
കാട്ടാനകൾ യാതൊരു ദാക്ഷണ്യവുമില്ലാതെ കുടിയേറ്റ കർഷകരെയും തോട്ടം തൊഴിലാളികളെയും വേട്ടയാടുമ്പോൾ കൈയും കെട്ടി നോക്കിയിരിക്കുകയാണ് വനംവകുപ്പ് അടക്കമുള്ള സർക്കാർ സംവിധാനങ്ങൾ. മുമ്പ് വല്ലപ്പോഴുമാണ് വന്യജീവിയാക്രമണങ്ങളിൽ ജനം കൊല്ലപ്പെട്ടിരുന്നതെങ്കിൽ ഇപ്പോൾ ദൈനംദിന സംഭവമായി മാറി. തിങ്കളാഴ്ചയാണ് മക്കളെ സ്‌കൂൾ ബസിൽ കയറ്റി വിടാൻ പോകുമ്പോൾ കാട്ടാന ആക്രമിച്ച് സിംഗുകണ്ടം അങ്കണവാടിത്തെരുവ് സ്വദേശി മാരി (36) കൊല്ലപ്പെടുന്നത്. കാട്ടാനയാക്രമണത്തിൽ പരിക്കേറ്റ മകൻ രക്ഷിൻ (11) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ വർഷം ജില്ലയിൽ കാട്ടാന ആക്രമണത്തിൽ പൊലിഞ്ഞത് അഞ്ച് ജീവനുകളാണ്. ഇതിൽ പീരുമേട് താലൂക്കിൽ മാത്രം മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. 2024ൽ ഏഴ് പേരാണ് ജില്ലയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ 48 പേർ മരിച്ചതായാണ് സർക്കാർ കണക്ക്. കാടിറങ്ങുന്ന വന്യമൃഗങ്ങൾ ജനവാസമേഖലയിലെത്തി ജീവനും സ്വത്തിനും നാശനഷ്ടം വരുത്തുമ്പോഴും വനംവകുപ്പ് ഉദ്യോഗസ്ഥർ നോക്കുകുത്തിയായി മാറുകയാണെന്നാണ് ജനങ്ങൾ പരാതിപ്പെടുന്നത്. മുമ്പെങ്ങുമില്ലാത്തവിധം വന്യമൃഗശല്യം രൂക്ഷമാകുമ്പോഴും ഫലപ്രദമായ പ്രതിരോധ നടപടികൾ ഒരുക്കാൻ കഴിയാത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഇതുമൂലം വന്യമൃഗങ്ങളിൽ നിന്ന് കൃഷി സംരക്ഷിക്കാൻ വൈദ്യുത വേലി പോലെയുള്ള അശാസ്ത്രീയ മാർഗങ്ങൾ പരീക്ഷിക്കാൻ കർഷകർ നിർബന്ധിതരാകുകയാണ്. വന്യജീവികൾ ജനവാസ മേഖലയിലിറങ്ങാൻ കാരണം വനത്തിലെ ആവാസ വ്യവസ്ഥ നഷ്ടപ്പെട്ടതു കൊണ്ടാണെന്നാണ് വനം വകുപ്പിന്റെ വാദം.
പ്രഖ്യാപിച്ച കോടികൾ എവിടെ പോയി
ജില്ലയിൽ കാലങ്ങളായി നിലനിൽക്കുന്ന മനുഷ്യ- വന്യജീവി സംഘർഷങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവർ ഒട്ടേറെയാണ്. വീടും കൃഷിയിടവും സമ്പാദ്യവും നഷ്ടപ്പെട്ടവരും പരുക്കേറ്റ് കിടന്നുപോയവരും അതിലേറെ. വന്യമൃഗ ശല്യം പ്രതിരോധിക്കാൻ ഓരോ വർഷവും ലക്ഷങ്ങളുടെ പദ്ധതികളാണ് വനംവകുപ്പ് നടപ്പാക്കുന്നതെങ്കിലും പ്രയോജനമുണ്ടാകുന്നില്ല. 2016ന് ശേഷം ജില്ലയിൽ 10 കോടിയിലേറെയാണ് വന്യജീവി ശല്യം നിയന്ത്രിക്കുന്നതിനായി ചെലവഴിച്ചത്. എന്നാൽ നടപ്പാക്കിയ പദ്ധതികളെല്ലാം പാഴാവുകയായിരുന്നു. ഇതു കൂടാതെ എക്കോ റീസ്റ്റോറേഷൻ,കാടു വെട്ട്,ഫയർ ലൈൻ തെളിക്കൽ,ഫയർ ബ്രേക്കിംഗ്, ട്രഞ്ച് പാത്ത് തുടങ്ങിയ പേരുകളിലും ഒട്ടേറെ പദ്ധതികൾ നടപ്പാക്കുന്നുണ്ട്.
കാട്ടാന ആക്രമണം ഉണ്ടാകുന്ന എല്ലാ സ്ഥലങ്ങളിലും സൗരോർജ തൂക്കുവേലി സ്ഥാപിക്കുമെന്ന് പ്രഖ്യാപിക്കാറുണ്ടെങ്കിലും പലപ്പോഴും നടപ്പാക്കാറില്ല. ഇഞ്ചപ്പതാൽ-പാട്ടയിടുമ്പ്, ആകമാനം-കമ്പിലൈൻ എന്നിവിടങ്ങളിൽ ഫെൻസിംഗ് നിർമിക്കാൻ 58 ലക്ഷം രൂപ സർക്കാർ അനുവദിച്ചെങ്കിലും നടപ്പായില്ല. അരിക്കാെമ്പന്റെ ശല്യം രൂക്ഷമായപ്പോഴാണ് ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലെ അഞ്ച് സ്ഥലങ്ങളിൽ ഹാങ്ങിംഗ് ഫെൻസിംഗ് സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചത്. പന്തടിക്കളത്തു മാത്രം 2.8 കിലോമീറ്റർ ദൂരത്തിൽ ഫെൻസിംഗ് സ്ഥാപിച്ചു. മറ്റുള്ള സ്ഥലങ്ങളിൽ യു.എൻ.ഡി.പി സഹായത്തോടെ പദ്ധതി നടപ്പാക്കുന്നതിന് വിദഗ്ദ്ധ സംഘം പഠനം നടത്തിയെങ്കിലും തുടർ നടപടിയുണ്ടായില്ല. മറയൂർ മുതൽ കാന്തല്ലൂർ വരെ വനാതിർത്തിയിൽ നാല് കോടി രൂപ ചെലവിട്ട് ഫെൻസിംഗ് നിർമ്മിക്കുമെന്നുള്ള അഞ്ച് വർഷം മുൻപത്തെ പ്രഖ്യാപനം ഇതുവരെയും നടപ്പാക്കിയിട്ടില്ല. കാരയൂർ പടിമ്പിയിൽ നാല് കിലോമീറ്റർ സോളർ വേലി നിർമ്മിച്ചെങ്കിലും ഇതും ഫലം കണ്ടില്ല. വനംവകുപ്പിനെ വിശ്വാസം ഇല്ലാതായതോടെ, കീഴാന്തൂർ ഗ്രാമക്കാർ സ്വന്തമായി പിരിവെടുത്ത് നാല് ലക്ഷത്തോളം രൂപ മുടക്കി കാരയൂർ മുതൽ കീഴാന്തൂർ വരെ ആറ് കിലോമീറ്റർ ദൂരം ഫെൻസിംഗ് നിർമ്മിച്ചിരുന്നു. പീരുമേട്ടിലെ രൂക്ഷമായ വന്യമൃഗശല്യം തടയാൻ വനംമന്ത്രി 2023ൽ റാപിഡ് റെസ്‌പോൺസ് ടീമിന്റെ (ആർ.ആർ.ടി) ഒരു സംഘത്തെ കൂടി നിയമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ വർഷം മൂന്ന് കഴിഞ്ഞിട്ടും അത് സംഭവിച്ചില്ല. പ്രഖ്യാപന സമയത്തേക്കാൾ കാട്ടാനകളുടെ സാന്നിധ്യം വർദ്ധിച്ചിട്ടും ഇതിന് അനുപാതികമായി ജീവനക്കാരെ നിയമിക്കാനും നടപടിയായിട്ടില്ല. കാെച്ചി- ധനുഷ്‌കോടി ദേശീയപാതയിൽ മൂന്നാർ മുതൽ ബോഡിമെട്ട് വരെയുള്ള ഭാഗത്ത് കാട്ടാനകൾക്കു റോഡ് മുറിച്ചു കടക്കുന്നതിനായി അണ്ടർ പാസേജുകളും മറ്റ് വന്യജീവികൾക്ക് പാലങ്ങളും (അനിമൽ ബ്രിജസ്) നിർമിക്കുമെന്നു വനംവകുപ്പ് അറിയിച്ചിരുന്നു. ഇതിനുള്ള ഫണ്ടും വകയിരുത്തി എന്നായിരുന്നു അധികൃതരുടെ വാദം. എന്നാൽ തുടർനടപടികളാെന്നും ഉണ്ടായില്ല.
നഷ്ടപരിഹാരം കിട്ടും, പ്രതിഷേധിച്ചാൽ മാത്രം
കാട്ടുമൃഗങ്ങൾ കൃഷി നശിപ്പിക്കുമ്പോൾ വനംവകുപ്പിൽ നിന്നുള്ള നഷ്ടപരിഹാരം ലഭിക്കാൻ കാലതാമസം നേരിടുന്നതായും ലഭിക്കുന്ന നഷ്ടപരിഹാരം നാമമാത്രമാണെന്നും ആക്ഷേപമുണ്ട്. കാട്ടാന വന്യമൃഗ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെടുന്നവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയാണ് വനംവകുപ്പ് നൽകുന്ന നഷ്ടപരിഹാരം. പരിക്കേൽക്കുന്നവർക്ക് ചികിത്സയ്ക്ക് പരമാവധി ഒരു ലക്ഷം രൂപ വരെയുമാണ് നൽകുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വന്യജീവി ആക്രമണം നേരിടാൻ നിയമനിർമ്മാണം കൊണ്ടുവരണമെന്നാവശ്യപ്പെട്ട പ്രതിപക്ഷ നേതാക്കളും ജനപ്രതിനിധികളും ഇന്ന് ഭരണപക്ഷത്താണുള്ളത്. ഈ സർക്കാരിന്റെ കാലത്തെങ്കിലും പ്രത്യേക നിയമനിർമ്മാണം വരുമോ എന്ന ഉറ്റുനോക്കുകയാണ് മലയോര ജനത.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |