
കേരളത്തിന്റെ സാംസ്‌കാരിക ഭൂമികയുടെ നെടുംതൂണാണ് ചെറുതുരുത്തി കേരള കലാമണ്ഡലം. എന്നാൽ ഈ സ്ഥാപനം ഇന്ന് വാർത്തകളിൽ നിറയുന്നത് കലയുടെ കാൽ ചിലമ്പൊലികൾ കൊണ്ടോ കലാ, നാദവിസ്മയങ്ങൾ കൊണ്ടോ അല്ല. മറിച്ച് ഭരണതലപ്പത്തെ അസ്വാരസ്യങ്ങളും അക്കാഡമിക് രംഗത്തെ മുരടിപ്പും അദ്ധ്യാപക- വിദ്യാർത്ഥി സമരങ്ങളും കൊണ്ടാണ്. ഭരണപരമായ കെടുകാര്യസ്ഥതയുടെയും രാഷ്ട്രീയ അതിപ്രസരത്തിന്റെയും ദീർഘവീക്ഷണമില്ലായ്മയുടെയും നടുവിൽപ്പെട്ട് നാശത്തിലേക്ക് നീങ്ങുന്നോയെന്ന് തോന്നിപ്പിക്കും വിധമാണ് കാലമണ്ഡലത്തിന്റെ ഇന്നത്തെ പോക്ക്. കലയുടെ കനക കിരീടം ചൂടുന്ന ഈ മണ്ണിന്റെ നല്ലതുകളിലേക്കുള്ള തിരിച്ചുവരവ് എന്നാണെന്നാണ് കലാപ്രേമികൾ ആകാംഷയോടെ ഉറ്റുനോക്കുന്നത്.
തകരുന്ന ഗുരുകുല പാരമ്പര്യം
ഗുരുകുല സമ്പ്രദായത്തിന്റെ നന്മകളെ ആധുനിക വിദ്യാഭ്യാസ പ്രക്രിയയുമായി സമന്വയിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കലാമണ്ഡലം ഒരു കൽപിത സർവകലാശാലയായി മാറ്റപ്പെട്ടത്. എന്നാൽ, ഈ മാറ്റം സ്ഥാപനത്തിന്റെ ആത്മാവിനെ ചോർത്തിക്കളഞ്ഞെന്നാണ് ആക്ഷേപം. ഒരുവശത്ത് കലയുടെ മഹിമയും മറുവശത്ത് യു.ജി.സി മാനദണ്ഡങ്ങളുടെ ചട്ടക്കൂടുകളും തമ്മിൽ പൊരുത്തപ്പെടുന്നില്ല എന്നതാണ് കലാമണ്ഡലം നേരിടുന്ന പ്രധാന വെല്ലുവിളി.
അക്കാഡമിക് നിയമനങ്ങളിൽ യോഗ്യതയേക്കാൾ കൂടുതൽ രാഷ്ട്രീയ താത്പര്യങ്ങൾക്ക് മുൻഗണന ലഭിക്കുന്നുവെന്ന പരാതിക്ക് കാലങ്ങളുടെ പഴക്കമുണ്ട്. പ്രഗത്ഭരായ കലാകാരന്മാർ ഭരിക്കേണ്ട സ്ഥാനങ്ങളിൽ പാർട്ടികളുടെ കടുംപിടിത്തങ്ങളും പാർട്ടി താത്പര്യങ്ങളും അടിച്ചേൽപ്പിക്കപ്പെടുന്നുണ്ട് എന്നതാണ് വസ്തുത. വൈസ് ചാൻസലർ പദവിയെച്ചൊല്ലിയുള്ള തർക്കങ്ങളും താത്കാലിക ചുമതലക്കാരുടെ ഭരണവും സ്ഥാപനത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളെപ്പോലും ദോഷകരമായി ബാധിച്ചു. കൃത്യമായ ദിശാബോധമില്ലാത്ത ഭരണസമിതികൾക്ക് മുന്നിൽ പകച്ചുനിൽക്കുന്ന അവസ്ഥ സ്ഥാപനത്തിനു മാത്രമല്ല, കലാമണ്ഡലമെന്ന ഒറ്റ പേരിലേക്ക് ജീവിതം തന്നെ ചുരുക്കപ്പെടണമെന്ന് അതിയായി ആഗ്രഹിച്ച് എത്തിച്ചേർന്ന കലാകാരന്മാർക്കുമുണ്ട്.
സാമ്പത്തിക പ്രതിസന്ധി
കലാമണ്ഡലം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ്. കൃത്യസമയത്ത് ശമ്പളവും പെൻഷനും നൽകാൻ കഴിയാത്ത അവസ്ഥയിലേക്ക് ഈ സാംസ്‌കാരിക സ്ഥാപനം കൂപ്പുകുത്തി. മാസങ്ങളോളം ശമ്പളം മുടങ്ങുമ്പോൾ, പ്രതിമാസ വരുമാനത്തെ മാത്രം ആശ്രയിച്ചു കഴിയുന്ന പാരമ്പര്യ കലാകാരന്മാരായ അദ്ധ്യാപകരും ജീവനക്കാരും കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാണ്. ഇത് അവരുടെ അക്കാഡമിക് താത്പര്യങ്ങളെയും പഠിപ്പിക്കൽ നിലവാരത്തെയും ബാധിക്കുന്നുണ്ട്.
പല കോഴ്‌സുകൾക്കും ആവശ്യമായ ഗ്രാന്റുകൾ കൃത്യമായി ലഭിക്കുന്നില്ല. തനത് കലകളുടെ സംരക്ഷണത്തിന് കോടികൾ വകയിരുത്തുന്നതായി പ്രഖ്യാപിക്കുന്ന സർക്കാരുകൾ, കലാമണ്ഡലത്തിന്റെ നിലനിൽപ്പിനായി പ്രത്യേക പാക്കേജുകൾ അനുവദിക്കാൻ മടിക്കുന്നത് മറ്റൊരു പ്രശ്‌നമാണ്. താത്കാലിക അദ്ധ്യാപകരുടെയും ദിവസക്കൂലിക്കാരുടെയും അവസ്ഥ ഇതിലും പരിതാപകരമാണ്. തുച്ഛമായ വേതനത്തിന് ജോലി ചെയ്യുന്ന ഇവർക്ക് ജോലിസ്ഥിരതയോ കൃത്യമായ ആനുകൂല്യങ്ങളോ ഇല്ല.
കോഴ്‌സുകളുടെ നിലവാരത്തകർച്ച
വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ
കഥകളി, മോഹിനിയാട്ടം, കൂടിയാട്ടം, തുള്ളൽ, മദ്ദളം, ചെണ്ട തുടങ്ങിയ പരമ്പരാഗത കലകളിൽ ചിട്ടയായ പരിശീലനം നൽകിയിരുന്ന കലാമണ്ഡലത്തിൽ ഇന്ന് വിദ്യാർത്ഥികൾ ഗണ്യമായി കുറഞ്ഞു. പുതിയ തലമുറയെ ഇത്തരം കലകളിലേക്ക് ആകർഷിക്കാൻ പോന്ന പരിഷ്‌കാരങ്ങൾ പാഠ്യപദ്ധതിയിൽ കൊണ്ടുവരാൻ സർവകലാശാല അധികൃതർക്ക് കഴിയുന്നില്ല. ബിരുദ, ബിരുദാനന്തര കോഴ്‌സുകളുടെ സർട്ടിഫിക്കറ്റുകൾക്ക് പുറംലോകത്ത് ലഭിക്കുന്ന അംഗീകാരത്തെക്കുറിച്ച് വിദ്യാർത്ഥികളിൽ ഇപ്പോഴും ആശങ്ക നിലനിൽക്കുന്നു.
ക്ലാസ് മുറികളിലെയും ഹോസ്റ്റലുകളിലെയും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ് മറ്റൊരു പ്രധാന പ്രശ്‌നം. പെൺകുട്ടികളുടെ ഹോസ്റ്റലിലെ സുരക്ഷാ വീഴ്ചകളും ആഹാരത്തിന്റെ ഗുണനിലവാരമില്ലായ്മയും ചൂണ്ടിക്കാട്ടി വിദ്യാർത്ഥികൾക്ക് പലതവണ സമരരംഗത്തിറങ്ങേണ്ടി വന്നു. പഠനാന്തരീക്ഷം തകരുമ്പോൾ അത് ബാധിക്കുന്നത് കലയുടെ ശുദ്ധിയെയാണ്. കലാമണ്ഡലത്തിന്റെ ചരിത്രത്തിൽ വിദ്യാർത്ഥി സമരങ്ങൾ ഇത്രയധികം ആവർത്തിക്കേണ്ടി വരുന്നത് ഭരണാധികാരികളുടെ പരാജയത്തെയാണ് ചൂണ്ടിക്കാട്ടുന്നത്.
അന്താരാഷ്ട്ര ബന്ധങ്ങളില്ലാതെയായി
ഒരു കാലത്ത് വിദേശത്തു നിന്നുള്ള നൂറുകണക്കിന് ഗവേഷകരും വിദ്യാർത്ഥികളും കഥകളിയും മോഹിനിയാട്ടവും പഠിക്കാൻ ചെറുതുരുത്തിയിൽ ക്യാമ്പ് ചെയ്തിരുന്നു. എന്നാൽ ഇന്ന് അന്താരാഷ്ട്ര തലത്തിലുള്ള ബന്ധങ്ങൾ നിലനിറുത്താനോ പുതിയ സാംസ്‌കാരിക കൈമാറ്റ പദ്ധതികൾ ആവിഷ്‌കരിക്കാനോ സാധിക്കുന്നില്ലെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. കലാമണ്ഡലത്തിന്റെ ട്രൂപ്പുകൾ വിദേശങ്ങളിൽ നടത്തിയിരുന്ന പരിപാടികളിലൂടെയുള്ള വരുമാനവും വലിയ തോതിൽ കുറഞ്ഞു. ആധുനിക ഡിജിറ്റൽ മാർക്കറ്റിംഗ്, അന്താരാഷ്ട്ര സാംസ്‌കാരിക ടൂറിസം സാദ്ധ്യതകൾ പ്രയോജനപ്പെടുത്താൻ തക്കവണ്ണം സ്ഥാപനത്തെ ആധുനികവത്കരിക്കാൻ കഴിഞ്ഞിട്ടില്ല. നവമാദ്ധ്യമങ്ങളുടെ കാലത്ത് തനത് കലകളെ ആഗോളതലത്തിൽ ബ്രാൻഡ് ചെയ്യാൻ കലാമണ്ഡലത്തിന് പ്രത്യേക വിഷൻ ഡോക്യുമെന്റ് ആവശ്യമാണെന്ന് കേരളകൗമുദിയോട് അഭിപ്രായപ്പെട്ടത് കലാമണ്ഡലത്തിലെ തന്നെ പേര് വെളിപ്പെടുത്താത്ത ഉന്നതനാണ്.
ഇതിനു പുറമേയാണ് കലാമണ്ഡലത്തിന്റെ മുഖമായ കളരികൾ തകർന്ന് തരിപ്പണമായിരിക്കുന്നത്. ഇന്ന് ശരിയാകും നാളെ ശരിയാകും എന്നെല്ലാം പറയുന്നുണ്ടെങ്കിലും ഒന്നും ഫലവത്തായി നടപ്പായിട്ടില്ലെന്നതാണ് വാസ്തവം. കളരികളിലേക്ക് എത്താൻ അധികൃതർ സാഹചര്യം ഒരുക്കി നൽകണമെന്ന തരത്തിലേക്ക് നിലപാട് കടുപ്പിക്കേണ്ട അവസ്ഥയിലാണ് വിദ്യാർത്ഥികൾ.
കലാമണ്ഡലത്തിന്റെ ചരിത്രത്തിലെ തന്നെ വിപ്ലവകരമായ തീരുമാനങ്ങളിലൊന്നായിരുന്നു പഠന വിഷയങ്ങൾക്ക് ഓരോന്നിനും പ്രത്യേക സിലബസും പുസ്തകങ്ങളും ഏർപ്പെടുത്തുകയെന്നത്. ഇതും ഈ അടുത്ത കാലത്ത് വിവാദത്തിലായിരുന്നു. ചുരുങ്ങിയ ദിവസങ്ങൾ മാത്രമാണ് പുസ്തകം തയാറാക്കാൻ അനുവദിച്ചിട്ടുള്ളത് എന്നതാണ് ഇതിൽ പ്രധാനം. പുസ്തകം തയാറാക്കുന്നതിന് ഓരോ വിഷയത്തിനും വിഷയ വിദഗ്ദ്ധൻ (സബ്ജക്ട് എക്സ്പേർട്ട്) ഇല്ല എന്നുള്ള ആരോപണങ്ങളും ശക്തമാണ്.
പ്രതാപം വീണ്ടെടുക്കണം
കലാമണ്ഡലത്തിന്റെ പഴയകാല പ്രതാപം വീണ്ടെടുക്കാൻ താത്കാലിക ഇടപെടലുകൾ മാത്രം പോര. ദീർഘവീക്ഷണത്തോടെയുള്ള അടിയന്തര ഇടപെടലുകളാണ് വേണ്ടത്. കലാമണ്ഡലത്തിന്റെ ഭരണം രാഷ്ട്രീയ അതിപ്രസരത്തിൽ നിന്ന് മുക്തമാക്കണം. കലയെയും കലാമണ്ഡലത്തിന്റെ പാരമ്പര്യത്തെയും ആത്മാർത്ഥമായി സ്‌നേഹിക്കുന്ന പ്രഗത്ഭരായ കലാകാരന്മാരെയും സാംസ്‌കാരിക നായകന്മാരെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഭരണസമിതി രൂപീകരിക്കണം. വൈസ് ചാൻസലർ നിയമനം പൂർണമായും മെരിറ്റ് അടിസ്ഥാനത്തിലാകണം. സി.എസ്.ആർ ഫണ്ടുകൾ, അന്താരാഷ്ട്ര സാംസ്‌കാരിക ഫണ്ടുകൾ എന്നിവ സമാഹരിക്കാൻ പ്രത്യേക വിഭാഗങ്ങൾ രൂപീകരിക്കണം. അവർക്കു കീഴിൽ പുത്തൻ പദ്ധതികൾ ആവിഷ്‌കരിക്കണം. ബഡ്ജറ്റിലെ പ്രഖ്യാപനങ്ങൾ അങ്ങനെ മാത്രം ഒതുങ്ങരുതെന്ന് സർക്കാരുകൾ തീരുമാനിക്കണം. വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും അനുയോജ്യമായ അന്തരീക്ഷം ക്യാമ്പസിൽ ഒരുക്കണമെന്നതാണ് പ്രധാന ആവശ്യം.
കേരള കലാമണ്ഡലം എന്നത് തൃശൂർ ജില്ലയിലെ ചെറുതുരുത്തിയിലുള്ള ഒരു സ്ഥാപനം മാത്രമല്ല, അത് ലോകത്തിന് മുന്നിൽ കേരളത്തിന്റെ സാംസ്‌കാരിക മേൽവിലാസമാണ്. വള്ളത്തോളിനേപ്പോലെയുള്ള മഹാരഥന്മാരുടെ സ്മരണകൾ ഉറങ്ങുന്ന മണ്ണിൽ പ്രതിഷേധ സ്വരങ്ങൾ ഉയരുന്നത് ലജ്ജാകരമാണ്. ഭരണകർത്താക്കളും സാംസ്‌കാരിക വകുപ്പും തങ്ങളുടെ നിസംഗത വെടിഞ്ഞ് കലാമണ്ഡലത്തെ രക്ഷിക്കാൻ മുന്നോട്ടുവരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |