ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. 2016 മുതൽ റൊണാൾഡോയും ജോർജിനയും പ്രണയത്തിലായിരുന്നു. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് ഇരുവരും വിവാഹ വാർത്ത പുറത്തുവിട്ടത്. ദമ്പതികൾക്കിടയിൽ ഏറ്റവും പ്രശസ്തൻ റൊണാൾഡോ ആണെങ്കിലും ജോർജിനയും ചില്ലറക്കാരിയല്ല. പത്തുവർഷത്തിനിടെ മൾട്ടി മില്യൺ ഡോളർ ബ്രാൻഡാണ് ജോർജിന് പടുത്തുയർത്തിയത്.

ആരാണ് ജോർജിന റോഡ്രിഗസ്

സ്‌പാനിഷ് മോഡൽ,​ ഇൻഫ്ളുവൻസർ,​ നർത്തകി,​ സംരംഭക എന്നീ നിലകളിൽ പ്രശസ്തയാണ് ജോ‌ർജിന. അർജന്റീനയിലെ ബ്യൂണസ് അയേഴ്‌സിലാണ് അവർ ജനിച്ചത്. കുഞ്ഞായിരുന്നപ്പോൾ ജോർജിനയുടെ കുടുംബം സ‌്‌പെയിനിലെ ജാക്കയിലേയ്ക്ക് കുടിയേറി. പിന്നീട് ജോലിയന്വേഷിച്ച് ജോർജിന മഡ്രിഡിലെത്തി. കുട്ടിക്കാലം മുതൽതന്നെ നൃത്തത്തോട് കമ്പമുണ്ടായിരുന്ന ജോർജിന ബല്ലെറിനയും അഭ്യസിച്ചിരുന്നു.

തുടക്കം സെയിൽസ്‌ഗേളായി

2016ൽ റൊണാൾഡോയെ ആദ്യമായി കണ്ടുമുട്ടുന്നതിന് മുൻപ് മഡ്രിഡിലെ ഗുച്ചി സ്റ്റോറിൽ സെയിൽസ്‌ഗേളായി ജോലി ചെയ്യുകയായിരുന്നു ജോർജിന. ഒരുദിവസം സാക്ഷാൽ റൊണാൾഡോ ഈ കടയിലെത്തി. റിയൽ മഡ്രിഡ് താരമായിരുന്നു റൊണാൾഡോ അന്ന്. അങ്ങനെയായിരുന്നു ഇരുവരും കണ്ടുമുട്ടിയത്. ഈ സമയം ക്രിസ്റ്റ്യാനോ ജൂനിയറുടെയും ഇരട്ടകളായ ഇവ മരിയയുടെയും മറ്റിയോയുടെയും പിതാവായിരുന്നു റൊണാൾഡോ.

ഫാഷൻ ലോകത്തേയ്ക്ക്

റൊണാൾഡോയെ കണ്ടുമുട്ടിയതിന് പിന്നാലെ ജോർജിന മോഡലിംഗ് ലോകത്തേയ്ക്ക് ചുവടുവച്ചു. വലിയ ഫാഷൻ ബ്രാൻഡുകളുടെ മുഖമായി മാറി. ഗുച്ചി, പ്രാഡ, ചനാൽ തുടങ്ങിയ ബ്രാൻഡുകളുമായി ചേർന്ന് അവർ പ്രവർത്തിച്ചു. അന്താരാഷ്ട്ര മാഗസിനുകളായ വോഗ്, ഹാർപേഴ്‌സ് ബസാർ, എല്ലി തുടങ്ങിയവയുടെ കവർ ചിത്രമായും മാറി. ലോകപ്രശസ്ത സെലിബ്രിറ്റിയുടെ പങ്കാളിയെന്ന പേരിൽ നിന്ന് ഫാഷൻ ഐക്കണായി ജോർജിന മാറുകയായിരുന്നു.

സോഷ്യൽ മീഡിയയിലെ പ്രമുഖ മുഖം

ജോർജിനയുടെ പ്രശസ്തി വർദ്ധിപ്പിച്ചതിൽ ഏറ്റവും വലിയ പങ്ക് വഹിക്കുന്ന ഘടകങ്ങളിലൊന്ന് അവരുടെ സോഷ്യൽ മീഡിയ സാന്നിധ്യമാണ്. ഇൻസ്റ്റാഗ്രാമിൽ 77 മില്യൺ ഫോളോവേഴ്‌സാണ് അവർക്കുള്ളത്. ബ്രാൻഡ് പാ‌ർട്ട്‌ണർഷിപ്പ്, സ്പോൺസർ ചെയ്യുന്ന പോസ്റ്റുകൾ, ആഡംബര, സൗന്ദര്യ ലേബലുകളുമായുള്ള സഹകരണം എന്നിവ അവരുടെ വരുമാനത്തിന് വലിയ സംഭാവന നൽകുന്നു.

ഐ ആം ജോ‌ർജിന

ജോർജിനയുടെ ജീവിതത്തെ ആസ്‌പദമാക്കിയുള്ള 'ഐ ആം ജോർജിന' എന്ന നെറ്റ്‌ഫ്ളിക്‌സ് പരമ്പര വലിയ ഹിറ്റായി മാറി. 2022ൽ പുറത്തിറങ്ങിയ ഈ പരമ്പരയുടെ ഹൈലൈറ്റ് പങ്കാളി,​ അമ്മ,​ സംരംഭക തുടങ്ങിയ നിലകളിലെ ജോ‌ർജിനയുടെ ജീവിതമായിരുന്നു. മൂന്ന് സീസണുകളായിരുന്നു പരമ്പരയ്ക്കുണ്ടായിരുന്നത്. പരമ്പര പുറത്തിറങ്ങിയതോടെ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ എന്ന നിലയിൽ നിന്ന് മുഖ്യധാര മാദ്ധ്യമ വ്യക്തിത്വമായി ജോർജിന മാറി.

ബിസിനസ് സംരംഭങ്ങളും നിക്ഷേപങ്ങളും

2021ൽ ഒഎം ബൈ എന്ന തന്റെ സ്വന്തം ഫാഷൻ ബ്രാൻഡ് ജോർജിന അവതരിപ്പിച്ചു. റൊണാൾഡോയുമൊത്ത് ഹെയർ റിസ്റ്റോറേഷൻ കമ്പനിയായ ഇൻസ്‌പാരിയയും സ്ഥാപിച്ചു. നിലവിൽ പത്ത് മില്യൺ ഡോളറാണ് ജോർജിനയുടെ ആസ്തിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. റൊണാൾഡോയുടെ രണ്ട് കുട്ടികളുടെ അമ്മ കൂടിയാണ് ജോർജിന. അലാന മാർട്ടിന, ബെല്ല എസ്‌മെറാൾഡ എന്നാണ് മക്കളുടെ പേര്.

English Summary

Football star Cristiano Ronaldo and Georgina Rodriguez are married after a ten-year relationship. The private ceremony took place in Cascais, Portugal, with the couple sharing the news on social media. Rodriguez is a prominent Spanish model, influencer, and entrepreneur who has built a multi-million dollar brand.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRISTIANO RONALDO, CRISTIANO RONALDO WEDDING, GEORGINA RODRIGUEZ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360