
ശബരിമല: തന്ത്രി കണ്ഠരര് രാജീവരർക്ക് പകരം മകൻ കണ്ഠരര് ബ്രഹ്മദത്തനെ ശബരിമല തന്ത്രിയായി നിയോഗിച്ചേക്കും. ഇതുസംബന്ധിച്ച് ദേവസ്വം ബോർഡ് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ ശബരിമല സ്പെഷ്യൽ കമ്മിഷണർ ആർ.ജയകൃഷ്ണൻ ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകി. കോടതി അനുകൂല തീരുമാനമെടുത്താൽ ബ്രഹ്മദത്തൻ തന്ത്രിയാകും. മേൽശാന്തി റിക്രൂട്ട്മെന്റ് ബോർഡിലേക്കും ബ്രഹ്മദത്തനെ ഉൾപ്പെടുത്തിയേക്കും.
തനിക്കുള്ള ആരോഗ്യ പ്രശ്നങ്ങൾമൂലം പകരം താന്ത്രികസ്ഥാനം മകന് നൽകണമെന്നാവശ്യപ്പെട്ട് കണ്ഠരര് രാജീവര് ദേവസ്വം ബോർഡിന് കത്ത് നൽകിയിരുന്നു. ചിങ്ങം മുതൽ കർക്കടകമാസം വരെ താഴമൺ മഠത്തിലെ രണ്ട് കുടുംബങ്ങൾ ടേൺ അടിസ്ഥാനത്തിലാണ് ശബരിമലയിലെ താന്ത്രിക കർമ്മങ്ങൾ നിർവഹിക്കുന്നത്. മുതിർന്ന തന്ത്രി കണ്ഠരര് മോഹനരുടെ മകൻ കണ്ഠരര് മഹേഷ് മോഹനരാണ് ഇപ്പോൾ തന്ത്രി.
അദ്ദേഹത്തിന്റെ കാലാവധി ആഗസ്റ്റ് 2ന് നിറപുത്തരി പൂജകളോടെ അവസാനിക്കും. ഹൈക്കോടതി അനുകൂല തീരുമാനമെടുത്താൽ ചിങ്ങമാസ പൂജകൾക്കായി നടതുറക്കുന്ന ആഗസ്റ്റ് 16 മുതൽ കണ്ഠരര് ബ്രഹ്മദത്തനാകും തന്ത്രി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |