
മിസൈൽ സാങ്കേതികവിദ്യ രാജ്യത്തെ സ്വകാര്യ മേഖലയ്ക്ക് നൽകാനുള്ള നിർണായക തീരുമാനത്തിന് കേന്ദ്ര സർക്കാർ പച്ചക്കൊടി കാട്ടിയിരിക്കുന്നു. ഡിഫൻസ് ആൻഡ് റിസർച്ച് ഡവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡി.ആർ.ഡി.ഒ) വികസിപ്പിച്ച മിസൈൽ സാങ്കേതിക വിദ്യയാണ് മിസൈൽ നിർമ്മാണ രംഗത്തുള്ള സ്വകാര്യ കമ്പനികൾക്ക് കൈമാറാൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അനുമതി നൽകിയത്. പ്രധാനമായും ഇത് രണ്ട് ലക്ഷ്യങ്ങളോടെയാണെന്ന് സർക്കാർ പറയുന്നു. പ്രതിരോധ മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കുക എന്നതാണ് മുഖ്യ ലക്ഷ്യം. ഇന്ത്യൻ വ്യവസായ സ്ഥാപനങ്ങളെ രാജ്യത്തിന്റെ പ്രതിരോധ നിർമ്മാണത്തിൽ പങ്കാളിയാക്കുക എന്നതാണ് മറ്റൊരു ലക്ഷ്യം. യോഗ്യതയുള്ള നിർദ്ദിഷ്ട നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കുന്ന കമ്പനികൾക്ക് നിർമ്മാണച്ചുമതല നൽകുമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യൻ പ്രതിരോധ മേഖലയിലെ ചരിത്രപരമായ തീരുമാനമാണിത്. രാജ്യത്തിന്റെ സുരക്ഷ- വ്യവസായ മേഖലയിൽ ദൂരവ്യാപകമായ ഫലങ്ങൾ സൃഷ്ടിക്കാൻ ഉതകുന്ന തീരുമാനം കൂടിയാണിത്.
സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം അധികാരത്തിൽ വന്ന കോൺഗ്രസ് പാർട്ടിയും നെഹ്‌റു മുതലായ സമുന്നത നേതാക്കളും പിന്തുടർന്ന സോഷ്യലിസ്റ്റ് ചിന്താഗതിയുടെ ഭാഗമായി പൊതുമേഖലയ്ക്കാണ് അമിത പ്രാധാന്യം നൽകിയത്. മാത്രമല്ല സ്വകാര്യ മേഖലയിലെ വളർച്ചയ്ക്ക് അമിത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. രാജ്യത്തിന്റെ വളർച്ച വലിയ രീതിയിൽ പിറകോട്ടടിക്കാൻ ഇടയാക്കിയതാണ് ഈ തീരുമാനമെന്ന് അനുഭവത്തിലൂടെ തിരിച്ചറിഞ്ഞപ്പോഴേക്കും വിലപ്പെട്ട നാലഞ്ച് ദശാബ്ദങ്ങൾ കടന്നുപോയിരുന്നു. തൊണ്ണൂറുകളിൽ ആഗോളവത്‌കരണത്തിന്റെ വരവോടെയാണ് ഇതിൽ ഒരു മാറ്റം ഉണ്ടായത്. ഇതിനിടയിൽ പൊതുമേഖലയെ മുറുകെപ്പിടിച്ചിരുന്ന സോവിയറ്റ് യൂണിയൻ തകരുകയും സ്വകാര്യ മേഖലയ്ക്ക് പ്രാധാന്യം നൽകിയിരുന്ന അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും മറ്റും വൻശക്തികളായി മാറുകയും ചെയ്തു. ഇപ്പോൾ ആഗോളവത്‌കരണത്തിൽ നിന്നും മാറി ഓരോ രാജ്യവും സ്വന്തം നിലയിൽ സ്വയംപര്യാപ്‌തമായ വൻ ശക്തികളാകാനുള്ള ശ്രമമാണ് ലോകം മുഴുവൻ നടക്കുന്നത്.
പ്രതിരോധം, ആഭ്യന്തര സുരക്ഷ, ജുഡീഷ്യറി തുടങ്ങിയ ഏതാനും മേഖലകളൊഴികെയുള്ളവ സ്വകാര്യ മേഖലയ്ക്ക് കൂടി പങ്കാളിത്തമുള്ളതാക്കി മാറ്റാതെ ഒരു രാജ്യത്തിനും ആധുനിക കാലത്തെ വളർച്ച സാദ്ധ്യമല്ല. ഈ പശ്ചാത്തലത്തിൽ ആത്മനിർഭർ ഭാരത് എന്ന ലക്ഷ്യത്തിലേക്ക് രാജ്യത്തെ എത്തിക്കാൻ ഉതകുന്നതാണ് മിസൈൽ സാങ്കേതികവിദ്യ സ്വകാര്യമേഖലയ്ക്കും കൂടി കൈമാറാനുള്ള തീരുമാനം. ഇതുവരെ പൊതുമേഖലാ സ്ഥാപനങ്ങളായ ഭാരത് ഡൈനാമിക്സ് ലിമിറ്റഡ് (ബി.ഡി.എൽ), ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് എന്നിവ മാത്രമാണ് പ്രതിരോധ ഉത്‌പന്നങ്ങൾ നിർമ്മിച്ചിരുന്നത്. അയൽരാജ്യങ്ങൾ ആധുനിക ആക്രമണ നിരീക്ഷണ സംവിധാനങ്ങൾ ശക്തമാക്കുന്ന സാഹചര്യത്തിൽ കൂടിയാണ് ഇന്ത്യയുടെ ഈ നയം മാറ്റം. ചൈനയുടെ സഹായത്തോടെ പാകിസ്ഥാൻ മിസൈൽ ശേഷി ഉയർത്തിക്കൊണ്ടിരിക്കുകയാണ്. അതിനാൽ വിദേശ രാജ്യങ്ങളെ ആശ്രയിക്കാതെ രാജ്യത്ത് മിസൈൽ നിർമ്മാണം വർദ്ധിപ്പിക്കേണ്ടത് അനിവാര്യമാണ്.
അമേരിക്കയിലെയും ഫ്രാൻസിലെയും മറ്റും സ്വകാര്യ കമ്പനികൾ ഉത്‌പാദിപ്പിക്കുന്ന പ്രതിരോധ സാമഗ്രികൾ പണം കൊടുത്ത് ഇന്ത്യയ്ക്ക് വാങ്ങാമെങ്കിൽ അത്തരത്തിലുള്ള സ്വകാര്യ കമ്പനികൾ ഇവിടെയും വളർന്ന് വരുന്നത് അനുവദിക്കുന്നതാണ് രാജ്യപുരോഗതിക്ക് നല്ലത്. കോടിക്കണക്കിന് രൂപ പ്രതിരോധ സാമഗ്രികൾ ഇറക്കുമതി ചെയ്യുന്നതിനായി ചെലവിടുന്ന രീതിക്ക് മാറ്റം വരാനും ഈ തീരുമാനം ഉപയുക്തമാകും. കൂടാതെ ആഭ്യന്തര ഉത്പാദനം വർദ്ധിക്കുന്നതോടെ വ്യവസായ മേഖലയിൽ ലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങളാവും സൃഷ്ടിക്കപ്പെടുക. പ്രതിരോധ ഉത്‌പാദനത്തിൽ ഇന്ത്യയെ ഒരു ആഗോള ഹബ്ബാക്കി മാറ്റാനും സൈനിക സ്വയംപര്യാപ്തത കൈവരിക്കാനും പുതിയ നയം മാറ്റം സഹായിക്കുമെന്ന് കരുതാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |