
സംസ്ഥാനത്ത് വീടുകളും വാണിജ്യ സ്ഥാപനങ്ങൾക്കായുള്ള കെട്ടിടങ്ങളും നിർമ്മിച്ചിട്ടുള്ളവർ ഉദ്യോഗസ്ഥന്മാർക്കുള്ള കൈക്കൂലി കെട്ടിട നിർമ്മാണച്ചെലവിന്റെ ഭാഗമായി തന്നെയാണ് കണക്കുകൂട്ടുന്നത്. കൺസൾട്ടൻസി സ്ഥാപനങ്ങൾ, ആർക്കിടെക്ടുകൾ, എൻജിനിയർമാർ, കരാറുകാർ തുടങ്ങിയവരിലൂടെയാണ് കെട്ടിടം നിർമ്മിക്കുന്നതെങ്കിൽ ഉദ്യോഗസ്ഥർക്കുള്ള കൈക്കൂലി കാഷ് ആയി കെട്ടിട ഉടമയിൽ നിന്ന് മുൻകൂർ കൈപ്പറ്റും. ഇത് നൽകില്ലെന്ന് ആരെങ്കിലും വാശിപിടിച്ചാൽ അവരുടെ കെട്ടിടം പണിക്ക് നൂറുതടസങ്ങൾ ഉയർന്നുവരും. അത് പരിഹരിക്കുന്നതിന് ആവശ്യമായ മെനക്കേടും സമയനഷ്ടവും കണക്കിലെടുക്കുമ്പോൾ കൈക്കൂലി കൊടുക്കുന്നതാണ് നല്ലതെന്ന് അതിനെ എതിർക്കുന്നവർക്ക് പോലും ബോദ്ധ്യപ്പെടുന്ന അവസ്ഥയാണിവിടെ വർഷങ്ങളായി നിലനിൽക്കുന്നത്.
ഒരു കെട്ടിടം നിർമ്മിക്കുമ്പോൾ നിയമത്തിൽ പറഞ്ഞിരിക്കുന്നതെല്ലാം നെല്ലിട തെറ്റാതെ അതേപടി അളന്ന് മുറിച്ച് ചെയ്യുക പ്രായോഗികമായി അസാദ്ധ്യമാണ്. അതിനാൽ ചില്ലറ നിയമലംഘനങ്ങൾ ഏതു കെട്ടിടത്തിന്റെയും പ്രത്യേകിച്ചും സ്വകാര്യ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും കെട്ടിടങ്ങളിൽ ഉണ്ടാകുമെന്നത് ഉദ്യോഗസ്ഥർക്കാണ് മറ്റാരേക്കാളും അറിയുക. അതവർ ചൂണ്ടിക്കാട്ടാതിരിക്കുന്നതിനാണ് കൈക്കൂലി വാങ്ങി തുടങ്ങിയത്. എന്നാൽ ഇന്നിപ്പോൾ ഏതു നിയമവും തെറ്റിക്കാതെ നിർമ്മിക്കുന്ന കെട്ടിടത്തിനും നിർമ്മാണാനുമതിയും പൂർത്തീകരണ സർട്ടിഫിക്കറ്റും കിട്ടണമെങ്കിൽ സ്ക്വയർ ഫീറ്റിന്റെ വിസ്‌തൃതി അനുസരിച്ച് കൈക്കൂലി നൽകേണ്ടത് നാട്ടുനടപ്പായി മാറിയിരിക്കുകയാണ്. കൈക്കൂലി നൽകുന്നവർ പോലും പരാതി നൽകാൻ തയ്യാറാകാത്തതിനാൽ ഈ അഴിമതി നിർബാധം നടന്നുവരികയാണ്. ഇത് തടയാനുള്ള മാർഗങ്ങളിലൊന്ന് വിജിലൻസിന്റെ മിന്നൽ പരിശോധനകൾ തന്നെയാണ്.
കഴിഞ്ഞ ദിവസം 'ഓപ്പറേഷൻ പാർപ്പിടം' എന്നപേരിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ ഞെട്ടിക്കുന്ന കണ്ടെത്തലുകളാണ് പുറത്തുവന്നിരിക്കുന്നത്. വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ മുപ്പത് ഉദ്യോഗസ്ഥർ കെട്ടിട നിർമ്മാണ അനുമതിക്കും മറ്റുമായി വിവിധ സ്വകാര്യ കൺസൾട്ടൻസി സ്ഥാപനങ്ങൾ, ആർക്കിടെക്ടുകൾ, കരാറുകാർ, ഏജന്റുമാർ എന്നിവരിൽ നിന്നായി 45 ലക്ഷത്തോളം രൂപ കൈപ്പറ്റിയതായാണ് കണ്ടെത്തിയിരിക്കുന്നത്. മുനിസിപ്പാലിറ്റി സെക്രട്ടറിമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ഈ ക്രമക്കേടിൽ പങ്കാളികളാണെന്നാണ് വിജിലൻസ് കേന്ദ്രങ്ങൾ നൽകുന്ന സൂചന. തൃശൂർ കുന്നംകുളം മുനിസിപ്പാലിറ്റിയിലെ പരിശോധനയിൽ മുനിസിപ്പൽ സെക്രട്ടറിയുടെ അക്കൗണ്ടിൽ പല ഇടനിലക്കാരും ലൈസൻസികളും അയച്ചതായി സംശയിക്കുന്ന 21.50 ലക്ഷം രൂപ കഴിഞ്ഞ ഒരു വർഷത്തിനിടയിൽ വന്നതായാണ് കണ്ടെത്തിയത്. കൊച്ചിൻ കോർപ്പറേഷന്റെ ഫോർട്ട് കൊച്ചി സോണൽ ഓഫീസിൽ രണ്ട് അസിസ്റ്റന്റ് എൻജിനിയർമാരും ഓവർസിയറും ബിൽഡിംഗ് ഇൻസ്പെക്ടറും 12.69 ലക്ഷം രൂപ ഓൺലൈൻ വഴി കൈപ്പറ്റിയതായും കണ്ടെത്തി.
മുൻപൊക്കെ അഴിമതിക്കാരായ ഉദ്യോഗസ്ഥർ പണമായല്ലാതെ കൈക്കൂലി വാങ്ങാറില്ലായിരുന്നു. അതാവുമ്പോൾ തെളിവുകൾ കണ്ടെത്തുക ദുഷ്‌കരമാണ്.
ഇന്നിപ്പോൾ തെളിവുകൾ ഉണ്ടാകുമെന്ന് ബോദ്ധ്യമുണ്ടെങ്കിൽ കൂടിയും ഓൺലൈൻ വഴി പോലും പണം വാങ്ങാൻ അവർക്ക് യാതൊരു കൂസലുമില്ലാതായിരിക്കുന്നു എന്നതാണ് മിന്നൽ പരിശോധനാ ഫലങ്ങൾ തെളിയിക്കുന്നത്. തിരുവനന്തപുരം നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിലെ ഓവർസിയർ 1.37 ലക്ഷം രൂപ കരാറുകാരിൽനിന്നും കൈപ്പറ്റിയതും വർക്കല മുനിസിപ്പാലിറ്റിയിലെ താത്‌കാലിക ഓവർസിയർ 2.03 ലക്ഷം പലതവണയായി കൺസൾട്ടൻസി സ്ഥാപനത്തിൽ നിന്ന് അക്കൗണ്ട് മുഖേന കൈപ്പറ്റിയതും കണ്ടെത്തിയിട്ടുണ്ട്. നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലെ സർവേയറുടെ സ്വകാര്യ വാഹനത്തിൽ നിന്നും കണക്കിൽപ്പെടാത്ത 45,000 രൂപ പിടിച്ചെടുത്തു. മിക്ക തദ്ദേശ സ്ഥാപനങ്ങളിലും കെട്ടിട നിർമ്മാണ അനുമതിയുമായി ബന്ധപ്പെട്ട് വ്യാപക വീഴ്‌ചകൾ നിലനിൽക്കുന്നതായും വിജിലൻസ് കണ്ടെത്തിയിരിക്കുകയാണ്. വിജിലൻസ് പരിശോധനകൾ മുറയ്ക്ക് നടത്തുന്നതിനൊപ്പം ഇത്തരം അഴിമതിയുടെ പഴുതുകൾ എങ്ങനെ അടയ്ക്കാമെന്നതിനെക്കുറിച്ച് വിശദമായ പഠനവും നടത്തേണ്ടതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |