SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.17 AM IST

സോളാർ വൈദ്യുതിക്ക് 'സൂര്യനമസ്‌കാരം'

a

അന്തരീക്ഷ ഉഷ്ണം ഉച്ചിയിൽ നിൽക്കെ,​ സൂര്യാതപവും (സൺബേൺ)​ സൂര്യാഘാതവും (സൺ സ്ട്രോക്ക്)​ ഉൾപ്പെടെ പ്രതികൂല ആരോഗ്യഫലങ്ങൾക്ക് ഇടയാക്കുന്ന 'സൂര്യകോപ'ത്തിന്റെ വാർത്തകൾക്കിടെ സൗരോർജ്ജവുമായി ബന്ധപ്പെട്ട ഒരു ശുഭവർത്തമാനം,​ ''ജലവൈദ്യുതിയെ തോല്പിച്ച് സോളാർ" എന്ന ശീർഷകത്തിൽ ഞങ്ങൾ കഴിഞ്ഞ ദിവസം ഒന്നാം പേജിൽ പ്രസിദ്ധീകരിച്ചിരുന്നു. സംസ്ഥാനത്തിന്റെ ജലവൈദ്യുതി ഉത്പാദനശേഷിയെ സൗരോർജ്ജ ഉത്പാദന ശേഷി മറികടന്നതാണ് ആ വിശേഷം. അവിശ്വസനീയമെന്നേ ആദ്യം തോന്നൂ. പക്ഷേ,​ പരമസത്യമാണ്. ഇടുക്കിയിലേത് ഉൾപ്പെടെ നമ്മുടെ ജലവൈദ്യുതി പദ്ധതികളുടെ സ്ഥാപിതശേഷി 2196.36 മെഗാവാട്ട് ആണ്. പക്ഷേ,​ ഇക്കഴിഞ്ഞ മാർച്ച് 31-ലെ കണക്കനുസരിച്ച് നമ്മുടെ സോളാർ ഉത്പാദന ശേഷി 2215.59 മെഗാവാട്ട് പിന്നിട്ടു!

അഭിമാനകരമായ ഈ കണക്കല്ല യഥാർത്ഥ കൗതുകം- ഈ സൗരോർജ്ജ വിജയം പൂർണമായും ജനങ്ങളുടേതാണ്! അതായത്,​ ജനങ്ങൾ വീടുകൾക്കു മുകളിൽ സ്ഥാപിച്ച സോളാർ യൂണിറ്റുകളിൽ ഉത്പാദിപ്പിക്കപ്പെടുന്നതാണ് ഈ സൗരവൈദ്യുതിയത്രയും! സൗരോർജ്ജ വൈദ്യുതി ഉത്പാദനത്തിലെ ഈ നേട്ടം പക്ഷേ,​ സംസ്ഥാന വൈദ്യുതി ബോർഡിനെ സംബന്ധിച്ച് സമ്പൂർണ നാണക്കേടാണ്. കാരണം,​ മുടന്തൻ ന്യായങ്ങൾ പറഞ്ഞ് സൗരവൈദ്യുതിക്ക് വിലങ്ങുതടിയിട്ട് ഇറക്കുമതി വൈദ്യുതിയെ മാത്രം ആശ്രയിക്കുന്നതാണ് കെ.എസ്.ഇ.ബിയുടെ ഇഷ്ടബിസിനസ്. ജലവൈദ്യുതിയെ മാത്രം പ്രോത്സാഹിപ്പിക്കുന്ന വൈദ്യുതി ബോർഡിന്,​ നമുക്ക് ആകെ വേണ്ടുന്ന വൈദ്യുതിയുടെ 20 ശതമാനമേ അതിൽ നിന്ന് ഉത്പാദിപ്പിക്കാൻ ശേഷിയുള്ളൂ എന്നോർക്കണം. ആവശ്യമായ ബാക്കി വൈദ്യുതി,​ യൂണിറ്റിന് പത്തുരൂപ എന്ന അന്യായ നിരക്കിൽ പുറത്തുനിന്ന് വാങ്ങും! ഈ കൊള്ളക്കച്ചവടത്തിന് 2024- 25 വർഷം മാത്രം ചെലവിട്ടത് 12,​749.65 കോടി രൂപയാണ് എന്നറിയുമ്പോഴാണ് പുറംവൈദ്യുതി ഇടപാടിന്റെ വ്യാപ്തി മനസിലാവുക.

ഈ നഷ്ടം നികത്തുക കെ.എസ്.ഇ.ബിയെ സംബന്ധിച്ച് ലളിതമാണ്- പുറംവൈദ്യുതിക്ക് ചെലവായ തുക വീതിച്ച് ഉപഭോക്താക്കളുടെ ബില്ലിന്മേൽ സർചാർജ് ആയി ചുമത്തും! വൈദ്യുതി ബോർഡിന്റെ ഈ തീവെട്ടിക്കൊള്ളയും ക്രൂരതയും സഹിക്കാഞ്ഞിട്ടാണ് കൂടുതൽ പേർ പുരപ്പുറ സോളാർ പദ്ധതിയിലേക്കു തിരിയുന്നത്. കേന്ദ്ര സർക്കാരിന്റെ പി.എം സൂര്യഘർ പദ്ധതി പ്രകാരം വീടുകളിൽ സോളാർ പ്ളാന്റ് സ്ഥാപിക്കുന്നതിന് ആകർഷകമായ സബ്സിഡിയുണ്ട്. സാധാരണ വീടുകളുടെ മുഴുവൻ വൈദ്യുതി ആവശ്യവും നിറവേറ്റാൻ മൂന്ന് കിലോവാട്ട് ശേഷിയുള്ള സോളാർ പ്ളാന്റ് മതി. ഇതിന് ശരാശരി രണ്ടോ രണ്ടേകാൽ ലക്ഷമോ രൂപ ചെലവാക്കേണ്ടിവരുമ്പോൾ അതിൽ 78,​000 രൂപ സബ്സിഡി ആയി കിട്ടും.

ആശ്വാസകരമായ ഈ പദ്ധതിക്കു പോലും,​ സോളാർ വൈദ്യുതി ഉത്പാദനം കൂടിയാൽ താങ്ങാനുള്ള ശേഷി നിലവിലെ ട്രാൻസ്‌ഫോർമറുകൾക്ക് ഇല്ല,​ സൗരോർജ്ജ പ്ളാന്റുകൾ സ്ഥാപിക്കുന്നവർ വീട്ടിൽ വയ്ക്കേണ്ട നെറ്റ് മീറ്റർ കിട്ടാനില്ല തുടങ്ങിയ തടസങ്ങൾ നിരത്തി സോളാർ പ്രേമികളെ നിരുത്സാഹപ്പെടുത്താനാണ് കെ.എസ്.ഇ.ബിയുടെ ശ്രമം. പക്ഷേ,​ ജനകീയ സൗരവിപ്ളവം ഇതിനെയൊക്കെ മറികടന്ന് മുന്നേറുമ്പോൾ കണ്ണടച്ചു നിൽക്കാൻ സർക്കാരിനു കഴിയില്ല. സൗരവൈദ്യുതി ശേഖരിച്ച് രാത്രികാലത്ത് ഉപയോഗപ്പെടുത്താൻ സൗകര്യം നൽകുന്ന ബാറ്ററി എനർജി സ്റ്റോറേജ് (ബെസ്)​ സംവിധാനം സംസ്ഥാനത്ത് ഒരുങ്ങിത്തുടങ്ങിയിട്ടുണ്ട്. അത് വ്യാപകമാക്കുകയും,​ സംസ്ഥാനം കൂടി ഇതിന് സബ്സിഡി നൽകുകയും ചെയ്യുകയാണ് വേണ്ടത്. അതുണ്ടായാൽ സംസ്ഥാനത്തിന് വൈദ്യുതി ക്ഷാമം എന്ന ഭീഷണിയെ ഒരു ''സൂര്യനമസ്കാരത്തോടെ" എന്നെന്നേക്കുമായി മറികടക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY