
കണ്ണൂരിന്റെ മലയോര ഗ്രാമങ്ങളെ തഴുകിയെത്തുന്ന രാക്കാറ്റിൽ ഇപ്പോൾ കുളിരില്ല, മറിച്ച് ഒരു തരം ഭീതിയുടെയും ആശങ്കയുടെയും പുകച്ചിലാണ്. വന്യമൃഗങ്ങളുടെ കടന്നുകയറ്റവും മനുഷ്യന്റെ അതിജീവന പോരാട്ടങ്ങളും മുഖാമുഖം നിൽക്കുന്ന മാലൂരിലെയും ചെങ്ങളായിലെയും വീഥികളിൽ നിശ്ശബ്ദമായ ഒരു യുദ്ധം നടക്കുകയാണ്. കഴിഞ്ഞദിവസം മാലൂർ പെരുവങ്ങാട്ട് വയലിലെ രാമകൃഷ്ണന്റെ പറമ്പിൽ കേട്ടത് വെറുമൊരു മൃഗത്തിന്റെ നിലവിളിയായിരുന്നില്ല, കാടിന്റെയും നാടിന്റെയും അതിരുകൾ മാഞ്ഞുപോയതിന്റെ ദുരന്ത സംഗീതമായിരുന്നു. പന്നിക്കെണിയിൽ കുടുങ്ങി, ചോരയൊലിപ്പിക്കുന്ന മുറിവുകളോടെ ജീവനായി പിടഞ്ഞ ആ പുലിയുടെ ഓരോ അലർച്ചയും അങ്കണവാടി ടീച്ചർ രമയുടെയും ഭർത്താവ് ബാബുവിന്റെയും തൊഴുത്തിനരികിൽ ഭീതിയുടെ നിഴൽ വീഴ്ത്തി. ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റ്, ഒടുവിൽ മൂന്ന് ഡോസ് മയക്കുവെടിക്ക് ശേഷം ആ ജീവൻ എന്നെന്നേക്കുമായി അറ്റുപോകുമ്പോൾ, ആറളം ആർ.ആർ.ടി ആശുപത്രിക്ക് മുന്നിൽ അവശേഷിച്ചത് പരിഹാരമില്ലാത്ത ചോദ്യങ്ങളുമാണ്.
കഷ്ടപ്പെട്ട് അദ്ധ്വാനിച്ചുണ്ടാകുന്ന കൃഷിയിടങ്ങൾ ഒറ്റ രാത്രി കൊണ്ട് വന്യമൃഗങ്ങൾ വന്ന് ചവിട്ടി മെതിക്കുമ്പോൾ സഹികെട്ടാണ് കർഷകർ പന്നിക്കെണി ഉൾപ്പെടെ സ്ഥാപിക്കുന്നത്. പെരുവാങ്ങാട്ട് വയൽ കെ.പി.ആർ.നഗറിലെ രാമകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള പറമ്പിലെ കെണിയിൽ വ്യാഴാഴ്ച പുലർച്ചെ നാലോടെയായിരുന്നു പുലി കുടുങ്ങിയത്. കൊട്ടിയൂർ വനാതിർത്തിയിൽ ഉൾപ്പെടുന്ന പ്രദേശമാണ് മാലൂർ. അങ്കണവാടി അദ്ധ്യാപിക രമയുടേയും ബാബുവിന്റേയും വീടിന് തൊട്ടടുത്ത തൊഴുത്തിൽ ഇവരുടെ മൂന്ന് പശുക്കളുണ്ട്. അതിന് തൊട്ടടുത്ത് സ്ഥാപിച്ച പന്നിക്കെണിയിലാണ് പുലി കുടുങ്ങിയത്. പുലർച്ചെ പ്രദേശവാസികൾ അസാധാരണമായ ശബ്ദം കേട്ട് നടത്തിയ പരിശോധനയിലാണ് കെണിയിൽ പുലി കുടുങ്ങിയതായി കണ്ടെത്തിയത്. തുടർന്ന് കൊട്ടിയൂർ ഫോറസ്റ്റ് റേഞ്ച് ഓഫിസിൽ വിവരമറിയിച്ചു. ആന്തരികാവയവങ്ങൾക്ക് ഏറ്റ പരിക്കാണ് പുലിയുടെ മരണകാരണമെന്നാണ് പ്രാഥമിക വിവരം. അരയിൽ മുറുകിയ കുരുക്ക് ഏറെ നേരം അഴിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും കുരുക്കു കൂടുതൽ മുറുകി. എഴുന്നേറ്റ് നിൽക്കാൻ പോലും പറ്റാത്ത രീതിയിൽ കുടുങ്ങിയ നിലയിലായിരുന്നു പുലി. തുടർന്ന് കമ്പി അറുത്തുമാറ്റി പുലിയെ വലയിലാക്കി. പുലിയെ കാണാൻ ആളുകൾ നിറയെ തിങ്ങിക്കൂടി. ആദ്യ രണ്ട് ഡോസ് മയക്കുവെടി വെച്ചെങ്കിലും പുലി മയങ്ങിയില്ല. തുടർന്ന് മൂന്നാമതും മയക്കുവെടി വച്ചു. വെറ്ററിനറി സർജൻ ഇല്യാസ് റാവുത്തറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കുവെടിവെച്ചത്. പുലിയെ മയക്കുവെടി വെച്ച് ആറളം ആർ.ആർ.ടി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഏതാനും മണിക്കൂറിനകം പുലി ചത്തു.
വന്യജീവി ശല്യം രൂക്ഷം
കൊട്ടിയൂർ വന്യജീവി സങ്കേതത്തോട് ചേർന്ന് കിടക്കുന്ന ആറളം, കേളകം, കൊട്ടിയൂർ, മാലൂർ തുടങ്ങിയ പഞ്ചായത്തുകളിൽ കാട്ടുപന്നി, ആന, പുലി എന്നിവയുടെ ശല്യം രൂക്ഷമാണ്. കൃഷിനാശത്തിന് പുറമെ മനുഷ്യന്റെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന ഇത്തരം സംഭവങ്ങളിൽ ശാശ്വതമായ പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇത് ഒറ്റപ്പെട്ട സംഭവമല്ല. മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്ന സാഹചര്യമാണ് കണ്ണൂരിലെ മലയോര പ്രദേശങ്ങളിൽ .അതിന്റെ പ്രതിഫലനം കൂടിയാണ് മാലൂരിലെ ഈ സംഭവം . വനമേഖലയുടെ അതിർത്തിയോട് ചേർന്നുള്ള ജനവാസ കേന്ദ്രങ്ങളിൽ വന്യജീവികളുടെ സഞ്ചാരം വർദ്ധിക്കുമ്പോൾ, കർഷകരുടെ കൃഷിയിടങ്ങളും വീടുകളും അവയുടെ സഞ്ചാരപാതകളുമായി കൂട്ടിമുട്ടുന്ന അവസ്ഥയാണ്. വന്യമൃഗങ്ങളെ പിടികൂടാൻ സ്ഥലം ഉടമ അനധികൃതമായി കെണി സ്ഥാപിച്ചതിൽ ഉടമയെ ഒന്നാം പ്രതിയാക്കി കെസെടുക്കാനും കെണി വച്ചയാളെ കണ്ടെത്തി പ്രതി ചേർക്കാനും വനംവകുപ്പ് തീരുമാനിച്ചു. ഇത്തരം കെണികളിൽ മറ്റ് വന്യമൃഗങ്ങൾ കുടുങ്ങുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകുമെന്നും അധികൃതർ പറഞ്ഞു. എന്നാൽ പ്രശ്നത്തിന്റെ ഒരു വശത്ത് വന്യജീവികളുടെ സംരക്ഷണമാണെങ്കിൽ മറുവശത്ത് വനാതിർത്തിയിൽ ജീവിക്കുന്ന മനുഷ്യരുടെ സുരക്ഷയും ഉപജീവനവുമാണ്. കർഷകരെ കുറ്റപ്പെടുത്തുന്നതുകൊണ്ട് മാത്രം ഈ സംഘർഷത്തിന് പരിഹാരമാകില്ല. വന്യജീവി ശല്യം നേരിടുന്നവർക്ക് ഫലപ്രദമായ പ്രതിരോധ സംവിധാനങ്ങളും കൃഷിനാശത്തിന് വേഗത്തിലുള്ള നഷ്ടപരിഹാരവും ലഭ്യമാക്കേണ്ടതുണ്ട്.
ചെങ്ങളായിലും പുലിക്കൂട്
ചെങ്ങളായി പഞ്ചായത്ത് 19ാം വാർഡ് പടിഞ്ഞാറെമൂലയിൽ പുലിയെ പിടികൂടാൻ വനംവകുപ്പ് കഴിഞ്ഞ ദിവസം കൂട് സ്ഥാപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബി.പി.വി പിന, അഡ്വ.സജീവ് ജോസഫ് എം.എൽ.എ തുടങ്ങിയവരുടെ ഇടപെടലിലാണ് വനം വകുപ്പ് കൂട് വയ്ക്കാൻ തയ്യാറായത്. കഴിഞ്ഞ ഒരു മാസമായി കുളത്തൂരിലും പടിഞ്ഞാറെ മൂലയിലും ജാഗ്രതയോടെയാണ് ജനസഞ്ചാരം. പ്രദേശത്തെ അങ്കണവാടി ദിവസങ്ങളോളം അടച്ചിടുകയും ചെയ്തിരുന്നു. ടാപ്പിംഗ് തൊഴിലാളികൾ ദിവസങ്ങളോളം ടാപ്പിംഗ് നിറുത്തിവച്ചു. ഈ മാസം 18ന് രാവിലെ 11ന് അഭിലാഷ് എന്ന ടാപ്പിംഗ് തൊഴിലാളി പുലി മരത്തിൽ നിന്ന് താഴോട്ട് ഇറങ്ങുന്നതായി കണ്ടതോടെയാണ് പ്രദേശത്ത് പുലിയുടെ സാന്നിദ്ധ്യമുണ്ടെന്ന ആശങ്ക ശക്തമായത്. തുടർന്ന് പ്രദേശത്ത് വനം വകുപ്പ് പരിശോധന നടത്തി. ദിവസങ്ങൾക്ക് മുൻപ് നാട്ടുകാരനും ടാപ്പിംഗ് തൊഴിലാളിയുമായ ലക്ഷ്മണൻ പുലിയെ നേരിട്ടുകണ്ടു. ചെങ്ങളായി പഞ്ചായത്തിലെ കുളത്തൂരിലും, പടിഞ്ഞാറെ മൂലയിലും ഒരു മാസത്തിനിടെ നാല് തവണയാണ് പുലിയെ നാട്ടുകാർ കണ്ടത്. കഴിഞ്ഞ ജൂലായ് 21ന് രാത്രി എം.ടി.വിനോദിന്റെ പശുക്കിടാവിനെ പുലി 150 മീറ്ററോളം വലിച്ചുകൊണ്ടുപോയി. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധനയും നടത്തി. ജൂലായ് 23ന് കുളത്തൂരിൽ അജയൻ എന്നയാളും വീണ്ടും പുലിയെ കണ്ടു. ഏറ്റവുമൊടുവിൽ ചുഴലി പടിഞ്ഞാറെ മൂലയിൽ പുലിയെ വീണ്ടും കണ്ടതായി ദൃക്സാക്ഷി പറയുന്നു.വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കാടുകയറി തിരച്ചിൽ നടത്തുകയും ക്യാമറ സ്ഥാപിക്കുകയും ഡ്രോൺ പരിശോധന നടത്തുകയും ചെയ്‌തെങ്കിലും പുലിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |