SignIn
Kerala Kaumudi Online
Tuesday, 28 July 2026 5.38 PM IST

വൈകിപ്പോയി; ഇനിയും വൈകാതിരുന്നാൽ മതി!

READ ENGLISH VERSION

s

ശബരി റെയിൽ പദ്ധതിയുടെ പകുതി ചെലവ് വഹിക്കാനും ഇതിനായി 1900 കോടി രൂപ കിഫ്‌ബി വഴി നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കുന്നു. രണ്ടാം പിണറായി സർക്കാരിന്റെ തുടക്കത്തിൽത്തന്നെ ഈ തീരുമാനം എടുത്തിരുന്നെങ്കിൽ ഈ പാത ഇതിനകം യാഥാർത്ഥ്യമാകുമായിരുന്നു. സംസ്ഥാനം ചെയ്യാനുള്ളത് ചെയ്യാതെ കേന്ദ്രത്തിനെ കുറ്റം പറഞ്ഞുകൊണ്ടിരുന്നാൽ പദ്ധതി അനന്തമായി നീണ്ടുപോകുമെന്നല്ലാതെ മറ്റ് പ്രയോജനമൊന്നുമുണ്ടാകില്ല എന്ന് ബോദ്ധ്യപ്പെടുത്തുന്നതു കൂടിയാണ് അങ്കമാലി - എരുമേലി ശബരി റെയിൽ പദ്ധതിയുടെ വൈകൽ. ഇനി അതൊന്നും പറഞ്ഞിട്ട് കാര്യമില്ല. 'ലേറ്റായി വന്നാലും ലേറ്റസ്റ്റായാൽ മതി" എന്ന് സമാധാനിക്കാം. പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിക്കാൻ റവന്യു അധികൃതർക്ക് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇക്കാര്യം കേന്ദ്ര റെയിൽ മന്ത്രാലയത്തെ അറിയിക്കാനും മന്ത്രിസഭ തീരുമാനിച്ചു.

മൂന്ന് പതിറ്റാണ്ടായി കേരളം കാത്തിരിക്കുന്നതാണ് ശബരി പാത. ഇപ്പോൾ സർക്കാർ അനുവദിച്ചിരിക്കുന്ന തുക ഉപയോഗിച്ച് എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലായി 303.58 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതായിരിക്കും. അതോടെ റെയിൽവേയ്ക്ക് നിർമ്മാണം തുടങ്ങാനാവും. ഭൂമിയേറ്റെടുക്കലിന് 1361 കോടിയും,​ നിർമ്മാണത്തിന് 2439.93 കോടിയുമാണ് ചെലവ്. 1997- 98 ലെ റെയിൽവേ ബഡ്‌ജറ്റിൽ പ്രഖ്യാപിച്ച ശബരി പാത വൈകിച്ചതിൽ പല ലോബികൾക്കും പങ്കുണ്ട്. കേന്ദ്ര പദ്ധതികൾ മറ്റു സംസ്ഥാനങ്ങളെല്ലാം പൂർത്തിയാക്കിയതിനു ശേഷമായിരിക്കും കേരളം തുടങ്ങുന്നത്. ഭരണമാറ്റവും,​ ഭരണത്തിൽ വരുന്ന രാഷ്ട്രീയ കക്ഷികളുടെ മാറ്റവുമൊന്നും വികസന പ്രവർത്തനങ്ങളെ ബാധിക്കാൻ മറ്റ് സംസ്ഥാനങ്ങൾ അനുവദിക്കാറില്ല. എന്നാൽ രാഷ്ട്രീയത്തിന്റെ അമിതവും അന്ധവുമായ സ്വാധീനം കാരണം കേരളത്തിൽ വികസന പദ്ധതികൾ മുന്നോട്ടു പോകാറില്ല എന്നതായിരുന്നു വർഷങ്ങളായുള്ള സ്ഥിതി.

അടുത്തകാലത്തായി ഇതിൽ മാറ്റം വന്നു തുടങ്ങിയിട്ടുണ്ട്. വിഴിഞ്ഞത്തെ എതിർത്തവർ തന്നെ അത് പൂർത്തിയാക്കുകയും കേരളത്തിന്റെ വികസന നേട്ടമായി അവതരിപ്പിക്കുകയും ചെയ്യുന്നതൊക്കെ ഇതിന്റെ ഭാഗമാണ്. ശബരി പാത മുന്നോട്ട് കൊണ്ടുപോകുന്നതിന്റെ ഉത്തരവാദിത്വം അടുത്ത സർക്കാരിലാവും നിക്ഷിപ്തമാവുക. അത് ഏതു സർക്കാരായാലും ഈ പാത പൂർത്തിയാക്കുന്നതിൽ അലംഭാവം കാണിക്കില്ലെന്നുതന്നെ പ്രതീക്ഷിക്കാം. ശബരി പാത‌യ്ക്കായി ഇടുക്കി, കോട്ടയം ജില്ലകളിൽ നിന്നാവും ഏറ്റവുമധികം ഭൂമി ഇനി ഏറ്റെടുക്കേണ്ടിവരിക. 1994-ൽ തുറന്ന തൃശൂർ - ഗുരുവായൂർ റെയിൽ പാതയ്ക്കുശേഷം 32 വർഷങ്ങൾ കഴിഞ്ഞാണ് കേരളത്തിൽ യാത്രാവശ്യങ്ങൾക്കായി പുതിയ റെയിൽവേ പദ്ധതി നടപ്പാക്കാൻ അനുമതി ലഭിക്കുന്നത്.

ശബരിമലയിലേക്ക് ഉത്തരേന്ത്യയിൽ നിന്ന് ഉൾപ്പെടെ കൂടുതൽ ഭക്തജനങ്ങൾ വരുന്നതിന് ഇടയാക്കുമെന്നതിലുപരി ശബരി പാത കിഴക്കൻ മലയോര മേഖലകളുടെ മൊത്തം വികസനത്തിന് കൂടുതൽ ഗതിവേഗം പകരുന്നതായിരിക്കും. ഇടുക്കി ജില്ലയിലൂടെ കടന്നുപോകുന്ന ആദ്യ റെയിൽ പാത കൂടിയായി മാറും ഇത്. ഗുരുവായൂർ - തിരുന്നാവായ പദ്ധതി കൂടി വരുന്നതോടെ (36 കിലോമീറ്റർ) മൊത്തം 146 കിലോമീറ്റർ പാതയാണ് കേരളത്തിന് ലഭിക്കുന്നത്. ഇനി അതത് ജില്ലകളിലെ കളക്ടർമാരാണ് ഭൂമി ഏറ്റെടുക്കൽ എത്രയും വേഗം പൂർത്തിയാക്കേണ്ടത്. ഇതോടൊപ്പമോ ഇതിനേക്കാൾ പ്രാധാന്യമുള്ളതോ ആണ് കേരളത്തിന് ഒരു അതിവേഗ റെയിൽപ്പാത വേണമെന്നത്. മെട്രോമാൻ ഇ. ശ്രീധരൻ തയ്യാറാക്കുന്ന പദ്ധതിക്ക് കേന്ദ്രം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ മുന്നോട്ടുവയ്ക്കുന്നത് സെമി ഹൈസ്‌പീഡ് പദ്ധതിയാണ്. പദ്ധതിയുടെ പേര് ഏതായാലും ഒരു അതിവേഗ പാത കേരളത്തിന്റെ വികസനത്തിന് അത്യന്താപേക്ഷിതമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION