SignIn
Kerala Kaumudi Online
Friday, 28 August 2026 1.51 AM IST

അധഃസ്ഥിത സമൂഹത്തിന്റെ വിമോചകൻ,​ നവോത്ഥാന പ്രതിഭ

t

ഇന്ന് 163-ാമത് അയ്യങ്കാളി ജയന്തി

മഹാത്മ അയ്യങ്കാളിയെ അദ്ദേഹത്തിന്റെ 163ാം ജന്മദിനത്തിൽ സ്മരിക്കുക എന്നത് നമ്മുടെ ചരിത്രബോധത്തിന്റെയും നവോത്ഥാനത്തിന്റെയും അടയാളപ്പെടുത്തലാണ്.

അടിച്ചമർത്തപ്പെട്ടവരുടെ സാമൂഹ്യമാറ്റത്തിന് പോരാടിയ നവോത്ഥാന പ്രതിഭ, അധഃസ്ഥിത സമൂഹത്തിന്റെ വിമോചകൻ, ജാതീയതയുടെ തമസിൽ ആണ്ടുകിടന്ന കേരള ജനതയ്ക്കാകെ വഴികാട്ടിയ മഹാത്മ അയ്യങ്കാളിക്ക് വിശേഷണങ്ങൾ അനേകമാണ്. സാധുജനങ്ങളെ അടിമകളാക്കിയ രാജാധിപത്യത്തിന്റെ ദുർഘടപാതയിലൂടെ നിഷേധത്തിന്റെ വില്ലുവണ്ടി പായിച്ച നവോത്ഥാന ശില്പിയാണ് അയ്യൻകാളി.

ജന്മിത്തവും ജാതി മേധാവിത്വവും ഉച്ചനീചത്വങ്ങളും കൊടികുത്തി വാണ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാർത്ഥത്തിൽ ഭൂജാതനാകുകയും ഇരുപതാം നൂറ്റാണ്ടിന്റെ പൂർവ്വാർത്ഥത്തിൽ 4 പതിറ്റാണ്ടുകാലം വരെയും വിപ്ലവകരമായ ജീവിതം നയിക്കുകയും ചെയ്ത സാമൂഹ്യ പരിഷ്‌കർത്താവായിരുന്നു മഹാത്മ അയ്യങ്കാളി. ചരിത്രം കേവലം യാന്ത്രികമായ വിപ്ലവകാരിയായല്ല അയ്യങ്കാളിയെ അടയാളപ്പെടുത്തുന്നത്. പാർശ്വവൽക്കരിക്കപ്പെട്ട ജനതയുടെ ചങ്ങലകൾ സമരങ്ങളിലൂടെയും ശാരീരിക ചെറുത്തുനിൽപ്പുകളിലൂടെയും പൊട്ടിച്ചെറിഞ്ഞ നവോത്ഥാന നായകനായിരുന്നു അയ്യങ്കാളി.

ഇന്ത്യയിൽ വിദ്യാഭ്യാസ അവകാശ നിയമം നടപ്പിലായിട്ട് ഒരു പതിറ്റാണ്ട് പിന്നിട്ടിട്ടേ ഉള്ളു. എന്നാൽ അധ:സ്ഥിതരുടെ ഉന്നമനത്തിന് വിദ്യാഭ്യാസം സാധിതമാകണമെന്ന് തിരിച്ചറിഞ്ഞ ക്രാന്തദർശിയായ അയ്യൻകാളി അതിന് ദളിതരെ പ്രാപ്തരാക്കുന്നതിന് വേണ്ടി നിരന്തര പോരാട്ടത്തിലേർപ്പെട്ടു. അവശ ജനവിഭാഗങ്ങൾക്കായി അദ്ദേഹം പള്ളിക്കൂടം പണിഞ്ഞത് 122 വർഷം മുമ്പായിരുന്നു. പക്ഷേ,​ അന്നു രാത്രി തന്നെ ആ കുടിപ്പള്ളിക്കൂടത്തിന് തീയിട്ടാണ് ജന്മിമാർ പ്രതികാരം തീർത്തത്.

അക്ഷരാഭ്യാസത്തിനുള്ള അവസരത്തിനായി അദ്ദേഹം തിരഞ്ഞെടുത്ത സമര തീരുമാനമായിരുന്നു പിൽക്കാലത്തു കാർഷികപണിമുടക്ക് സമരമെന്ന് അറിയപ്പെട്ട കൃഷിഭൂമി തരിശിടൽ സമരം. വിദ്യാഭ്യാസ അവകാശം നേടിയെടുക്കാൻ ഒരു കർഷകസമരം വേറൊരു നാട്ടിലും ഒരിക്കലും ഇങ്ങനെ ഒന്ന് നടക്കാനിടയില്ല.

1907ൽ ദളിതർക്കു പള്ളിക്കൂടത്തിൽ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ഉണ്ടായി. ദീർഘനാളത്തെ 'ഭൂമി തരിശിടൽ സമര'ത്തിന്റെ ഒത്തുതീർപ്പു വ്യവസ്ഥയുടെ ഭാഗമായിരുന്നു ഈ ഉത്തരവ്. എങ്കിലും അയിത്തജാതിക്കുട്ടികൾക്ക് സ്വാഭാവികമായി വിദ്യാലയങ്ങളിൽ ചേർന്ന് പഠിക്കാൻ കഴിയുമായിരുന്നില്ല. അയ്യങ്കാളിയുടെ സമര ഫലമായി അയിത്ത ജാതികളിൽപ്പെട്ട കുട്ടികളുടെ പള്ളിക്കൂട പ്രവേശന നിയമം അധികൃതർ കർശനമായി പാലിക്കണമെന്ന് നിർദ്ദേശിച്ചു 1914ൽ വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവുണ്ടായി.

തുടർന്ന് തെന്നൂർകോണത്ത് പൂജാരി അയ്യൻ എന്നയാളുടെ എട്ടു വയസുള്ള മകൾ പഞ്ചമിയെയും കൂട്ടി അയ്യൻകാളിയും സംഘവും നെയ്യാറ്റിൻകര താലൂക്കിലെ ഊരൂട്ടമ്പലം പെൺപള്ളിക്കൂടത്തിൽ എത്തി. അറിവിന്റെ നിറകുടമാകേണ്ട അദ്ധ്യാപകൻ അതിനെതടയാൻ നോക്കി. അത് വകവയ്ക്കാതെ അദ്ദേഹം പഞ്ചമിയെ പള്ളിക്കൂടത്തിനുള്ളിലെ ബെഞ്ചിൽ കൊണ്ടിരുത്തി. പഞ്ചമിയെന്ന പുലയപ്പെൺകുട്ടി തൊട്ട ഊരൂട്ടമ്പലം പള്ളിക്കൂടം അന്ന് രാത്രി തന്നെ തീവച്ച് നശിപ്പിച്ചു.

ഇത്തരമൊരുഘട്ടത്തിലാണ് അയിത്തജാതിക്കാർക്കായി പ്രത്യേക പള്ളിക്കൂടം എന്നൊരാശയം അയ്യൻകാളിക്ക് തോന്നിയത്. അദ്ദേഹം ഇക്കാര്യത്തിന് പ്രാമുഖ്യം നൽകികൊണ്ട് നിവേദനം തയ്യാറാക്കുകയും മിച്ചൽ സായിപ്പിനെ നേരിൽ കണ്ടു കാര്യം ബോധിപ്പിക്കുകയും ചെയ്തു. ഇതിന്റെ ഫലമായി 1914ൽ വെങ്ങാനൂർ പുതുവൽ വിളാകത്തു മലയാളം പള്ളിക്കൂടം അനുവദിച്ചുകൊണ്ടു സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. 1905ൽ അയ്യൻകാളിയും കൂട്ടരും കെട്ടിയുയർത്തിയ കുടിപ്പള്ളിക്കൂടമാണ് ഇപ്രകാരം സർക്കാർ പള്ളിക്കൂടമായി മാറിയത്.

കല്ലുമാല സമരവും

വില്ലുവണ്ടി സമരവും

മനുഷ്യ മനസിലെ ജാതീയതയും അസമത്വചിന്തയും എരിച്ചടക്കാനുള്ള അഗ്നി അയ്യങ്കാളി നയിച്ച പ്രക്ഷോഭങ്ങൾക്കുണ്ടായിരുന്നു. കല്ലുമാല സമരവും വില്ലുവണ്ടി സമരവും തെളിയിച്ചതതാണ്.

നാട്ടുവ്യവസ്ഥയെ അതേ നാണയത്തിൽ വെല്ലുവിളിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. അതിന്റെ ഉത്തമോദാഹരണമായിരുന്നു വില്ലുവണ്ടി സമരം.

ദളിതനായി ജനിച്ചവർക്ക് അക്കാലത്ത് അനുഭവിക്കേണ്ടി വന്ന ഒരു സാമൂഹിക അസമത്വമാണ് സഞ്ചാര സ്വാതന്ത്ര്യം കൊട്ടിയടക്കൽ. വിശേഷ വസ്ത്രങ്ങളണിഞ്ഞ് വില്ലുവണ്ടിയിൽ പ്രമാണിമാർക്ക് സഞ്ചാരമാവാം. ഇവരുടെ യാത്രക്കിടയിൽ ചെന്നുപെടുന്ന കീഴാളർ വഴിമാറി നടക്കേണം. അയ്യൻകാളി അതംഗീകരിച്ചില്ല. അദ്ദേഹം ഒരു കാളവണ്ടി വാങ്ങി, തലപ്പാവു ധരിച്ചു, പൊതുവീഥിയിലൂടെ സാഹസിക യാത്രനടത്തി. സവർണ ജാതിക്കാർ ഈ യാത്ര തടഞ്ഞു. അയ്യങ്കാളി തന്റെ കയ്യിലുണ്ടായിരുന്ന കത്തി വലിച്ചൂരി അവരെ വെല്ലുവിളിച്ചു.

അയ്യൻകാളിയെ എതിരിടാൻ ആർക്കും ധൈര്യമുണ്ടായിരുന്നില്ല. അദ്ദേഹം ആരേയും കൂസാതെ തന്റെ വണ്ടിയിൽ യാത്ര തുടർന്നു. ആവേശഭരിതരായ അനുയായികൾ അദ്ദേഹത്തിന് അകമ്പടി സേവിച്ചു. അയ്യൻകാളിയുടെ ഒറ്റയാൾ പോരാട്ടം ചരിത്രത്തിലെ ധീരോദാത്തമായ ചുവടുവയ്പാണ്. 1915ലെ കല്ലുമാല സമരം ഒരേസമയം സത്രീ വിമോചന പോരാട്ടത്തിന്റെ പ്രതീകവും അനാചാരങ്ങളുടെ നിരാകരണത്തിന്റെ പ്രഖ്യാപനവുമായിരുന്നു. ഇത്തരം മഹാൻമാരായ നവോത്ഥാന നായകരുടെ ധീരോദാത്ത ശ്രമങ്ങളാണ് കേരളത്തെ ഇന്നത്തെ കേരളമാക്കി മാറ്റിയത്. എങ്കിലും അവശ ജനവിഭാഗങ്ങളുടെ അവകാശ സംരക്ഷണവും ഉന്നമനവും ഇന്നും അതീവ ശ്രദ്ധ ആവശ്യമായി വരുന്ന വിഷയങ്ങളാണ്. അത് നേടിയെടുക്കാനുള്ള അവിശ്രമമായ പ്രയത്നങ്ങളിൽ എല്ലാവരുടെയും പിന്തുണ അഭ്യർത്ഥിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THULASI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION