SignIn
Kerala Kaumudi Online
Tuesday, 14 July 2026 5.02 AM IST

നമ്മുടെ പണത്തിൽ അതിവേഗ റെയിൽ

high-speed-rail-kerala

തിരുവനന്തപുരത്തെ പൂജപ്പുര മുതൽ കണ്ണൂരിലെ മുണ്ടയാട്ട് വരെ 473 കിലോമീറ്റർ ഹൈസ്‌പീഡ് റെയിൽ ഇടനാഴിയാണ് മെട്രോമാൻ ഇ.ശ്രീധരൻ സംസ്ഥാന സർക്കാരിന്റെ മുന്നിൽ സമർപ്പിച്ചിട്ടുള്ളത്. ഇത് സർക്കാരിന്റെ പ്രത്യേക സമിതി പരിഗണിച്ചുവരികയാണ്. അന്തിമ തീരുമാനം എടുത്തിട്ടില്ല. 473 കിലോമീറ്റർ റൂട്ടിന്റെ യാത്രാസമയം 3.5 മണിക്കൂറായി കുറയ്ക്കുന്നു എന്നതാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ ആകർഷണീയത. പരമാവധി വേഗത മണിക്കൂറിൽ 200 കിലോമീറ്ററാണ്. 560 പ്രീമിയം ക്ളാസ് യാത്രക്കാരെ വഹിക്കാൻ കഴിയുന്ന എട്ട് കോച്ചുകൾ ഉണ്ടാകും. ഇത് 12 വരെയായി വികസിപ്പിക്കാം. 23 സ്റ്റേഷനുകൾ ഉണ്ടാകും. 60,000 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ 51:49 അനുപാതത്തിൽ തുക മുടക്കണം.

ഇത് പദ്ധതി ചെലവിന്റെ 60 ശതമാനമേ ആകൂ. ബാക്കി തുക വായ്പയായി എടുത്തേ മതിയാകൂ. ചെറിയ പലിശയ്ക്ക് ദീർഘകാല വായ്‌പ നൽകാൻ ജപ്പാൻ പോലുള്ള രാജ്യങ്ങൾ തയ്യാറാകും. എന്നാൽ കേരളത്തിലെ ജനങ്ങളിൽ നിന്ന് ഓഹരി സമാഹരിച്ച് 24,000 കോടി രൂപ കണ്ടെത്താനുള്ള ബദൽ മാർഗം സർക്കാർ പരിഗണിക്കുന്നതായി 'അതിവേഗ റെയിലിന് ജനങ്ങളുടെ പണം' എന്ന തലക്കെട്ടിൽ ഞങ്ങളുടെ ലേഖകൻ എം.എച്ച്. വിഷ്ണു തയ്യാറാക്കിയ വാർത്ത കേരളകൗമുദി പ്രസിദ്ധീകരിച്ചിരുന്നു. മറ്റ് രാജ്യങ്ങളെയും അന്താരാഷ്ട്ര ധനകാര്യ വായ്‌പാ സ്ഥാപനങ്ങളെയും ആശ്രയിക്കാതെ സ്വന്തം നാട്ടിൽ നിന്നുതന്നെ അതിന് പണം കണ്ടെത്താനായാൽ അതാവും ഏറ്റവും സ്വാഗതാർഹം. ഇതുപോലുള്ള വൻകിട പദ്ധതിയിൽ മുതൽമുടക്കാൻ കെൽപ്പുള്ള പ്രവാസി വ്യവസായികളുടെ എണ്ണം മറ്റേതൊരു സംസ്ഥാനത്തെക്കാൾ കൂടുതലുള്ള സ്ഥലമാണ് കേരളം.

ഏതാണ്ട് 25 ലക്ഷത്തോളം പ്രവാസികളാണ് കേരളത്തിൽ ഉള്ളത്. ഇതിൽ എൺപതു ശതമാനവും ഗൾഫ് രാജ്യങ്ങളിലാണ്. 2025ൽ ഇവർ കേരളത്തിലേക്ക് അയച്ചത് രണ്ട് ലക്ഷത്തിലേറെ കോടി രൂപയാണ്. അതായത് കേരളത്തിന്റെ വാർഷിക റവന്യു വരുമാനത്തേക്കാൾ ഒന്നരമടങ്ങു വരും. ഈ പണത്തിന്റെ സിംഹഭാഗവും ബാങ്കുകളിൽ മറ്റ് ഉത്പാദനക്ഷമമായ കാര്യങ്ങൾക്ക് വിനിയോഗിക്കപ്പെടാതെ കിടക്കുകയാണ്. അതിവേഗ റെയിൽ പോലുള്ള വലിയ ഭാവിയുള്ള ഒരു പദ്ധതിയിൽ പ്രവാസികളെയും നാട്ടിലുള്ള സമ്പന്നരെയും പങ്കാളികളാക്കാൻ സർക്കാർ മുന്നോട്ടുവന്നാൽ അത് ഒരു വലിയ മാറ്റമാകും സംസ്ഥാനത്ത് സൃഷ്ടിക്കുക. പണം ഇവിടെത്തന്നെ ഉള്ളപ്പോൾ അത് തേടി മറ്റൊരിടത്തും അലയേണ്ട കാര്യമില്ല. ഗൾഫ് രാജ്യങ്ങളിലെ സ്വദേശിവത്‌കരണം കാരണം അവിടെ നിന്ന് തിരിച്ചുവരുന്നവരുടെ എണ്ണം കൂടിവരികയാണ്.

ഇങ്ങനെ മടങ്ങിവരുന്നവരിൽ ഇലക്ട്രിക്, ഫാബ്രിക്കേഷൻ, വെൽഡിംഗ് തുടങ്ങിയ മേഖലകളിൽ ആധുനിക പരിശീലനം ലഭിച്ച വിദഗ്ദ്ധ തൊഴിലാളികളുമുണ്ട്. ഇവരെയും അതിവേഗ റെയിലിന്റെ നിർമ്മാണത്തിൽ ഭാഗഭാക്കാക്കാവുന്നതാണ്. ഒരേസമയം പ്രവാസികളുടെ പണവും അവരുടെ വൈദഗ്ദ്ധ്യവും ഇതിനായി പ്രയോജനപ്പെടുത്താം. വൻ ലാഭത്തിൽ പ്രവർത്തിക്കുന്ന നെടുമ്പാശ്ശേരി വിമാനത്താവളത്തിന് മുപ്പതിനായിരം ഓഹരി ഉടമകളുണ്ട്. മുപ്പതിലേറെ രാജ്യങ്ങളിലെ മലയാളികൾ പങ്കാളികളായി കണ്ണൂർ വിമാനത്താവളത്തിന്റെയും 24 ശതമാനം ഓഹരി സ്വകാര്യ വ്യക്തികളുടേതാണ്. ആധുനിക കാലത്തിന്റെ മാതൃകയായ ഈ ക്രൗഡ് ഫണ്ടിംഗ് രീതി വിജയകരമായി അതിവേഗ റെയിലിന്റെ സാക്ഷാത്‌കാരത്തിനും പ്രയോജനപ്പെടുത്തണം. അങ്ങനെയുള്ള ജനപങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കപ്പെടുമ്പോൾ ഇത്തരം വൻകിട പദ്ധതികൾക്കെതിരായ ജനരോഷവും ഇല്ലാതാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HIGH SPEED RAIL KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY