
കമലഹാസൻ നായകൻ. കഥാപാത്രം ചപ്പാണി. നായിക ശ്രീദേവി. കഥാപത്രം മയിൽ. വില്ലൻ രജനികാന്ത്. പേര് പരട്ടൈ. സിനിമ '16 വയതിനിലേ'. ഭാരതിരാജയുടെ ആദ്യ ചലച്ചിത്ര കാവ്യം.
അതുവരെ ചെന്നൈയിലെ കോടമ്പാക്കം സ്റ്റുഡിയോകൾക്കുള്ളിലാണ് തമിഴ് സിനിമകൾ ചിത്രീകരിച്ചിരുന്നത്. എന്നാൽ ക്യാമറാമാൻ പി.കെ.നിവാസുമായി തമിഴ്നാട്ടിലെ ഗ്രാമങ്ങളിലേക്ക് ഭാരതിരാജ ഇറങ്ങിച്ചെന്നു. 1977ൽ റിലീസ് ചെയ്ത സിനിമ ഒരു വർഷത്തിലേറെ തിയേറ്ററുകളിൽ ഓടി. പുതിയ സംവിധായകനെ തമിഴകം നെഞ്ചേറ്റി.സംഗീത സംവിധായകനായ ഇളയരാജയെയും.
ഒറിജിനാലിറ്റി വിട്ടൊരു ഗിമ്മിക്കിനും ഭാരതിരാജ തയ്യാറായിരുന്നില്ല. ഒരു സംഭവം ഇങ്ങനെ: 16 വയതിനിലേയുടെ ചിത്രീകരണം. വില്ലനായി അഭിനയിക്കുന്ന രജനികാന്ത് നായിക ശ്രീദേവിയെ ഉപദ്രവിക്കാൻ ശ്രമിക്കുമ്പോൾ ശ്രീദേവി രജനിയുടെ മുഖത്ത് തുപ്പുന്ന രംഗം ചിത്രീകരിക്കുന്നു.
ആദ്യം തുപ്പുന്നതുപോലെ അഭിനയിക്കാനാണ് ശ്രീദേവി ശ്രമിച്ചത്. എന്നാൽ, ഭാരതിരാജയ്ക്ക് അത് ശരിയാവുന്നില്ലെന്ന് തോന്നി. രജനിയുടെ മുഖത്തേക്ക് ഒറിജിനലായിട്ട് തുപ്പിക്കോളാൻ പറഞ്ഞു. ശ്രീദേവിക്ക് പിന്നേയും മടി. സാരമില്ലെന്ന് രജനികാന്തും പറഞ്ഞു. അങ്ങനെ ശ്രീദേവി തുപ്പി! ഇത് വല്ലാത്തൊരു അനുഭവമായിരുന്നുവെന്ന് പിന്നീട് ശ്രീദേവി അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.
ക്യാമറയ്ക്കു മുന്നിൽ അഭിനയം ശരിയായില്ലെങ്കിൽ ഭാരതിരാജ വടിയെടുത്ത് അടിച്ച് പഠിപ്പിക്കുമായിരുന്നുവെന്ന് പ്രചാരണം ഉണ്ടായിരുന്നു. 16 വയതിനിലേ സിനിമയിൽ ശ്രീദേവിക്ക് ഗ്രാമീണ പെൺകുട്ടിയുടെ ഭാവം വരാൻ കടുത്ത വെയിലത്ത് മേക്കപ്പില്ലാതെ നിൽക്കാൻ ഭാരതിരാജ നിർബന്ധിച്ചിരുന്നു.
ചരക്കുലോറിയിലെ
മദ്രാസ് യാത്ര
തന്റെ പതിനൊന്നാം വയസിൽ ജന്മനാടായ തേനിയിലെ ഓലപ്പുര തിയേറ്ററിൽ ഭാരതിരാജ ഒരു സിനിമ കണ്ടു, ശിവാജിഗണേശന്റെ 'പരാശക്തി'. അന്നുമുതൽ ചിന്നസ്വാമി (കുട്ടിക്കാലത്തെപേര്) ശിവാജി ഗണേശനെ അനുകരിച്ച് അഭിനയിക്കാൻ തുടങ്ങി. പത്താംക്ലാസ് കഴിഞ്ഞപ്പോൾ ഉപരിപഠനത്തിന് മധുരയിൽ പോകണമെന്ന് രക്ഷിതാക്കൾ പറഞ്ഞു. പക്ഷേ, ചിന്നസ്വാമി ആ വഴി പോയില്ല. പിന്നീട് ഒരു താത്കാലിക ജോലി കിട്ടി- ഹെൽത്ത് ഇൻസ്‌പെക്ടർ. ഇടയ്ക്ക് നാടകത്തേയും ഒപ്പം കൂട്ടി. അതിനിടെ ഒരു സുഹൃത്തിനേയും കിട്ടി- ഇളയരാജ.
സ്വന്തമായി സൃഷ്ടിച്ചെടുക്കുന്ന ഉപകരണങ്ങൾ കൊണ്ട് നാടകത്തിന് പിന്നണി ഈണം ഒരുക്കുന്ന ഇളയരാജ ചിന്നസ്വാമിയുടെ 'അൻപ് തോഴൻ' ആയി. പിന്നെ ഇവരുടെ യാത്ര ഒരുമിച്ചായി. അമ്മയുടെ അനുവാദത്തോടെ തേനിയിൽ നിന്നും ചരക്ക് ലോറിയിൽ കയറി മദ്രാസിലെത്തി. പിന്നെ സിനിമയ്ക്കു വേണ്ടിയുള്ള അലച്ചിൽ. അപ്പേഴേക്കും ഇളയരാജയും കോടമ്പാക്കത്ത് എത്തിയിരുന്നു. അവിടേയും നാടകാവതരണം തുടർന്നു. 'ഊർ ചിരിക്കണ്ണ', 'സുമ്മ ഒരു കഥ' തുടങ്ങിയ നാടകങ്ങൾ അദ്ദേഹം എഴുതി അരങ്ങിലെത്തിച്ചു. വരുമാനം കണ്ടെത്താൻ പെട്രോൾ പമ്പിൽ ഉൾപ്പെടെ ജോലി ചെയ്തു.
കന്നട സംവിധായകൻ പുട്ടണ്ണ കനകല നാടകം കാണാനെത്തിയതാണ് 'ഭാരതിരാജ'യുടെ പിറവിക്ക് കാരണമായത്. സംവിധാനം ചിന്നസ്വാമി എന്ന് കേൾക്കാൻ ഒരു രസവുമില്ലെന്നും പുതിയപേര് കണ്ടെത്തണമെന്നും നിർദ്ദേശിച്ചു. സഹോദരി ഭാരതിയുടേയും സഹോദരൻ ജയരാജിന്റേയും പേരുകൾ ചേർത്താണ് ഭാരതിരാജ എന്നപേര് സ്വീകരിച്ചത്.
പുട്ടണ്ണയുടെ സഹായിയായി സിനിമയിലെത്തി. എം.കൃഷ്ണൻനായർ, കെ.എസ്.സേതുമാധവൻ ഉൾപ്പെടെ പല സംവിധായകരുടെയും സഹായിയായി പ്രവർത്തിച്ചു. ഒടുവിൽ സ്വതന്ത്ര സംവിധായകനായി. ഭാരതിരാജയുടെ സിനിമകളിൽ കൂടുതലും ഈണമൊരുക്കിയത് ഇളയരാജയായിരുന്നു.
രണ്ട് രാജാമാർ ഒന്നിച്ചാൽ സിനിമയിൽ ഇന്ദ്രജാലം നിറയുമായിരുന്നു. '16 വയതിനിലേ', 'കിഴക്കേ പോകും റെയിൽ', 'മുതൽ മര്യാദൈ' തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങൾ ആ ചിത്രങ്ങളുടെ ആത്മാവുമായി ചേർന്നു പോകുന്നതായിരുന്നു. ഇടയ്ക്ക് ഇവർ പിണങ്ങിയെങ്കിലും വീണ്ടും സൗഹൃദത്തിലായി. ഇവർ പിണങ്ങിയിരുന്ന കാലത്താണ് എ.ആർ.റഹ്മാൻ ഭാരതിരാജയുടെ 'കിഴക്കു ചീമയിലെ' (1993), 'കറുത്തമ്മ' (1994) തുടങ്ങിയ ചിത്രങ്ങൾക്ക് ഈണമൊരുക്കിയത്. ഗാനരചയിതാവ് വൈരമുത്തുവിനെ അവതരിപ്പിച്ചതും ഭാരതിരാജയായിരുന്നു
ശിവാജി ഗണേശൻ, കമൽ, രജനി
ഭാരതിരാജയുടെ എക്കാലത്തേയും ഹീറോയായിരുന്ന ശിവാജി ഗണേശനെ നായകനാക്കിയ 'മുതൽ മര്യാദൈ' എന്ന സിനിമ ക്ലാസിക് ചിത്രമാണ്. ശിവാജി ഗണേശന്റെ ചലച്ചിത്രജീവിതത്തിലെ മികച്ച ചിത്രങ്ങളിലൊന്നും. കെ.ബാലചന്ദർ ആണ് രജനിയെയും കമലിനെയും സിനിമാ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയതെങ്കിലും
ഭാരതിരാജയാണ് അവരെ സൂപ്പർസ്റ്റാറുകളാക്കി എന്ന് പറയാറുണ്ട്. ആദ്യ ചിത്രമായ 16 വയതിനിലേയിൽ ഇരുവരേയും നായക, പ്രതിനായകന്മാരാക്കി. ശേഷം കമലിനെ സിഗപ്പു റോജകൾ, ടിക് ടിക് ടിക് എന്നീ ചിത്രങ്ങളിൽ നായകനാക്കി. രജനിയെ കൊടി പറക്കുത് എന്ന സിനിമയിൽ നായകനാക്കി. രജനിയെക്കാൾ ഭാരതിരാജയുടെ ചിത്രങ്ങളിൽ കൂടുതൽ അഭിനയിച്ചത് കമലഹാസനായിരുന്നു.
'R' എന്ന അക്ഷരവും
നായികമാരും
ഭാരതിരാജ പരിചയപ്പെടുത്തിയ നടിമാർ പിന്നീട് തെന്നിന്ത്യയിൽ മുൻനിര നായികമാരായി. അതിൽ പലരുടേയും പേരുകൾ തുടങ്ങുന്നത് ആർ എന്ന അക്ഷരത്തിലാണ്. രാധിക, രാധ, രേവതി, രതി അഗ്നിഹോത്രി, രേഖ,രഞ്ജനി,രഞ്ജിത തുടങ്ങിയവർ. അരുണ, വിജയശാന്തി, സുകന്യ, പ്രിയാമണി എന്നിവരേയും തമിഴകത്ത് അവതരിപ്പിച്ചത് ഭാരതിരാജയായിരുന്നു.
നടന്മാരായ കാർത്തിക്, ത്യാഗരാജൻ, പാണ്ഡ്യൻ, രാജ, ജനഗരാജ്, നിഴൽഗൾ രവി (മലയാളത്തിൽ കക്ക രവി), നെപ്പോളിയൻ, ബാബു, മകൻ മനോജ് എന്നിവരെയും പരിചയപ്പെടുത്തിയത് ഭാരതിരാജയാണ്. കെ.ഭാഗ്യരാജ്, മണിവണ്ണൻ, മനോബാല, ചിത്ര ലക്ഷ്മണൻ, കെ.രംഗരാജ്, പൊൻവണ്ണൻ, മനോജ് കുമാർ, സീമാൻ എന്നിവർ അദ്ദേഹത്തിന്റെ ശിഷ്യഗണത്തിൽപ്പെടുന്ന പ്രമുഖരാണ്.
'ഇയക്കുനർ ഇമയം'
'ഇയക്കുനർ ഇമയം' എന്നാണ് ഭാരതിരാജ അറിയപ്പെട്ടിരുന്നത്. സംവിധായകരുടെ കൂട്ടത്തിൽ എവറസ്റ്റ് എന്നു പറയുന്നതിനു തുല്യമായ വിശേഷണമാണിത്. സാമൂഹ്യരംഗത്ത് തന്റെ അഭിപ്രായം തുറന്നുപറയാൻ മടി കാണിക്കാത്ത സംവിധായകനാണ് ഭാരതിരാജ. തമിഴ്നാടുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളിൽ പങ്കെടുത്തു. രജനികാന്തിനെപോലും വിമർശിച്ചു. നല്ല പ്രഭാഷകനായിരുന്നു. 'എൻ ഇനിയ തമിഴ് മക്കളേ...' എന്നു പറഞ്ഞാണ് പ്രസംഗം തുടങ്ങുന്നത്. ഇൻപമാർന്ന ശബ്ദത്തിൽ അൻപോടെ അദ്ദേഹം സംസാരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |