
കേന്ദ്രത്തിലായാലും സംസ്ഥാനങ്ങളിലായാലും ഭരണമാറ്റമുണ്ടാകുമ്പോൾ പ്രതിപക്ഷത്തുള്ളവർ ശരശയ്യയിലാകുന്നത് പതിവാണ്. മുമ്പെല്ലാം ഭരണപക്ഷത്തുനിന്നുള്ള രാഷ്ട്രീയ ആക്രമണമായിരുന്നെങ്കിൽ പിൽക്കാലത്ത് അന്വേഷണ ഏജൻസികളെ വച്ചുള്ള വേട്ടയാടലാണ് ഈ വിഭാഗം നേരിടേണ്ടിവന്നിട്ടുള്ളത്. കേന്ദ്രത്തിൽ സി.ബി.ഐയും ഇൻകംടാക്സ് വകുപ്പും, സംസ്ഥാനങ്ങളിൽ പൊലീസ് സംവിധാനം. രാഷ്ട്രീയ ശത്രുക്കളെ ഒതുക്കാൻ ഇത്തരം സംവിധാനങ്ങളെയാണ് ഉപയോഗിക്കാറുള്ളത്. മടിയിൽ കനമുള്ളവർ വിറയ്ക്കും, ചിലപ്പോൾ അകത്തുപോകും. ഇതിന് മറുവശവുമുണ്ട്. സംശുദ്ധ രാഷ്ട്രീയക്കാരെ വരെ നാറ്റിക്കാൻ ഒരു കേസും ചോദ്യം ചെയ്യലും ധാരാളം മതിയാകും. അന്വേഷണം അടുപ്പക്കാരിലെത്തിയാൽ ഈ ഏജൻസികൾ മൗനം പാലിക്കുകയും ചെയ്യും. സി.ബി.ഐയ്ക്ക് 'കൂട്ടിലടച്ച തത്ത' എന്ന് വിളിപ്പേര് കിട്ടിയത് സ്വാധീനത്തിന് വഴങ്ങുന്നുവെന്ന ആരോപണത്തെ തുടർന്നാണ്.
അങ്ങനെ പോകുമ്പോളാണ് എൻ.ഡി.എ കേന്ദ്രത്തിൽ അധികാരമുറപ്പിച്ചത്. അക്കാലം മുതലാണ് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് കളത്തിൽ കളി തുടങ്ങിയത്. സംസ്ഥാന മുഖ്യമന്ത്രിമാർ വരെ ഇ.ഡി. കേസിൽ അകത്തായ സംഭവങ്ങളുണ്ടായി. അന്വേഷണ വിഷയം കള്ളപ്പണമാണെങ്കിലും ഇ.ഡിക്ക് ഏതു കേസിനു പിന്നാലെയും കടന്നുവരാമെന്ന അവസ്ഥയുണ്ടായി. കോഴയോ വായ്പയോ സ്ഥലക്കച്ചവടമോ ആയുധ വ്യാപാരമോ എന്തു തന്നെയാകട്ടെ, എവിടെയെങ്കിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ
കള്ളപ്പണം സംശയിച്ച് ഇ.ഡിക്ക് രംഗപ്രവേശം ചെയ്യാം.
കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന്റെ (പി.എം.എൽ.എ) വിപുലമായ വ്യവസ്ഥകൾ വച്ച് അസ്ത്രം തൊടുക്കാം. ഇ.ഡിക്ക് അമിതാധികാരങ്ങളാണെന്ന് ഇതോടെ മുറവിളികളുണ്ടായി. ഈ സാഹചര്യങ്ങൾ നിയമത്തർക്കത്തിന് വഴിവച്ചു. പി.എം.എൽ.എ വ്യവസ്ഥകളും ഇ.ഡിയുടെ അധികാരവും സംബന്ധിച്ച വസ്തുതകൾ വിജയ് മദൻലാൽ ചൗധരി കേസിൽ സുപ്രീംകോടതി ഇഴകീറി പരിശോധിച്ചതാണ്. ഇ.ഡിയുടെ വിപുലമായ അധികാരങ്ങൾ ശരിവയ്ക്കുകയും ചെയ്തു. ഈ വിധിയുടെ ചുവടുപിടിച്ചാണ്, മാസപ്പടി കേസിലെ അന്വേഷണം തുടരാൻ ഹൈക്കോടതി ഡിവിഷൻബെഞ്ച് കഴിഞ്ഞദിവസം ഇ.ഡിക്ക് അനുമതി നൽകിയത്.
മാസപ്പടിയിലെ മിന്നൽ വേഗം
സി.എം.ആർ.എല്ലും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ ടി.വീണയുടെ സ്ഥാപനമായ എക്സാലോജിക് സൊല്യൂഷൻസും തമ്മിൽ നടന്നിരുന്ന സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച അന്വേഷണമാണ് മാസപ്പടി കേസ് എന്നറിയപ്പെടുന്നത്. അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സി.എം.ആർ.എൽ നൽകിയ ഹർജിയിൽ തുടർനടപടികൾ രണ്ടുവർഷം മരവിച്ചിരുന്നു. അന്വേഷണം തുടരാൻ ആദ്യം അനുമതി നൽകിയത് ഹൈക്കോടതി സിംഗിൾബെഞ്ചാണ്. തുടർന്ന് ചടുലമായ നീക്കങ്ങൾ നടത്തിയ ഇ.ഡി. സംഘം പിറ്റേന്നു തന്നെ തിരുവനന്തപുരത്ത് പിണറായിയുടെ വാടകവീട്ടിലെത്തി വീണയെ ചോദ്യം ചെയ്തിരുന്നു. അതിനൊപ്പം,സി.എം.ആർ.എല്ലുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളും റെയ്ഡ് ചെയ്തു. ഇതിനെതിരായ അപ്പീൽ ഡിവിഷൻബെഞ്ചും ശരിവച്ചതോടെയാണ് അന്വേഷണം അടുത്തഘട്ടത്തിലേക്ക് കടന്നത്. വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ വീണയ്ക്കടക്കം സമൻസ് പോയിരിക്കുകയാണ്. മറ്റൊരു ഏജൻസിയുടെ എഫ്.ഐ.ആർ ഇല്ലാതെ തന്നെ ഇ.ഡിക്ക് സമൻസ് അയയ്ക്കാമെന്നും അന്വേഷണത്തിന് ഷെഡ്യൂൾ ഒഫൻസ് വേണമെന്ന് നിർബന്ധമില്ലെന്നും ഡിവിഷൻബെഞ്ചും വ്യക്തമാക്കുകയായിരുന്നു. മാസപ്പടി കേസിൽ എസ്.എഫ്.ഐ.ഒ സമർപ്പിച്ച കുറ്റപത്രത്തിന്റെ അനുബന്ധ രേഖകളുടെ പകർപ്പ് ഇ.ഡിക്ക് കൈമാറാൻ പ്രത്യേക കോടതി ഉത്തരവിട്ടതും അന്വേഷണം വേഗത്തിലാക്കി.
കരുവന്നൂരും പിന്നാലെ
സി.പി.എമ്മിന് ഇരട്ടപ്രഹരമായി കരുവന്നൂർ സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പ് കേസിൽ ഇ.ഡി. അനുബന്ധ കുറ്റപത്രം സമർപപിച്ചതും കഴിഞ്ഞദിവസമാണ്.സി.പി.എമ്മിനേയും എ.സി. മൊയ്തീൻ എം.എൽ.എ, സി.പി.എം തൃശൂർ മുൻ ജില്ലാ സെക്രട്ടറിമാരായ കെ. രാധാകൃഷ്ണൻ എം.പി, എം.എം. വർഗീസ്, ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി കെ.സി. പ്രേമരാജൻ, പൊറത്തിശേരി നോർത്ത് ലോക്കൽ സെക്രട്ടറി എ.ആർ. പീതാംബരൻ, പൊറത്തിശേരി സൗത്ത് ലോക്കൽ സെക്രട്ടറി എം.ബി. രാജു തുടങ്ങിയവരേയും പ്രതിചേർത്താണ് കള്ളപ്പണം തടയൽ നിയമ പ്രകാരമുള്ള അനുബന്ധ കുറ്റപത്രം. പ്രഥമദൃഷ്‌ട്യാ തെളിവുണ്ടെന്ന് വ്യക്തമാക്കിയ കോടതി ഇവർ വിചാരണ നേരിടണമെന്നും ജൂലായ് 4ന് നേരിട്ട് ഹാജരാകണമെന്നും ഉത്തരവിട്ടു. ആദ്യ കുറ്റപത്രം അനുസരിച്ച് 55 പ്രതികൾക്കെതിരെ വിചാരണ തുടങ്ങിയിരുന്നു.
പാർട്ടി നിയന്ത്രണത്തിലായിരുന്ന ബാങ്കിൽ 2012-13ൽ ഭരണസമിതിയുടെ ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് തൃശൂർ ജില്ലാകമ്മിറ്റി ബാങ്ക് ഭരണത്തിന് സബ് കമ്മിറ്റിയെ വച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി.കെ. ചന്ദ്രൻ ഉൾപ്പടെ അംഗമായിരുന്നു. വലിയവായ്പകൾ അനർഹർക്ക് അനുവദിക്കാൻ സബ്കമ്മിറ്റി നിർദ്ദേശിച്ചു. വായ്പകൾ തിരിച്ചടച്ചില്ല. അങ്ങനെ നിക്ഷേപകരുടെ കോടികൾ ചോർന്നു. ബാങ്കിനെ ചതിച്ചതിൽ പാർട്ടി പങ്കാളിയായി. 2017ൽ പൊറത്തിശേരിയിൽ സ്ഥലംവാങ്ങി പാർട്ടിഓഫീസ് നിർമ്മിക്കാൻ ലോക്കൽ കമ്മിറ്റി തീരുമാനിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗീകാരം നൽകി. പി.ആർ.വൈ ബിൽഡിംഗ് ഫണ്ട് എന്ന പേരിൽ ബാങ്ക് അക്കൗണ്ട് തുടങ്ങി. അനധികൃത വായ്പക്കാരിൽ നിന്നുള്ള കമ്മിഷൻ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചു തുടങ്ങിയവയാണ് ഇ.ഡിയുടെ കണ്ടെത്തൽ.
ഇതിനു പുറമേ പിണറായി വിജയൻ എതിർകക്ഷിയായ മസാല ബോണ്ട് ഇടപാടും ഇ.ഡി അന്വേഷണിക്കുന്നുണ്ട്.
ഇ.ഡിയുടെ പരാതിയിൽ അഡ്ജുഡിക്കേറ്റിംഗ് അതോറിട്ടി കാരണം കാണിക്കൽ നോട്ടീസും നൽകിയിരുന്നു.
ഒന്നാം പിണറായി സർക്കാർ കിഫ്ബി മുഖേന വിദേശത്ത് മസാലബോണ്ട് പുറപ്പെടുവിച്ചതിൽ ഫെമ ലംഘനമുണ്ടെന്നാണ് ഇ.ഡിയുടെ ആരോപണം. കിഫ്ബിയുടെ ചെയർമാനെന്ന നിലയിലാണ് മുഖ്യമന്ത്രിയായിരുന്ന പിണറായി കേസിൽപ്പെട്ടത്. നോട്ടീസിനെ ചോദ്യംചെയ്ത് കിഫ്ബിയും പിണറായിയും തോമസ് ഐസക്കുമടക്കം നൽകിയ ഹർജിയിൽ തിടുക്കത്തിലുള്ള നടപടികൾ ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്. ജൂലായ് 20നാണ് ഹർജി വീണ്ടും സിംഗിൾബെഞ്ചിൽ വരുന്നത്. നിയമലംഘനം തെളിഞ്ഞാൽ കനത്തപിഴ ചുമത്താനാകും.
പൊതുരംഗത്തുള്ളവർ ദൈനംദിന പ്രവർത്തനങ്ങളിൽ അതീവശ്രദ്ധ പുലർത്തണമെന്നതിനുള്ള മുന്നറിയിപ്പാണ് ഈ കേസുകൾ. അവതാരങ്ങളെ കരുതിയിരിക്കുകയും വേണം. ഉപ്പുതിന്നവർ വെള്ളം കുടിക്കട്ടെ. അതേസമയം, അന്വേഷണ ഏജൻസികൾക്കുള്ള വിപുലമായ അധികാരങ്ങൾ ആരെയെങ്കിലും തകർക്കാനുള്ള പ്രതികാര നടപടികളാക്കാതിരിക്കാനുള്ള വിവേകം ഭരണകൂടങ്ങളും കാണിക്കണം. ഭരണഘടനയാണ് എല്ലാത്തിനും മുകളിലെന്ന് ഏവർക്കും ബോദ്ധ്യമുണ്ടാവുകയും വേണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |