
പുതുതായി ചുമതലയേറ്റ യു.ഡി.എഫ് സർക്കാർ 2026-27ലെ ബഡ്ജറ്റ് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. സംസ്ഥാനത്തിന്റെ മൊത്തം ചിത്രം ധവളപത്രത്തിലൂടെ വ്യക്തമാണ്. ബഡ്ജറ്റിനുമുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ മുൻഗണനാക്രമം ആവശ്യമാണ്. കൃഷി, മൃഗസംരക്ഷണം, അഗ്രി ബിസിനസ്, തൊഴിലില്ലായ്‌മ, ഉന്നതവിദ്യാഭ്യാസം, ഇന്റേൺഷിപ്പ്, സാമൂഹിക സുരക്ഷ, മനുഷ്യ-വന്യജീവി സംഘർഷം, കാർഷികോത്പാദക സംഘടനകൾ, കയറ്റുമതി, സ്കിൽ വികസനം എന്നിവയിൽ കാലികമായ മാറ്റങ്ങൾ ആവശ്യമാണ്.
നവംബർ 26നാണ് ‘ദേശീയ ക്ഷീര ദിനം’. ക്ഷീര മേഖലയുടെ പ്രാധാന്യം, ആഗോള ഭക്ഷ്യശൃംഖല, പോഷണം എന്നിവയിൽ ഇവ ചെലുത്തുന്ന സ്വാധീനം ജനങ്ങളിലെത്തിക്കുകയെന്നതാണ് ക്ഷീര ദിനാചരണം ഊന്നൽ നൽകുന്നത്. സുസ്ഥിര പാലുത്പാദനത്തിനും, പോഷക സമ്പുഷ്ടമായ പാലുത്പന്നങ്ങൾ നിർമ്മിക്കുന്നതിലും, പോഷണം, ജീവസന്ധാരണം എന്നിവയ്ക്കുമാണ് ലോകത്തിൽ വച്ചേറ്റവും കൂടുതൽ പാലുത്പാദിപ്പിക്കുന്ന ഇന്ത്യ ഊന്നൽ നൽകുന്നത്. രാജ്യത്തെ മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ അഞ്ചു ശതമാനത്തിലധികം സംഭാവന ചെയ്യുന്ന മേഖലയാണിത്. എട്ടു കോടിയോളം ക്ഷീരകർഷകർ ഇന്ത്യയിലുണ്ട്. മൊത്തം കാർഷിക വരുമാനത്തിന്റെ 12.5 ശതമാനത്തോളം ക്ഷീരമേഖലയിൽ നിന്നാണ്.
ഉത്പാദനച്ചെലവ് അനുദിനം ക്ഷീര മേഖലയിൽ വർദ്ധിച്ചു വരുന്നു. കാലിത്തീറ്റയുടെ വിലയിലുണ്ടാകുന്ന വർദ്ധനവ് പാലിന്റെ വിലയെ അപേക്ഷിച്ചു തുലോം കൂടുതലാണ്. പാലിന്റെ വിലയിലുണ്ടാകുന്ന വർദ്ധന 63 ശതമാനവും, കാലിത്തീറ്റയുടെ വിലയിൽ 262 ശതമാനവുമാണ്. വർദ്ധിച്ച ജനസാന്ദ്രത, ജലസേചന പരിമിതി മുതലായവ തീറ്റപ്പുൽ കൃഷിമേഖലയിലെ പ്രതിസന്ധികളിൽ ചിലതാണ്.
പാലിന്റെ വിപണിയിൽ 28 ശതമാനത്തിൽ താഴെ മാത്രമാണ് സംഘടിത മേഖല വിപണനം നടത്തുന്നത്. 70 ശതമാനത്തിലേറെ വിപണി അസംഘടിത മേഖലയിലാണ്. ക്ഷീരമേഖലയിൽ സഹകരണ മേഖലയുടെ പങ്ക് വളരെ വലുതാണ്. ധവള വിപ്ലവത്തിന്റെ പിതാവായ ഡോ. വർഗീസ് കുര്യൻ വിഭാവനം ചെയ്ത അമുൽ മാതൃകയിലെ ക്ഷീരോത്പാദക സംഘങ്ങൾ ലോകത്തിനു മാതൃകയാണ്. ഇതിലൂടെ ക്ഷീര കർഷകരുടെ സംഘാടനം, മെച്ചപ്പെട്ട വിപണി, മറ്റ് ആനുകൂല്യങ്ങൾ എന്നിവ ഉറപ്പു വരുത്തുന്നു.
96 ശതമാനത്തിലധികം സങ്കരയിനം കന്നുകാലികൾ കേരളത്തിലുണ്ട്. രാജ്യത്തിത് 28 ശതമാനം മാത്രമാണ്. ഇന്ത്യ തനതു ഇന്ത്യൻ കന്നുകാലി ജനുസുകളുടെ പരിരക്ഷയ്ക്ക് പ്രാധാന്യം നൽകി വരുന്നു. തനത് ഇന്ത്യൻ ജനുസുകളുടെ പരിരക്ഷയ്ക്കു വിദേശ രാജ്യങ്ങളും താല്പര്യം പ്രകടിപ്പിച്ചു വരുന്നു. ഇന്ത്യൻ സങ്കര ജനുസുകളെ ബ്രസീൽ അടക്കമുള്ള രാജ്യങ്ങൾ ഇറച്ചിക്കും പാലിനും വേണ്ടി വികസിപ്പിച്ചെടുത്തിട്ടുണ്ട്.
രാജ്യത്ത് മൊത്തം കാലിസമ്പത്തിന്റെ മൂന്നിലൊന്നോളം വരുന്ന എരുമകളാണ് 46 ശതമാനത്തോളം പാലും ഉത്പാദിപ്പിക്കുന്നത്. കന്നുകാലികളിലെ രോഗങ്ങൾ ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. അകിടുവീക്കം മൂലം പ്രതിവർഷം രാജ്യത്തുണ്ടാകുന്ന നഷ്ടം 14,000 കോടി രൂപയിലധികമാണ്.
വേണം, പരിസ്ഥിതിക്ക്
ഇണങ്ങിയ തന്ത്രങ്ങൾ
സുസ്ഥിര പാലുത്പാദനത്തിൽ പരിസ്ഥിതിക്കിണങ്ങിയ തന്ത്രങ്ങൾ ആവിഷ്കരിക്കേണ്ടതുണ്ട്. കാർബണിന്റെ അളവ് കുറച്ചുള്ള, ശാസ്ത്രീയ മാലിന്യ സംവിധാനങ്ങളുള്ള പരിചരണ രീതികൾക്ക് പ്രാമുഖ്യം നൽകണം.
ഉത്പാദനച്ചെലവ് കുറയ്ക്കുന്നതോടൊപ്പം രോഗ പ്രതിരോധശേഷി ഉയർത്തുന്ന ഗവേഷണ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകണം. തനതു ജനുസുകളുടെ പരിരക്ഷ ഉറപ്പുവരുത്തണം.
മൃഗ ചികിത്സ സൗകര്യം ഗ്രാമീണ മേഖലയിൽ കൂടുതൽ വിപുലപ്പെടുത്തണം. ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിലും, തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും, സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിലും ക്ഷീരമേഖലയുടെ പങ്ക് വളരെ വലുതാണ്.
ലോകത്ത് ക്ഷീര മേഖലയിൽ സാങ്കേതിക വിദ്യയുടെ ഉപയോഗം വർദ്ധിച്ചു വരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇന്റർനെറ്റ് ഓഫ് തിംഗ്സ്, ബ്ലോക്ക് ചെയിൻ ടെക്നോളജി, ഡാറ്റ അനലിറ്റിക്‌സ്, ഓട്ടോമേഷൻ എന്നിവയ്ക്ക് ഏറെ സാദ്ധ്യതകളാണുള്ളത്. ഉത്പന്ന വൈവിദ്ധ്യവത്കരണം, സംസ്‌കരണം എന്നിവയിൽ സാദ്ധ്യതകളേറെയാണ്. ആയിരക്കണക്കിന് അഭ്യസ്തവിദ്യരായ യുവതീയുവാക്കളാണ് ക്ഷീരമേഖലയിൽ സംരംഭകരാകുന്നത്. ക്ലീൻ, ഗ്രീൻ, എത്തിക്കൽ പാലുത്പാദനത്തിന് ലോക രാഷ്ട്രങ്ങൾ മുൻഗണന നൽകുമ്പോൾ ഈ രംഗത്തെ വനിതാ പങ്കാളിത്തം 75 ശതമാനത്തിലേറെയാണ്.
സഹായം ഉറപ്പുവരുത്തണം
ക്ഷീരമേഖലയുടെ വളർച്ചയ്ക്ക് പ്രത്യേക പാക്കേജ് ആവശ്യമാണ്. ചെറുകിട സംരംഭകർ, വനിതകൾ, ക്ഷീരകർഷകർ എന്നിവർക്ക് ഉത്പാദനം, സംസ്കരണം, വിപണനം എന്നിവയ്ക്ക് കൂടുതൽ സഹായം ഉറപ്പുവരുത്തണം. പുത്തൻ രോഗങ്ങളെ നിയന്ത്രിക്കാൻ ഗവേഷണ മേഖലയിൽ ടെക്നോളജി ട്രാൻസ്‌ഫർ പ്രോത്സാഹിപ്പിക്കണം. വ്യവസായ മേഖലയ്ക്കുള്ള ആനുകൂല്യങ്ങളും ക്ഷീര സംസ്കരണമേഖലയ്ക്ക് ലഭ്യമാക്കണം. വിജ്ഞാന വ്യാപനത്തിനും, തൊഴിൽ നൈപുണ്യത്തിനും പ്രാധാന്യം നൽകുന്നത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സഹായിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |