SignIn
Kerala Kaumudi Online
Tuesday, 21 July 2026 7.58 PM IST

ഇന്ത്യ-യുഎസ് വ്യാപാര കരാറിനെതിരെ തെരുവിലിറങ്ങി കർഷകർ; പഞ്ചാബിൽനിന്നുള്ള സംഘത്തെ ശംഭുവിൽ തടഞ്ഞ് പൊലീസ്

protest
ബൈക്ക് റാലിയിൽ പങ്കെടുക്കുന്ന കർഷകർ

ഛണ്ഡീഗഡ്: നിർദ്ദിഷ്‌ട ഇന്ത്യ-യുഎസ് വ്യാപാര കരാറിനെതിരെ നടക്കുന്ന കിസാൻ മഹാപഞ്ചായത്തിൽ പങ്കെടുക്കാൻ പുറപ്പെട്ട കർഷകരെ തടഞ്ഞ് ഹരിയാന പൊലീസ്. പഞ്ചാബിൽനിന്ന് പുറപ്പെട്ട കർഷകസംഘത്തെയാണ് ശംഭു അതിർത്തിയിൽ പൊലീസ് തടഞ്ഞത്.

കർഷകരെ നേരിടുന്നതിനായി പഞ്ചാബ്-ഹരിയാന അതിർത്തിയിലെ പ്രധാന പ്രവേശനകവാടമായ ശംഭുവിൽ വൻ സുരക്ഷാ സന്നാഹങ്ങളാണ് പൊലീസ് ഒരുക്കിയത്. 2024 ഫെബ്രുവരിയിലെ 'ഡൽഹി ചലോ-2' കർഷകസമരങ്ങൾക്ക് സമാനമായ രീതിയിൽ ബാരിക്കേടുകൾ, കോൺക്രീറ്റ് ബ്ലോക്കുകൾ, ഇരുമ്പ് മുള്ളുകൾ തുടങ്ങിയവ ഉപയോഗിച്ചാണ് കർഷകരുടെ ഡൽഹി പ്രവേശനം തടയാൻ പൊലീസ് ശ്രമിച്ചതെന്ന് സംഘടനകൾ ആരോപിച്ചു.

ഡൽഹിയിൽ സമാധാനപരമായി സമ്മേളിക്കാനുള്ള ഭരണാഘടനാപരമായ അവകാശത്തിനുനേരെയുള്ള നിഷേധമാണ് പൊലീസ് നടത്തുന്നതെന്ന് കർഷക നേതാക്കൾ ആരോപിച്ചു . വിഷയത്തിൽ ഇടപെടാതെ ഹരിയാന സർക്കാർ മൗനം പാലിക്കുകയാണെന്ന് ബികെയു ഷഹീദ് ഭഗത് സിംഗ് നേതാവ് തേജ്വീർ സിംഗ് കുറ്റപ്പെടുത്തി. യാത്ര തടഞ്ഞതിനെത്തുടർന്ന് പഞ്ചാബിൽനിന്നുള്ള കർഷകർ ശംഭു അതിർത്തിയിൽ പ്രതിഷേധിച്ചു. അതേസമയം, ഹരിയാനയിലെ അംബാല, കുരുക്ഷേത്ര തുടങ്ങിയ ജില്ലകളിൽനിന്നുള്ള കർഷകർ ഡൽഹിയിലേക്കുള്ള യാത്ര തുടർന്നു.

'ദേശ് ബചാവോ മോർച്ച'യുടെ നേതൃത്വത്തിലാണ് കിസാൻ മഹാപഞ്ചായത്ത് സംഘടിപ്പിക്കുന്നത്. പഞ്ചാബ്, ഹരിയാന, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലെ കർഷക സംഘടനകളാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. ഇന്ത്യ-യുഎസ് വ്യാപാരക്കരാർ കേന്ദ്രസർക്കാർ ഉപേക്ഷിക്കണമെന്നാണ് സംഘടനകളുടെ ആവശ്യം. കരാർ കൃഷി, ക്ഷീര മേഖല, വ്യവസായം, ഡിജിറ്റൽ വ്യാപാരം തുടങ്ങിയ മേഖലകളെ കരാർ പ്രതികൂലമായി ബാധിക്കുമെന്നാണ് കർഷകസംഘടനകൾ ചൂണ്ടിക്കാട്ടുന്നത്. കരാർ ചർച്ചകളിലെ വിവരങ്ങൾ പുറത്തുവിടണമെന്നും കർഷകരുമായും മറ്റ് ബന്ധപ്പെട്ട വിഭാഗങ്ങളുമായും ചർച്ച നടത്തിയശേഷമേ കരാറിൽ ഒപ്പിടാൻ പാടുള്ളെന്ന് 'ദേശ് ബചാവോ മോർച്ച' ആവശ്യപ്പെട്ടു.

English Summary

Haryana police stopped farmers from Punjab heading to a Kisan Mahapanchayat in Chandigarh against the proposed India-US trade agreement. Security barriers were placed at the Shambhu border, with farmers alleging denial of their constitutional right to protest. Led by Desh Bachao Morcha, farmer groups from Punjab, Haryana, and Himachal Pradesh demand transparency in negotiations and oppose the agreement’s impact on agriculture and related sectors.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FARMERS PROTEST, US-INDIA, TRADE DEAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360