SignIn
Kerala Kaumudi Online
Sunday, 07 June 2026 2.00 AM IST

മലബാർ മനസിലെ ഫുട്ബാൾ മോഹബത്ത്

s

മലബാർ മനസിന്റെ മുറ്റത്താണ് ലോകകപ്പ്. കാൽപ്പന്തുകളിയോട് മലബാറിനോളം ഭ്രാന്തുള്ളവരുണ്ടാകില്ല. മെക്‌സിക്കോയിൽ കാൽപന്തിന് കിക്കോഫാകും മുന്നേ ഇവിടെ ഫുട്‌ബോൾ ആരവം ഉയർന്നു. നാടെങ്ങും കൂറ്റൻ ഫ്ളക്സുകൾ, കൊടിതോരണങ്ങൾ, മത്സരങ്ങൾ, പന്തയങ്ങൾ... അർജന്റീനയും ബ്രസീലും പോർച്ചുഗല്ലുമെല്ലാം ഇവിടെ പലതവണ കളിച്ചുകഴിഞ്ഞു. മെസ്സിയും റെണാൾഡോയും നെയ്മറും അടിച്ച ഗോളിന് കണക്കില്ല. ചെളിയിൽ പലതവണ വീണുരുണ്ടിട്ടും മനസിന്റെ തുമ്പത്ത് ഗോൾവല ചലിപ്പിക്കാൻ കാത്ത് നിൽക്കുകയാണ് പന്തിനോടുള്ള മോഹബത്ത്.
കഴിഞ്ഞതവണ കോഴിക്കോട് ചാത്തമംഗലം പുള്ളവൂർ ചെരുപുഴയിൽ തോണിയിലൂടെ മെസ്സിയും റൊണാൾയും മെയ്മറും കൂറ്റൻകട്ടൗട്ടുകളായി ഒലിച്ചിറങ്ങിയത് ലോകംകണ്ടു. കോഴിക്കോട് നൈനാംവളപ്പിലെ ഫുട്‌ബാൾ ആരവവും. ഫിഫ അവരുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയായിരുന്നു ഇത് പുറത്തുവിട്ടത്. അത്രമാത്രം ' പ്രാന്താണ്' മലബാറിന് ഫുട്‌ബാൾ.

 നൈനാംവളപ്പിലെ നിലയ്ക്കാത്ത ആരവം

' ഇത്തവണയും തൂക്കും ചരിത്രം രചിച്ചവർ'... കോഴിക്കോട് നൈനാംവളപ്പിലെ ഫുട്ബാൾ തെരുവിൽ അർജന്റീനയ്ക്ക് അഭിവാദ്യമർപ്പിച്ച് ഫ്ളക്സുകൾ ഉയർന്നു. പെലയുടേയും മറഡോണയുടേയും ഇതിഹാസകാലം മുതൽ ഫുട്‌ബാൾ നെഞ്ചേറ്റുന്ന ആരാധകനാട്. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി ബ്രിട്ടീഷുകാരാണ് കോഴിക്കോട്ട് ഫുട്‌ബാൾ എത്തിച്ചത്. കടപ്പുറത്തോട് ചേർന്നുകിടക്കുന്ന നൈനാംവളപ്പുകാർ കളിയുടെ ഭാഗമായി. നഗ്നപാദരായി മണൽപ്പരപ്പിൽ പന്തുരുട്ടികളി പഠിച്ച പൂർവിക പ്രതിഭകളാണ് കരുത്ത്!

ആരാധകർ കൂടുതൽ അർജന്റീനയ്ക്കെങ്കിലും ബ്രസീലും പോർച്ചുഗലും ഇംഗ്ലണ്ടും ജർമനിയും എല്ലാം ഇവിടെ കട്ടയ്ക്ക് മത്സരിക്കുന്നുണ്ട്. 1990കളുടെ അവസാനം മുതൽ കോപ്പ അമേരിക്ക, ഫിഫ ലോകകപ്പ് തുടങ്ങിയ വലിയ ടൂർണമെന്റുകൾക്ക് ഗ്രാമത്തിൽ ഭീമൻ സ്‌ക്രീനുകൾ സ്ഥാപിച്ച് ഒന്നിച്ച് കളി കാണുന്ന രീതി ജനകീയമായി. കോതി മിനി സ്റ്റേഡിയത്തിൽ സ്ഥാപിക്കാറുള്ള കൂറ്റൻ എൽ.ഇ.ഡി സ്‌ക്രീനുകൾ കായിക ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ഇത്തവണയും എല്ലാം റെഡിയാണെന്ന് മുഖ്യ സംഘാടകനായ സുബൈർ നൈനാംവളപ്പ് പറഞ്ഞു.

 ആവേശമായി നമ്മുടെ തഹ്സീൻ

ഇന്ത്യ ഒരു ലോകകപ്പിലും കളിച്ചിട്ടില്ല, എന്നാൽ രാജ്യത്തിന്റെയും മലയാളികളുടേയും ആവേശമായി കണ്ണൂർക്കാരൻ തഹ്‌സിൻ മുഹമ്മദ് ജംഷാദ് ലോകകപ്പിലിറങ്ങുന്നത്. അതിന്റെ ആവേശാരവം മലബാറിന്റെ മുക്കിലും മൂലയിലുമുണ്ട്. അർജന്റീനയും ബ്രസീലും ജർമനിയും ഫ്രാൻസും പോർച്ചുഗല്ലുമെല്ലാം നെഞ്ചിലെ തീയാണെങ്കിൽ ഖത്തറിനായി, തഹ്‌സിൻ ഗോൾവല കുലുക്കുന്നതാണ് ഇവരുടെ സ്വപ്നം. ഫിഫ ലോകകപ്പിലെ ആദ്യ ഇന്ത്യക്കാരൻ എന്ന ബഹുമതിയോടെ ഇറങ്ങുന്ന 19കാരനായ തലശേരിക്കാരനിൽ രാജ്യം മുഴുവൻ ഉറ്റുനോക്കുമ്പോൾ കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തഹ്‌സിന്റെ ഫ്‌ളക്‌സുകളും ഉയർന്നുകഴിഞ്ഞു. മലയാളിയെങ്കിലും ഖത്തറിൽ ജനിച്ചുവളർന്ന തഹ്‌സിന്റെ പിതാവ് ജംഷാദ് കേരളത്തിൽ പഴയ ഫുട്‌ബാൾ താരമായിരുന്നു. ജോൺപോൾ അഞ്ചേരിക്കൊപ്പം കേരള യൂത്ത് ടീമിൽ അംഗമായിരുന്നു. ഇന്ത്യൻക്യാമ്പിലേയ്ക്ക് സെലക്ഷനായെങ്കിലും പരിക്ക് കാരണം കളി ഉപേക്ഷിക്കേണ്ടിവന്നു. അത് മകനിലൂടെ അത്യുന്നതങ്ങളിൽ സാക്ഷാത്കരിക്കപ്പെടുന്നു എന്ന കൗതുകവുമുണ്ട് തഹ്‌സിന്റെ കാലുകളിൽ പന്ത് തൊടുമ്പോൾ.

 പരകോടിയിൽ മലപ്പുറം

ആൺ പെൺ ഭേദമില്ലാതെ ഫുട്‌ബാൾ ജീവനായിക്കൊണ്ടുനടക്കുന്ന അരീക്കോട്, പെരട്ടമ്മൽ, മഞ്ചേരി, മോങ്ങം, മൊറയൂർ, മക്കരപറമ്പ്, കൂട്ടായി, കൂട്ടിലങ്ങാടി, നിലമ്പൂർ ഗ്രാമങ്ങളെല്ലാം ഒരുമാസം മുമ്പേ ലോകകപ്പ് ആവേശമാണ്. ഓരോ ടീമിന്റെ പേരിൽ മത്സരങ്ങൾ തുടങ്ങി. നാടെങ്ങും ഇപ്പോൾ മെസിയും റൊണാൾഡോയും നെയ്മറും നിറഞ്ഞിരിക്കുന്നു.


 കളിക്കാനും അവസരമുണ്ടാകണം

എൻ.എം.നജീബ് (അഞ്ചുതവണ കേരളത്തിന്റെ സന്തോഷ്ട്രോഫി താരം, ഇപ്പോൾ കോച്ച്)

ലോകകപ്പ് എക്കാലവും ഫുട്‌ബാളിന് ആവേശമാണ്. ടി.വിക്ക് മുമ്പിൽ കണ്ണും കാതും തുറന്നിരിക്കുന്ന ദിനരാത്രങ്ങൾ. അപ്പോഴുംനമ്മൾ മറന്നുപോകുന്നത് നമ്മുടെ കളിക്കളങ്ങളെവിടെയെന്നതാണ്. ആദ്യമായി ഒരു മലയാളി ലോകകപ്പിലിറങ്ങുമ്പോൾ നാം അഭിമാനത്തോടെയാണ് സ്വീകരിക്കുന്നത്. പക്ഷെ തഹ്‌സിൻ കേരളത്തിലോ ഇന്ത്യയിലോ ആണ് കളിച്ച് വളർന്നതെങ്കിൽ എന്ന് ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ? നമുക്ക് ഗ്രൗണ്ടില്ല, ഗ്രൗണ്ട് ലെവലിൽ കുട്ടികളെ കണ്ടെത്താൻ സംവിധാനമില്ല. സർക്കാർതലത്തിൽ പ്രോത്സാഹനമില്ല. ഇവിടുത്തെ ഗ്രൗണ്ടിൽ കൃത്യമായി പന്ത് പാസ് ചെയ്യാനോ പന്ത് റിസീവ് ചെയ്യാനോ സംവിധാനങ്ങളില്ല. കുട്ടികൾ വെറുതേ പന്തിൽമാത്രം നോക്കിയിരിക്കുകയാണ്. കാലുമാത്രമല്ല ഫുട്‌ബോളിൽ തലച്ചോറും തൊടണം. അതിന് സംവിധാനങ്ങളുണ്ടാവണം. അതുകൊണ്ടാണ് ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായിട്ടും നമ്മൾക്കിതുവരെ ലോകകപ്പിലിറങ്ങാനാവാത്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION