
വിദേശ ഫണ്ട് സ്വീകരിക്കുന്നതിനും വിനിയോഗിക്കുന്നതിനും പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കിയിരിക്കുന്നു. 2011ലെ വിദേശ സംഭാവനാ നിയന്ത്രണ ചട്ടങ്ങൾ (എഫ്.സി.ആർ.എ) ഭേദഗതി ചെയ്‌താണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതിയ നിബന്ധനകൾ ഉൾപ്പെടുത്തിയത്. ചട്ടം ലംഘിക്കുന്ന സാമൂഹ്യ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും മറ്റും സ്വത്തുക്കൾ ഏറ്റെടുക്കാൻവരെ സർക്കാരിന് അധികാരം നൽകുന്ന ബിൽ അടുത്ത മാസം പാർലമെന്റിൽ അവതരിപ്പിച്ചേക്കും. ക്രൈസ്‌തവ വിഭാഗങ്ങളുടെ എതിർപ്പിനെത്തുടർന്ന് മാറ്റിവച്ചിരുന്ന ബില്ലാണിത്. നിലവിൽ വിദേശ സംഭാവനകൾ സ്വീകരിക്കുന്നതിന് സാധുവായ ലൈസൻസുള്ള 16,000 സംഘടനകളും സ്ഥാപനങ്ങളുമാണ് ഇന്ത്യയിലുള്ളത്. നേരത്തേ ഇത് അമ്പതിനായിരത്തിൽ അധികമായിരുന്നു. പല കാലങ്ങളായി പല രജിസ്ട്രേഷനുകളും റദ്ദാക്കപ്പെടുകയോ കാലഹരണപ്പെടുകയോ ചെയ്താണ് സജീവ പങ്കാളികളുടെ എണ്ണം ഇത്രയും ചുരുങ്ങിയത്.
ഒരു രാജ്യം വികസിക്കുമ്പോൾ സാമ്പത്തിക രംഗത്ത് പല നിയന്ത്രണങ്ങളും ഉണ്ടാകും. പഴയ കാലത്ത് നമ്മൾ ബാങ്കിൽ പണമിട്ടാൽ അത് ബാങ്കുകൾക്കല്ലാതെ മറ്റാർക്കും അറിയാൻ വഴിയില്ലായിരുന്നു. ഇന്ന് ആദായനികുതി വകുപ്പുകാർക്ക് അവരുടെ ഓഫീസിലിരുന്ന് നമ്മുടെ ആധാറും പാൻ നമ്പരും ഉപയോഗിച്ച് ചെക്ക് ചെയ്താൽ എത്ര രൂപ നിക്ഷേപകന് ഏതെല്ലാം ബാങ്കുകളിൽ ഉണ്ടെന്ന് അറിയാനാകും. നമ്മുടെ സ്വകാര്യതയുടെ ലംഘനമാണെന്ന് പറഞ്ഞ് അതൊന്നും ആർക്കും തടയാനാവില്ല. വലിയ നീക്കിയിരിപ്പും പണവും ഒന്നും കാര്യമായി ഇല്ലാത്തവർക്ക് ഇത്തരം നിയന്ത്രണങ്ങളിൽ ആശങ്കപ്പെടേണ്ടതില്ല. രാജ്യത്ത് ഇത്രയേറെ നിയന്ത്രണങ്ങൾ ഉള്ളപ്പോഴും കള്ളപ്പണ ഇടപാടുകൾ ഒന്നും നടക്കുന്നില്ലെന്നും കരുതാനാവില്ല.
കോടിക്കണക്കിന് രൂപയുടെ വിദേശ ഫണ്ടുകൾ ലഭിക്കുന്ന ചില മത, സാമൂഹിക സംഘടനകൾ അത് ദുരുപയോഗം ചെയ്ത് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതിന്റെ തെളിവുകൾ ചില പരിശോധനകളുടെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ചിട്ടുള്ളതുമാണ്.
ഈ പശ്ചാത്തലത്തിലാവും പുതിയ എഫ്.സി.ആർ.എ നിയന്ത്രണങ്ങൾക്ക് സർക്കാർ മുതിർന്നത്. എന്നാൽ, ഇതിന്റെ പേരിൽ ചില ന്യൂനപക്ഷ വിഭാഗങ്ങളുടെ സംഘടനകളെ ദ്രോഹിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നതെന്ന ആശങ്കയും ആരോപണവും ഉയർന്നിട്ടുള്ളത് ദൂരീകരിക്കാൻ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും വിശദീകരണങ്ങൾ ഉണ്ടാകേണ്ടത് ആവശ്യമാണ്.
വിദേശ ഫണ്ട് നൽകുന്ന രാജ്യങ്ങൾക്കും വ്യക്തികൾക്കും സ്വാഭാവികമായും പല അജണ്ടകളും ഉണ്ടാകും. അത് നടപ്പാക്കാൻ ഈ ഫണ്ടിലൂടെ അവർ ശ്രമിച്ചാൽ അത് തടയേണ്ടത് ഒരു സർക്കാരിന്റെ ചുമതലയാണ്. അതിനാൽ എന്തിന് വേണ്ടിയാണ് ഈ ഫണ്ട് വിനിയോഗിക്കുന്നത് എന്ന കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ട്. അതിന് സഹായകമാകുന്നതാണ് പുതിയ നിയന്ത്രണങ്ങളെങ്കിൽ അതിനെ എതിർത്തിട്ടു കാര്യമില്ല.
ചട്ടങ്ങൾ പാലിച്ച് വിദേശ ഫണ്ട് സ്വീകരിക്കാനും വിനിയോഗിക്കാനും ശ്രമിക്കുന്ന ഒരു സംഘടനയ്ക്കും നിയന്ത്രണങ്ങളിൽ ആശങ്കയ്ക്ക് വകയില്ല. വിദേശ ഫണ്ട് വകമാറ്റി മറ്റു പല കാര്യങ്ങൾക്കും വിനിയോഗിക്കാൻ താത്‌പര്യപ്പെടുന്നവരാണ് പ്രധാനമായും നിയന്ത്രണങ്ങളെ എതിർക്കുന്നത്. ആരാധനാലയങ്ങളുടെ നിർമ്മാണം, നവീകരണം, പരിപാലനം, മത വിദ്യാഭ്യാസം, ഭക്തിഗാനങ്ങളുടെ പ്രചാരം തുടങ്ങിയ 18 പ്രവർത്തനങ്ങൾക്ക് മാത്രമേ വിദേശ പണം ഉപയോഗിക്കാവൂ എന്നാണ് പുതിയ ഭേദഗതിയിൽ പറയുന്നത്. അതേസമയം മതപരിവർത്തനം ലക്ഷ്യമിട്ട് തുക വിനിയോഗിച്ചാൽ പിടിവീഴുമെന്നും ചട്ടങ്ങൾ വ്യക്തമാക്കുന്നു. അനുമതി ഇല്ലാത്ത ആവശ്യങ്ങൾക്ക് വിദേശ സംഭാവന സ്വീകരിച്ചാൽ പിഴയും നൽകേണ്ടിവരും.
വിവിധ എൻ.ജി.ഒകൾക്കായി പ്രതിവർഷം ഏതാണ്ട് 22,000 കോടി രൂപയാണ് വിദേശ സംഭാവനയായി ലഭിക്കുന്നത്. അത് മതപരിവർത്തനത്തിനും രാജ്യവിരുദ്ധ താത്‌പര്യങ്ങൾക്കും വിനിയോഗിക്കപ്പെടുന്നില്ല എന്നത് ഉറപ്പാക്കേണ്ടതു തന്നെയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |