SignIn
Kerala Kaumudi Online
Thursday, 11 June 2026 3.09 AM IST

സ്വകാര്യത ലംഘിക്കുന്ന ദൃശ്യം പകർത്തൽ

a

ആശയവിനിമയ രംഗത്ത് മൊബൈൽ ഫോൺ വരുത്തിയ മാറ്റം ഇനിയൊരു തിരിച്ചുപോക്ക് ഇല്ലാത്തവിധം അത്ഭുതകരമാണ്. എവിടെ നിന്നും എവിടേക്കും വിളിക്കാവുന്ന ഒരു സാധനം പോക്കറ്റിൽ കിടക്കുന്നു എന്നത് ഒരു ചെറിയ കാര്യമല്ല. ഇക്കാലത്ത് അതിന്റെ ദോഷങ്ങളെക്കുറിച്ച് ആളുകൾ ഏറെ പറയുന്നുണ്ടെങ്കിലും ഗുണങ്ങളാണ് കൂടുതലും. തുടക്കത്തിൽ പരസ്പരം സംസാരിക്കാൻ മാത്രമായിരുന്നു മൊബൈൽ ഉപയോഗിച്ചിരുന്നത്. പിന്നീടതിൽ ക്യാമറ വന്നപ്പോൾ ഫോട്ടോയെടുക്കാനും ഉപയോഗിച്ചുതുടങ്ങി. ഫോട്ടോ എടുക്കുക എന്നല്ലാതെ ഒന്നിൽ നിന്നും മറ്റൊരു ഫോണിലേക്ക് അയയ്ക്കാനൊന്നും അന്ന് കഴിഞ്ഞിരുന്നില്ല. പൊതുസ്ഥലത്ത് മൊബൈൽ ഉപയോഗിച്ച് ഫോട്ടോ എടുക്കാൻതന്നെ പലർക്കും തുടക്കത്തിൽ വൈമുഖ്യമായിരുന്നു. ഒരാളിന്റെയും സ്വകാര്യത ലംഘിക്കുന്ന രീതിയിൽ പകർത്താനും തുനിയില്ലായിരുന്നു. ടെക്‌നോളജിയിൽ വളരെ പെട്ടെന്നു വന്ന മാറ്റങ്ങൾ മൊബൈൽ ഇല്ലാതെ ഇന്ന് ജീവിക്കാൻ കഴിയില്ല എന്ന അവസ്ഥയാണ് സൃഷ്ടിച്ചിരിക്കുന്നത്.

ആശയവിനിമയത്തിനപ്പുറം ബാങ്കിംഗ് ഇടപാടുകൾ നടത്താനും ബില്ലുകൾ അടയ്ക്കാനും ബിസിനസ് നടത്താനും ഓഫീസ് കാര്യങ്ങൾ നിയന്ത്രിക്കാനുമൊക്കെയുള്ള അനിവാര്യ 'യന്ത്ര'മായി അതു മാറിയിരിക്കുന്നു. കുട്ടികൾ എവിടെ എത്തി എന്നതും അവർ സുരക്ഷിതരാണോ എന്നതും എപ്പോൾ വേണമെങ്കിലും ഒരു അമ്മയ്ക്ക് വിളിച്ചുചോദിച്ച് ഉറപ്പാക്കാമെന്നതൊക്കെ ഈ കാലത്തിന്റെ മാത്രം സൗകര്യങ്ങളാണെങ്കിലും മൊബൈലിന്റെ വരവിന് മുമ്പുള്ള ഒരു സ്വസ്ഥത ഇന്നത്തെ മനുഷ്യസമൂഹത്തിന് ഇല്ല എന്നതും ഈ യന്ത്രത്തിന്റെ മറ്റൊരു സംഭാവനയാണ്. സോഷ്യൽ മീഡിയയുടെ വരവോടെയാണ് മൊബൈൽ ഒരു 'മാരകായുധ'മായി മാറാൻ തുടങ്ങിയത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസും കൂടി രംഗപ്രവേശം ചെയ്തതോടെ ഏത് തട്ടിപ്പും ഈ സാധനം ഉപയോഗിച്ച് നടത്താമെന്നായി.

റീൽസിനും സോഷ്യൽ മീഡിയയിലൂടെയുള്ള വീഡിയോകൾക്കും പരിപാടികൾക്കുമടക്കം യൂ ട്യൂബും മറ്റും പണം കൊടുക്കാൻ തുടങ്ങിയതോടെ മൊബൈൽ ചിലർക്ക് പണം കായ്ക്കുന്ന പെട്ടി കൂടിയായി. ഇതോടെയാണ് സകല നിയന്ത്രണങ്ങളും വിട്ടുപോയതും നല്ല പ്രായമായവർ പോലും ഇരുപത്തിനാല് മണിക്കൂറും ഇതിൽ നോക്കിയിരിക്കാൻ തുടങ്ങിയതും. കുട്ടികളുടെ കാര്യം പറയുകയും വേണ്ട. മനുഷ്യന്റെ സ്വകാര്യത ലംഘിച്ചും ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ച് നാല് 'പുത്തൻ' ഉണ്ടാക്കിയാൽ മതിയെന്ന യൂട്യൂബർമാരുടെ ചിന്തയും മത്സരവും സമൂഹത്തിൽ ചെറുതും വലുതുമായ നിരവധി അസ്വസ്ഥതകൾക്ക് ഇടയാക്കിക്കൊണ്ടിരിക്കുകയാണ്. സലിംകുമാറിന്റെ സംസ്കാരം നടക്കുന്നതിന് മുമ്പ് വീട്ടുവളപ്പിൽ സിനിമാക്കാരെ ഫോണിൽ പകർത്തുന്നതിന്റെ ഭാഗമായി യൂട്യൂബർമാർ സൃഷ്ടിച്ച തിക്കുംതിരക്കും സീമാതീതമായപ്പോൾ സലിംകുമാറിന്റെ മകൻ ചന്തുവിന് ക്ഷുഭിതനായി സംസാരിക്കേണ്ട സാഹചര്യം വരെ ഉണ്ടായി. മരണവീട്ടിൽ സർവ മര്യാദകളും ലംഘിച്ചുകൊണ്ടുള്ള ദൃശ്യം പകർത്തലാണ് അവർ നടത്തിയത്.

സലിംകുമാർ മരണാസന്നനായി ആശുപത്രിയിൽ കിടക്കുമ്പോൾ സോഷ്യൽ മീഡിയയിൽ ക്രൂരമായ സൈബർ ആക്രമണങ്ങളും നടന്നിരുന്നു. അപലപിക്കപ്പെടേണ്ടതും നിയമപരമായ നടപടികളിലൂടെ തടയേണ്ടതുമായ കാര്യങ്ങളാണ് ഇതൊക്കെ. ഇതിന്റെ പശ്ചാത്തലത്തിൽ സ്വകാര്യത ലംഘിച്ച് ചിത്രങ്ങളും ദൃശ്യങ്ങളും പകർത്തുകയും പ്രദർശിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ഇത്തരം പ്രവൃത്തികൾ 3 വർഷംവരെ തടവും 2 ലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റമാണെന്നും സമൂഹമാദ്ധ്യമം വഴി പൊലീസ് അറിയിച്ചിരിക്കുകയാണ്. മനുഷ്യന്റെ ദുഃഖവും വേദനയും സ്വകാര്യതയും വിറ്റല്ല പണം ഉണ്ടാക്കേണ്ടത്. അതിന് വേറെ വല്ല നിയമാനുസൃത മാർഗവും നോക്കണം. ഒരു പരിധിവിട്ട് ഇത്തരക്കാർ ചടങ്ങുകളിൽ തള്ളിക്കയറുന്നതിനെ സമൂഹവും പ്രോത്സാഹിപ്പിക്കരുത്. ജനങ്ങളുടെ ഇടയിൽ നിന്നുതന്നെ എതിർപ്പുയരുമ്പോൾ ഇവർ പതുക്കെ അടങ്ങിക്കൊള്ളുമെന്ന് കരുതാം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION