SignIn
Kerala Kaumudi Online
Sunday, 14 June 2026 3.09 AM IST

പാലക്കാട്ടെ കുട്ടികളുടെ മരണം അന്വേഷിക്കണം

aa

സ്‌ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെയുള്ള അക്രമങ്ങൾ തടയാനും ശിക്ഷ ഉറപ്പാക്കാനും നിയമങ്ങളും വകുപ്പുകളുമുണ്ടെങ്കിലും ഫലപ്രദമായി നടപ്പാകുന്നുണ്ടോ എന്ന് സംശയം. പലപ്പോഴും കോടതികളാണ് സ്‌ത്രീകളുടെ സംരക്ഷണത്തിനും അവർ നേരിടുന്ന വിഷമതകൾക്കുമെതിരെ സഹായഹസ്തം നീട്ടുന്നത്. വാഹനാപകടത്തിൽ വീട്ടമ്മയുടെ ജീവൻ നഷ്ടപ്പെട്ടാൽ കുടുംബത്തിന്റെ പരിപാലനനഷ്ടം എന്ന ഇനത്തിൽ പ്രതിമാസം ചുരുങ്ങിയത് 30,000 രൂപ കണക്കാക്കണമെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി വിധിച്ചത് അതിന്റെ ഉത്തമ ദൃഷ്ടാന്തമാണ്. കുടുംബത്തിന്റെ പാലനം എന്നത് രാഷ്ട്രത്തിന്റെ പാലനമാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടുകയുണ്ടായി.

പാലക്കാട് ജില്ലയിലെ അതിർത്തി മേഖലകളിൽ കഴിഞ്ഞ 13 വർഷത്തിനിടെ ദുരൂഹസാഹചര്യത്തിൽ മരിച്ചത് 23 കുട്ടികൾ. ഇവരിൽ ഏറെയും പെൺകുട്ടികളാണ്. നിർദ്ധന കുടുംബങ്ങളിൽപ്പെട്ട ഇവർ ലൈംഗികാതിക്രമത്തിനടക്കം ഇരയായവരെന്നതാണ് ഞെട്ടിക്കുന്നതും സമൂഹമനസ്സാക്ഷിയെ ഏറെ വേദനിപ്പിക്കുന്നതും. ഇവയിൽ 2010-ൽ കൊല്ലങ്കോട്ടെ പതിനൊന്നുകാരിയുടെ തൂങ്ങിമരണക്കേസ് ഹൈക്കോടതി സി.ബി.ഐക്ക് വിടുകയുണ്ടായി. ബാക്കിയുള്ള ദുരൂഹമരണങ്ങളിലും അന്വേഷണ സന്നദ്ധതാ റിപ്പോർട്ട് തേടിയ കോടതി ആഗസ്റ്റ് ആറിനകം മറുപടി സമർപ്പിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

കൊല്ലങ്കോട്ടെ പതിനൊന്നു വയസുകാരിയുടെ മരണം പത്തുവർഷത്തിലധികം ക്രൈംബ്രാഞ്ച് അന്വേഷിച്ചിട്ടും കൊലപാതകമെന്ന് തെളിയിക്കാനാകാതെ കേസ് പൂട്ടിക്കെട്ടുകയായിരുന്നു. ഏറെ ദുരൂഹതകൾ ഈ കേസിൽ ബാക്കിനിൽക്കുന്നു. 2010 ജനുവരി 18ന് ഉച്ചയ്ക്ക് 2.30നാണ് പെൺകുട്ടിയെ പല്ലശന ഒഴിവുപാറയിലെ അമ്മവീട്ടിലെ കിടപ്പുമുറിയിൽ സാരിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. കുട്ടി മരണത്തിന് തൊട്ടുമുമ്പ് ലൈംഗികാതിക്രമത്തിന് ഇരയായെന്ന് പോസ്റ്റ‌്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

ജനനേന്ദ്രിയത്തിൽ മുറിവുകളും ചതവുകളും സ്വകാര്യഭാഗത്ത് ബീജത്തിന്റെ സാന്നിദ്ധ്യവും കണ്ടെത്തി. മകളുടെ ദുരൂഹമരണം നടന്ന് ആറ് മാസം കഴിഞ്ഞപ്പോൾ അമ്മ ആത്മഹത്യ ചെയ്തു. പിന്നീട് അച്ഛനും മരിച്ചു. കേസിൽ 370 സാക്ഷികളാണുണ്ടായിരുന്നത്. പ്രതികളെന്നു സംശയിക്കുന്നവരെ ശാസ്ത്രീയ പരിശോധനകൾക്ക് വിധേയമാക്കുകയും ചെയ്തു. ലോക്കൽ പൊലീസും സി.ബി.സി.ഐ.ഡിയും ക്രൈംബ്രാഞ്ചും അന്വേഷിച്ചെങ്കിലും മരണത്തിന് കാരണക്കാരായവരെ കണ്ടെത്താനായില്ല.

വാളയാർ, കസബ, കൊല്ലങ്കോട്, പട്ടാമ്പി, ശ്രീകൃഷ്ണപുരം, കോങ്ങാട്, ഒറ്റപ്പാലം, ഷോളയൂർ, അഗളി, ചിറ്റൂർ, കല്ലടിക്കോട്, ഹേമാംബിക നഗർ, കോട്ടായി സ്റ്റേഷൻ പരിധികളിലാണ് മറ്റു കുട്ടികൾ പീഡിപ്പിക്കപ്പെട്ടതും മരണമടഞ്ഞതും. പാലക്കാട് ജില്ലാ മേധാവിയിൽ നിന്ന് സി.ബി.ഐക്കു കേസുകളുടെ വിശദാംശം തേടാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ എല്ലാ മാസവും ജില്ലാ ലീഗൽ സർവീസസ് അതോറിട്ടിയും താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയും കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിട്ടി (കെൽസ) ചെയർമാന് നൽകണം.

23 കുട്ടികളുടെ മരണത്തിൽ സി.ബി.ഐ വേണമെന്ന് നിരീക്ഷിച്ച ഹൈക്കോടതി സമാനമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാരിനും ചില നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.

ചൂഷണത്തിനിരയായ കുട്ടികളെ കണ്ടെത്തി നിയമസഹായവും ക്ഷേമപദ്ധതി ആനുകൂല്യങ്ങളും ലഭ്യമാക്കണം. ഇതിനായി പാരാലീഗൽ വോളന്റിയർമാരുടെയും അഭിഭാഷകരുടെയും പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണം. തദ്ദേശസ്ഥാപനങ്ങൾ. കുടുംബശ്രീ, സന്നദ്ധ സംഘടനകൾ എന്നിവയെ കോർത്തിണക്കി പ്രാദേശികമായി ചൈൽഡ് പ്രൊട്ടക്ഷൻ സമിതികൾ വേണം. ശിശുക്ഷേമ സമിതി, പൊലീസ്, വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പുകൾ, ബാലാവകാശ കമ്മിഷൻ എന്നിവയുടെ ഏകോപനം ഉണ്ടാകണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.മയക്കുമരുന്ന്, രാസലഹരി എന്നിവയുടെ ഉപയോഗം ക്രിമിനൽ സ്വഭാവമുള്ളവരെ ഏതു ഹീനകൃത്യത്തിനും പ്രേരിപ്പിക്കും. കർശനമായ നടപടികളും അന്വേഷണവും ഉണ്ടാകുമെന്ന് കണ്ടാൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കും. ഹൈക്കോടതി ഇടപെടൽ അതിന് സഹായകമാകട്ടെ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY