SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.46 AM IST

അവരുടെ പോക്കിൽ നിശ്ചലമാകുന്ന നാട്

a

ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ കേരളം വിട്ടതോടെ സർവ മേഖലകളും ഏതാണ്ട് നിശ്ചലമായിരിക്കുകയാണ്. വിതയ്ക്കുന്നതും കൊയ്യുന്നതും റബർ വെട്ടുന്നതും ചായ അടിക്കുന്നതുമൊക്കെ ബംഗാളികളുടെ കുത്തകയായി മാറിയിട്ട് കാലം കുറച്ചായി. അവരുടെ താത്‌കാലിക അഭാവം നിർമ്മാണ, ഹോട്ടൽ മേഖലയെ താളം തെറ്റിച്ചിരിക്കുന്നതിൽ അതിശയിക്കേണ്ടതില്ല. 29-ന് ബംഗാൾ തിരഞ്ഞെടുപ്പു കഴിഞ്ഞ് മേയ് അവസാനമോ ജൂൺ ആദ്യമോ ആകും അവർ തിരിച്ചെത്തുക. മിക്കവാറും ബക്രീദ് കഴിഞ്ഞായിരിക്കും ഭൂരിപക്ഷം പേരും മടങ്ങിവരിക. അതുവരെ പ്രതിസന്ധി നേരിടേണ്ടിവരുമെന്ന ആശങ്കയിലാണ് നിർമ്മാണ - ഹോട്ടൽ മേഖലകൾ. കേരളത്തിലെ ദേശീയപാതയുടെയും പാലങ്ങളുടെയും പണികൾ ഇവരുടെ കുറവു മൂലം മന്ദഗതിയിലായി. ടൂറിസം മേഖലയിൽ ജോലിചെയ്യുന്നവരിൽ തൊണ്ണൂറ് ശതമാനവും അസം, ബംഗാൾ സ്വദേശികളാണ്. ടൂറിസം മേഖലയെയും ഇത് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. എന്തിന്; തീരദേശ റെയിൽപ്പാത ഇരട്ടിപ്പിക്കൽ പണിയുടെ വരെ താളം തെറ്റിയിരിക്കുന്നു!

ആലപ്പുഴ ജില്ലയിൽ അരൂർ പാലത്തിന്റെ ഉൾപ്പെടെ നിർമ്മാണം നടക്കുകയാണ്. കുമ്പളം - തുറവൂർ ഭാഗത്തും പാലങ്ങളുടെയും യാഡുകളുടെയും പണി നടക്കുന്നു. ആവശ്യത്തിന് ജോലിക്കാർ ഇല്ലാത്തതിനാൽ വെൽഡിംഗ്, കട്ടിംഗ് പണികൾ ഏതാണ്ട് നിലച്ച മട്ടാണ്. പാചകവാതക വിതരണത്തിലെ തടസം കാരണം പ്രതിസന്ധിയിലായ ഹോട്ടൽ വ്യവസായത്തെ അന്യസംസ്ഥാന തൊഴിലാളികളുടെ തിരിച്ചുപോക്ക് കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. കേരളത്തിലെ പകുതിയിലധികം ചെറുകിട റസ്റ്റോറന്റുകളും ഹോട്ടലുകളും അടച്ചിട്ടിരിക്കുകയാണ്. തുറന്നു പ്രവർത്തിക്കുന്നവയിൽത്തന്നെ വിഭവങ്ങൾ കുറവാണ്. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറുകളുടെ വിതരണം കുറച്ചിട്ട് ഒരു മാസം പൂർത്തിയാവുന്നു. ഇപ്പോഴും ആവശ്യത്തിന്റെ അമ്പതു ശതമാനം പോലും ലഭിക്കുന്നില്ലെന്നാണ് ഹോട്ടലുടമകൾ പറയുന്നത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ മാത്രമാണ് സിലിണ്ടറുകൾ ഭേദപ്പെട്ട രീതിയിൽ വിതരണം ചെയ്യുന്നത്.

നാട്ടിൽ പോയാൽ ഇവർ രണ്ടും മൂന്നും മാസം കഴിഞ്ഞാണ് പലപ്പോഴും തിരിച്ചുവരിക. അതിനാൽ തൊഴിലുടമകൾ ഇവരെ കൂട്ടത്തോടെ നാട്ടിലേക്കു വിടാറില്ല. ഇത്തവണ എസ്.ഐ.ആറിന്റെ പശ്ചാത്തലത്തിൽ ഇവരുടെ നിർബന്ധത്തിനു വഴങ്ങി കൂട്ടത്തോടെ അവധി നൽകുകയായിരുന്നു. ഹോട്ടലിൽ വിഭവങ്ങൾ കുറഞ്ഞതിനൊപ്പം വില കൂടിയതും നാട്ടുകാരെ വലയ്ക്കുന്നു. ചായയ്ക്കും വടയ്ക്കും മിക്കവാറും എല്ലായിടത്തും 12 രൂപ ആയിക്കഴിഞ്ഞു. ഉഷ്‌ണകാലമായതിനാൽ ശീതളപാനീയങ്ങൾക്ക് വില്പന കൂടുതലാണ്. എന്നാൽ ഇതിന് പല കടകളിലും തോന്നിയ പോലെയാണ് വില ഈടാക്കുന്നത്. കൊവിഡ് കാലത്താണ് ഇത്രയധികം അന്യസംസ്ഥാന തൊഴിലാളികൾ ഇതിനു മുമ്പ് തിരിച്ചുപോയിട്ടുള്ളത്. അന്ന് എല്ലാ മേഖലകളും നിയമപരമായിത്തന്നെ അടഞ്ഞുകിടന്നതിനാൽ അത് കേരളത്തെ ഇത്രയധികം ബാധിച്ചിരുന്നില്ല.

മുമ്പൊക്കെ തമിഴ്‌നാട്ടിൽ നിന്നുള്ള തൊഴിലാളികളാണ് കേരളത്തിൽ കൂടുതലായി കൂലിവേലയ്ക്കും മറ്റും വന്നിരുന്നത്. ഇന്നവരെ കാണാനില്ല. പകരം ചായയും വടയും മറ്റും വിൽക്കുന്ന ചെറുകിട സംരംഭങ്ങളിൽ തൊണ്ണൂറ് ശതമാനവും തമിഴ്നാട്ടുകാരാണ്. താഴെത്തട്ടിൽ ജോലിക്കാർ ബംഗാളികളും മുതലാളിമാർ തമിഴരും എന്ന നിലയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. പൂർണമായും അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരെ ആശ്രയിച്ചാണ് കേരളം കഴിയുന്നത് എന്നത് പ്രകടമായി തിരിച്ചറിയപ്പെടുന്ന ഇത്തരം സന്ദർഭങ്ങൾ പല വീണ്ടുവിചാരങ്ങൾക്കും വേദിയായി മാറണം. നാൽപ്പതു ലക്ഷത്തോളം വരുന്ന അന്യസംസ്ഥാന തൊഴിലാളികൾ എല്ലാക്കാലവും ഇവിടെ ഇതുപോലെ ഉണ്ടാകണമെന്നില്ല. നാളെ അവരുടെ എണ്ണം കുറയുമ്പോൾ പകരം എന്താവണം സംവിധാനമെന്ന് ഭരണാധികാരികൾ ഇപ്പോഴേ ആലോചിച്ചു തുടങ്ങേണ്ടിയിരിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BENGAL ELECTION, WORKERS, LABOUR FORCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY