
കർഷകർക്ക് കടാശ്വാസമായി 326 കോടി രൂപ ലഭിക്കാനുണ്ടെന്നും 35,000 കർഷകർ ജപ്തി ഭീഷണി നേരിടുകയാണെന്നുമുള്ള വാർത്ത സംസ്ഥാന ഭരണാധികാരികളെ മാത്രമല്ല, കേരളത്തിന്റെ മൊത്തം മനഃസാക്ഷിയെയും ഞെട്ടിക്കുന്നതാണ്. കഴിഞ്ഞ കുറേ വർഷങ്ങളായി വർദ്ധിച്ചു വരുന്ന കാലാവസ്ഥാ വ്യതിയാനം, വന്യജീവി ആക്രമണം, കാർഷികോത്പന്നങ്ങളുടെ വിലത്തകർച്ച, ഇന്ധന വിലവർദ്ധന. കൊവിഡ്, പ്രളയം എന്നിങ്ങനെയുള്ള അത്യസാധാരണ സംഭവ വികാസങ്ങൾ എന്നിവ മൂലം കർഷക സമൂഹം അത്യന്തം ദുരിതപൂർണമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നതിന് വലിയ തെളിവുകൾ നിരത്തേണ്ട കാര്യമില്ല. സമാനമായ ദുരിത ജീവിതം തള്ളിനീക്കാൻ കഴിയാതെ കർഷകർ ആത്മഹത്യ ചെയ്യുന്നത് നിത്യസംഭവമായിരുന്ന ഒരു കാലം കേരളത്തിലും ഉണ്ടായിരുന്നു.
വിദർഭയിലെപരുത്തി കർഷകരുടെ ആത്മഹത്യയെപ്പോലെ ദേശീയ മാദ്ധ്യമങ്ങളുടെ പോലും വാർത്താ തല വാചകമായിരുന്ന കാലമായിരുന്നു 2006 വരെ. 1500 ലേറെ കർഷകർ നരക ജീവിതം തള്ളിനീക്കാനാവാതെ ആത്മഹത്യയിൽ അഭയം തേടിയതായിട്ടായിരുന്നു അന്നത്തെ വാർത്തകൾ. ആ ഘട്ടത്തിൽ അധികാരത്തിലെത്തിയ വി.എസ്. അച്യുതാനന്ദൻ ഗവൺമെന്റാണ് ' കാർഷിക കടാശ്വാസ കമ്മിഷൻ' രൂപീകരിക്കുന്നത്. ഓരോ കമ്മിഷന്റെയും അവസ്ഥ പരിഗണിച്ച് കമ്മിഷൻ വഴി അവർക്ക് ആശ്വാസം നൽകുന്നതിനായിരുന്നു സ്വാതന്ത്ര്യാനന്തര ചരിത്രത്തിൽ ആദ്യമായി ഇത്തരമൊരു കമ്മിഷൻ രൂപീകരിച്ചത്. ഇതു മൂലം കർഷക ആത്മഹത്യയ്ക്ക് അന്ന് അയവ് വന്നു. പിന്നീട് കർഷക കടം എഴുതി തള്ളാൻ കേന്ദ്ര ഗവൺമെന്റും നിർബന്ധിതമായി.
2024 ജൂലൈ 30ന് മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽപ്പെട്ടവരുടെ കാർഷിക വായ്പകൾ എഴുതി തള്ളണമെന്ന് കേരളമൊന്നടങ്കം ആവശ്യപ്പെട്ടിട്ടും കഴുത്തറുപ്പൻ ഷൈലോക്കിയൻ നയം സ്വീകരിക്കുന്ന ബാങ്കുകൾ അതിനു തയ്യാറായില്ല. ഒടുവിൽ അന്നത്തെ സർക്കാർ ആ ബാദ്ധ്യത ഏറ്റെടുക്കുകയായിരുന്നു. കർഷകർ നാടിന്റെ നട്ടെല്ലാണെന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ നടപടികളൊക്കെ. സമാനമായ അടിയന്തിര ഇടപെടൽ സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകേണ്ട സ്ഥിതിയാണിപ്പോൾ.
35,000 കർഷകരുടെ ജീവിതം, കവി പാടിയതുപോലെ, "ആത്മഹത്യയ്ക്കും കൊലയ്ക്കുമിടയിലൂടാർത്തനാദം പോലെ" പോകുന്ന സ്ഥിതിയിൽ അവർക്ക് ആശ്വാസം പകരേണ്ട ഉത്തരവാദിത്വം സർക്കാരിനാണ്. മുൻകൈ എടുക്കേണ്ട കാർഷിക കടാശ്വാസ കമ്മിഷൻ അതു സമയബന്ധിതമായി നിർവഹിക്കുന്നില്ലെങ്കിൽ, അതേപ്പറ്റി ഗവൺമെന്റ് അടിയന്തിരമായി അന്വേഷിക്കണം. 2016 മാർച്ച് 31നു ശേഷം പുതിയ അപേക്ഷകൾ സ്വീകരിക്കാൻ കടാശ്വാസ കമ്മിഷൻ തയ്യാറായിട്ടില്ലെന്നും, ഇതിന് സംസ്ഥാന മന്ത്രിസഭയുടെ അനുമതി ആവശ്യമാണെന്നും, ഇത് സർക്കാരിന്റെ പരിഗണനയിലില്ലെന്നും വന്നിരിക്കുന്ന വാർത്തകൾ ആശങ്കയുളവാക്കുന്നതാണ്. കടാശ്വാസ കമ്മിഷൻ സ്വീകരിക്കാത്തതു കൊണ്ട് രണ്ടര ലക്ഷത്തോളം അപേക്ഷകൾ സമർപ്പിക്കപ്പെടാനുണ്ടെന്നും കർഷക സംഘടനകൾ പറയുന്നു.
ഇത്തരമൊരു പശ്ചാത്തലത്തിൽ കൃഷി മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും യുദ്ധകാലാടിസ്ഥാനത്തിലുള്ള ഇടപെടൽ ഒട്ടും വൈകിക്കൂടാ. കാർഷിക വിളവെടുപ്പിന്റെ കൂടി നാളുകളായ ഓണം ഒരു മാസം കൂടി കഴിയുന്നതോടെ എത്തും. അത്തരമൊരു അവസ്ഥയിൽ ഇതൊക്കെ ഉത്പാദിപ്പിച്ചു നമ്മളെ ഊട്ടുന്ന കർഷകർ ഒരു മുഴം തുണിയിലോ, ഒരു നുള്ളു വിഷത്തിലോ ജീവനൊടുക്കി എന്ന വാർത്ത ഉണ്ടാകാനിട നൽകരുത്. യഥാസമയം സർക്കാർ ഇടപെടണം. കതിരിൻമേൽ വളം വയ്ക്കുന്ന നിലയിലേക്ക് സർക്കാർ പോകരുത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |