SignIn
Kerala Kaumudi Online
Wednesday, 15 July 2026 7.47 PM IST

അനർഹർ സഹായികളായി കടന്നുകൂടരുത്

READ ENGLISH VERSION
s

ശബരിമലയിൽ സഹായികളെ യഥേഷ്ടം നിയമിക്കുന്നത് പല അനർഹരും സന്നിധാനത്ത് കടന്നുകൂടാൻ വഴിയൊരുക്കുന്നതായ ആക്ഷേപം നേരത്തേ തന്നെ ഉയർന്നിരുന്നതാണ്. ക്രിമിനൽ കേസിൽ പ്രതികളായവർ തന്നെ മേൽശാന്തിയുടെയും ദേവസ്വം ബോർഡ് പ്രതിനിധികളുടെയും മറ്റും ഒത്താശയോടെ കഴിഞ്ഞ കാലങ്ങളിൽ അവിടെ കടന്നുകൂടിയിട്ടുണ്ട്. ശബരിമല സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റിയും വർഷങ്ങൾക്കു മുമ്പ് മേൽശാന്തിയുടെ സഹായിയായാണ് ശബരിമലയിൽ കടന്നുകൂടിയത്. ശാന്തിവൃത്തികളിൽ പരിചയസമ്പന്നരല്ലാത്തവർ പോലും ഇങ്ങനെ ശുപാർശയുടെ അടിസ്ഥാനത്തിൽ കയറിക്കൂടാറുണ്ട്. ഇത്തരക്കാരാണ് ശബരിമലയിൽ അനഭിലഷണീയമായ പല കാര്യങ്ങൾക്കും പിന്നിൽ പ്രവർത്തിക്കുന്നത്.

മേൽശാന്തിയുമായും തന്ത്രിയുമായും മറ്റും അടുത്ത ബന്ധം പുലർത്തുന്നതിനാൽ ഇവരുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ പോലും ആരും ചോദ്യംചെയ്യാൻ തയ്യാറാകില്ല. ശബരിമലയിൽ അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന സമ്പന്നരെ നോട്ടമിട്ട്,​ അവർക്ക് പ്രത്യേക ദർശന സൗകര്യങ്ങൾ നൽകുന്നതിലൂടെയും ഇക്കൂട്ടർ മണ്ഡലകാലത്ത് നല്ലതുപോലെ പണം ഉണ്ടാക്കാറുണ്ട്. ഇങ്ങനെയുള്ള ആളുകളുടെ നുഴഞ്ഞുകയറ്റം തടയുന്നതാണ് ഹൈക്കോടതിയുടെ കഴിഞ്ഞ ദിവസമുണ്ടായ ഒരു ഇടപെടൽ. ശബരിമലയിൽ മേൽശാന്തിമാരുടെ സഹായികളെ നിയമിക്കുന്നതിനായി പാനൽ തയ്യാറാക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. മേൽശാന്തി, കഴകം, ഉൾകഴകം എന്നിവരുടെ സഹായികളെ മേൽശാന്തിമാർ തന്നിഷ്ടം പോലെ നിയമിക്കുന്നത് അവസാനിപ്പിക്കണമെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്.

മറ്റു ക്ഷേത്രങ്ങളിലെ ശാന്തിമാരെ സഹായികളായി നിയമിക്കുന്നത് പരിഗണിക്കണം. പാനലിൽ ഉൾപ്പെടുത്തുന്നത് സത്യസന്ധരെ ആയിരിക്കണം. ഇതിനായി ദേവസ്വം വിജിലൻസിന്റെയും സ്‌പെഷ്യൽ ബ്രാഞ്ചിന്റെയും റിപ്പോർട്ടും തേടണമെന്നും ദേവസ്വം ബെഞ്ച് ഉത്തരവിട്ടു. സ്‌പെഷ്യൽ കമ്മിഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോടതി സ്വമേധയാ എടുത്ത ഹർജി തീർപ്പാക്കിയാണ് ഉത്തരവ്. ശബരിമലയിൽ സഹായിയായി വന്ന ഉണ്ണിക്കൃഷ്ണൻ പോറ്റിയാണ് സ്വർണക്കൊള്ളയ്ക്കടക്കം വഴിതുറന്നത് എന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു റിപ്പോർട്ട്. നിലവിൽ സഹായികളെ മേൽശാന്തിയടക്കമുള്ളവർ നിയമിക്കുന്ന രീതിയാണ് നിലനിൽക്കുന്നത്. ഇത് അവസാനിപ്പിക്കണമെന്നും ശബരിമല പോലുള്ള സ്ഥലത്ത് കുറഞ്ഞ പ്രതിഫലത്തിന് യാതൊരു പരിശോധനയുമില്ലാതെ സഹായികളെ നിയമിക്കുന്നത് അപകടകരമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

മേൽശാന്തിക്ക് സഹായികളായി 35 പേരെയാണ് നിയമിക്കാനാവുന്നത്. മേൽശാന്തിയുടെ കുടുംബവുമായും മറ്റും ബന്ധമുള്ള ചെറുപ്പക്കാരെയാണ് സാധാരണ നിയമിക്കുന്നത്. ശബരിമല മേൽശാന്തിയുടെ സഹായികളായ 24 പേർക്കും മാളികപ്പുറം മേൽശാന്തിയുടെ സഹായികളായ 10 പേർക്കും 450 രൂപ വീതം പ്രതിദിനം ദേവസ്വം ബോർഡ് പ്രതിഫലം നൽകും. ഉൾകഴകത്തിന്റെ സഹായികളായ 10 പേർക്ക് പ്രതിദിനം 250 രൂപയും നൽകും. കൂടുതൽ പേരെ നിയമിച്ചാൽ മേൽശാന്തിമാർ തന്നെ പ്രതിഫലം നൽകണമെന്നാണ് രീതി. സഹായികളെ ശബരിമലയിലേക്ക് ആകർഷിക്കുന്നത് ഈ ചെറിയ പ്രതിഫലമല്ല. ഒരു ദിവസം തന്നെ ഈ പ്രതിഫലത്തിന്റെ എത്രയോ ഇരട്ടി പലരും സമ്പാദിക്കാറുണ്ട്. ഇതൊക്കെ ശബരിമലയിലെ പരസ്യമായ രഹസ്യമാണ്. ഹൈക്കോടതി ഉത്തരവോടെ സഹായിമാർക്ക് പൊലീസ് ക്ളിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാകും. ഇവരുടെ പൂർണ ഉത്തരവാദിത്വം അതത് മേൽശാന്തിമാർക്കായിരിക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. കോടതിയുടെ ഈ ഇടപെടൽ ഓരോ മണ്ഡലകാലത്തും അനർഹരായ ചിലരെങ്കിലും അവിടെ കയറിക്കൂടുന്നതിന് തടയിടുമെന്ന് പ്രതീക്ഷിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY