
കൊല്ലം: ശബരിമലയിലെ സ്വർണക്കൊള്ള മറയ്ക്കാൻ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്തും മുൻ അംഗം അജികുമാറും കേസിലെ ഒന്നും രണ്ടും പ്രതികളായ ഉണ്ണിക്കൃഷ്ണൻ പോറ്റി, മുരാരിബാബു എന്നിവരുമായി ഗൂഢാലോചന നടത്തിയതിന് പുറമേ വ്യാജ കരാർ ചമയ്ക്കാൻ കൂട്ടുനിന്നുവെന്നും പ്രത്യേക അന്വേഷണ സംഘം കൊല്ലം വിജിലൻസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
ദ്വാരപാലക ശില്പങ്ങളിലെ സ്വർണ പാളികളുടെ ശോഭ കുറഞ്ഞെന്ന മുരാരി ബാബുവിന്റെ കത്തിന്റെ അടിസ്ഥാനത്തിൽ പാളികൾ ചെന്നൈ സ്മാർട്ട് ക്രിയേഷൻസിലേക്ക് കൊണ്ടുപോകണമെന്ന് പി.എസ്.പ്രശാന്ത് അന്നത്തെ തിരുവാഭരണ കമ്മിഷണർ റെജിലാലിന് നിർദ്ദേശം നൽകി. എന്നാൽ പാളികളിൽ നിന്ന് വേർതിരിച്ചെടുക്കുന്ന സ്വർണം വീണ്ടും പൂശാനുള്ള സാങ്കേതിക വിദ്യ ചെന്നൈ സ്മാർട്ട് ക്രിയേഷൻസിന് ഇല്ലാത്തതിനാൽ പരമ്പരാഗത രീതി അവലംബിക്കണമെന്ന റിപ്പോർട്ട് റെജിലാൽ ദേവസ്വം സെക്രട്ടറിക്ക് നൽകി. എന്നാൽ പി.എസ്.പ്രശാന്തിന്റെ നിർദ്ദേശ പ്രകാരം റെജിലാൽ ദേവസ്വം ബോർഡ് സെക്രട്ടറിക്ക് പാളികൾ സ്മാർട്ട് ക്രിയേഷൻസിൽ തന്നെ കൊണ്ടുപോകാമെന്ന് 2025 ആഗസ്റ്റിൽ പുതിയ റിപ്പോർട്ട് നൽകി.
അവിടെ എത്തിച്ച 12 പാളികളിൽ നാലെണ്ണത്തിൽ നിന്ന് സ്വർണം വേർതിരിച്ച ശേഷം വീണ്ടും പൂശി. അത് 2019ൽ നടന്ന സ്വർണക്കൊള്ളയുടെ അളവ് കൃത്യമായി കണക്കാക്കാൻ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചുവെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |