SignIn
Kerala Kaumudi Online
Sunday, 26 July 2026 10.35 AM IST

കരുത്ത് പകർന്ന് മകനും സഹോദരിയും ,​ തമിഴകം കാണുമോ സ്റ്റാലിൻ 2.O

aa
എം.കെ.സ്റ്റാലിനും കനിമൊഴിയും

മകനും ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ നേതൃത്വത്തിൽ മേഖലാ അടിസ്ഥാനത്തിൽ

യുവ ജനസമ്മേളനങ്ങൾ, സഹോദരിയും പാർട്ടി ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയുമായ കനിമൊഴിയുടെ നേതൃത്വത്തിൽ വനിതാ സമ്മേളനങ്ങൾ. തമിഴ്നാട്ടിൽ ഭരണ തുടർച്ച ലക്ഷ്യമിട്ട് വ്യക്തമായ ആസൂത്രണത്തോടെയാണ് ഡി.എം.കെ പ്രസിഡന്റും മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ ഒരോ ചുവടും മുന്നോട്ടു വയ്ക്കുന്നത്.

എതിർവശത്ത് നവതരംഗം ഉയർത്താൻ വിജയ്‌യുടെ ടി.വി.കെയും ബി.ജെ.പിയോട് ചേർന്ന് നിന്നു പോരിന് തയ്യാറെടുക്കുന്ന പ്രതിപക്ഷനേതാവും അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറി എടപ്പാടി കെ.പളനിസാമിയും ശക്തരായി തന്നെ ഉണ്ടെങ്കിലും ത്രികോണപ്പോരിൽ വോട്ടുചോരാതിരിക്കുന്നതിനുള്ള എല്ലാ തന്ത്രങ്ങളും സ്റ്രാലിൻ പയറ്റും.

തമിഴ്‌നാട്ടിൽ ഇത്തവണ പൊങ്കൽ കിറ്റിനൊപ്പം 3,000 രൂപാ വീതം സർക്കാർ നൽകിയത് വോട്ടു ലക്ഷ്യവച്ചാണ്. 2,22,91,710 കുടുംബങ്ങൾക്കാണ് മൂവായിരം രൂപ വീതം ലഭിച്ചത്. കാർഡ് ഉടമകളായ വീട്ടമ്മമാരുടെ അക്കൗണ്ടുകളിലേക്ക് പണം എത്തിച്ച ശേഷമായിരുന്നു വനിതാ സമ്മേളനങ്ങൾ നടത്തിയത്. പ്രതീക്ഷിച്ചതുപോലെ സ്ത്രീജനങ്ങളുടെ ഒഴുക്കു തന്നെ സമ്മേളന സ്ഥലത്തേക്ക് ഉണ്ടായി.

ഭരണവിരുദ്ധ വികാരവും അഴിമതി ആരോപണങ്ങളുമൊക്കെ ഡി.എം.കെ സർക്കാരിനെതിരെയുണ്ട്. പക്ഷെ, അത് മുതലാക്കുന്നതിൽ പ്രതിപക്ഷത്തിനു കഴിയാത്തതാണ് ഡി.എം.കെയ്ക്ക് നേട്ടമാകുന്നത്. സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകളിലേക്ക് ഡി.എം.കെ മുന്നണി കടക്കാൻ പോകുന്നു. ആദ്യവട്ട ചർച്ചകൾക്ക് കനിമൊഴിയാണ് നേതൃത്വം നൽകുക. ‌ഡി.എം.കെയോട് ഇതുവരെ കൂട്ടുകൂടിയിട്ടില്ലാത്ത ഡി.എം.ഡി.കെ ഉൾപ്പെടെയുള്ള പാർട്ടികൾ മുന്നണിയിലേക്ക് എത്തും. ഡി.എം.ഡി.കെയുടെ ചെയർപേഴ്സണും വിജയ്‌കാന്തിന്റെ ഭാര്യയുമായ പ്രേമലത തന്നെയാണ് മുന്നണി പ്രവേശത്തിന് താൽപര്യം പ്രകടിപ്പിച്ചത്. പ്രേമലതയ്ക്ക് രാജ്യസഭാ സീറ്റും മത്സരിക്കാൻ 20 നിയമസഭാ മണ്ഡലങ്ങളും വേണമെന്നാണ് ഡി.എം.ഡി.കെയുടെ ഡ‌ിമാൻഡ്.
അത് അതേപടി ഡി.എം.കെ അംഗീകരിക്കില്ലെങ്കിലും രാജ്യസഭാ സീറ്റും ആറോ ഏഴോ ലോക്‌സഭാ സീറ്രും നൽകി ഡി.എം.‌ഡി.കെയെ ഒപ്പം നിറുത്തും.

ഡി.എം.ഡി.കെ സഖ്യത്തിനായി എത്തുമെന്ന വിജയ്‌യുടെ കണക്കുകൂട്ടൽ അതോടെ അവസാനിക്കും.

കോൺഗ്രസിന്റെ ചാഞ്ചാട്ടം അവസാനിച്ചു

ഡി.എം.കെ മുന്നണിയുടെ രണ്ടാമത്തെ വലിയ കക്ഷി കോൺഗ്രസാണ് എന്നാൽ ഭരണ പങ്കാളിത്തം ഡി.എം.കെ കോൺഗ്രസിന് നൽകിയിട്ടില്ല. തങ്ങളുമായി സഖ്യത്തിലായാൽ ഭരണ പങ്കാളിത്തം നൽകാമെന്ന് ടി.വി.കെ അറിയച്ചതോടെ കോൺഗ്രസ് നേതാക്കളിൽ ചിലർ ടി.വി.കെയുമായി അനൗദ്യോഗിക ചർച്ചകൾ നടത്തി.

കോൺഗ്രസ് നേതാവും ഓൾ ഇന്ത്യ പ്രഫഷനൽ കോൺഗ്രസ് അദ്ധ്യക്ഷനുമായ പ്രവീൺ ചക്രവർത്തി വിജയ്‌യുടെ ചെന്നൈ പട്ടിണമ്പാക്കത്തെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി. കോൺഗ്രസ് വക്താവ് തിരുച്ചി വേലുസാമിയുമായി വിജയ്‌യുടെ പിതാവ് എസ്.എ.ചന്ദ്രശേഖർ കൂടിക്കാഴ്ച നടത്തി. എന്നാൽ ടി.വി.കെയ്ക്ക് സംസ്ഥാനത്ത് അധികാരം പിടിക്കാൻ കഴിയുമെന്ന ഉറപ്പ് ദേശീയ നേതൃത്വത്തിന് നൽകാൻ കോൺഗ്രസിന്റെ സംസ്ഥാന നേതൃത്വത്തിനായില്ല. ദേശീയതലത്തിൽ ഡി.എം.കെ കോൺഗ്രസിന്റെ ഉറ്റചങ്ങാതിയുമാണ്. അതോടെ ടി.വി.കെയുമായി തുടർചർച്ചകൾ കോൺഗ്രസ് അവസാനിപ്പിച്ചു.

വിജയ്‌ക്ക് എങ്ങനേയും മുഖ്യമന്ത്രിയാകണം!

അണ്ണാ ഡി.എം.കെയുമായി ഒരു ഘട്ടത്തിൽ ടി.വി.കെ സഖ്യ ചർച്ച നടത്തിയിരുന്നു. എന്നാൽ മുന്നണിയിലെ പ്രധാന പാർട്ടി ടി.വി.കെയാകണമെന്നും മുഖ്യമന്ത്രി വിജയ് ആകുമെന്നുമുള്ള ടി.വി.കെയുടെ ആവശ്യം എടപ്പാടിയും കൂട്ടരും തള്ളി. അതിനു ശേഷമാണ് അണ്ണാ ഡി.എം.കെ വീണ്ടും ബി.ജെ.പിയുമായി സഖ്യത്തിലായത്.

ഭരണ പങ്കാളിത്തം വാഗ്ദാനം നൽകിയിട്ടും ഇതുവരെ ഒരു പാർട്ടി പോലും ടി.വി.കെയുമായി സഖ്യം പ്രഖ്യാപിച്ചിട്ടില്ല.

എൻ.ഡി.എ പാളയത്തിലെത്തിയിട്ടും അണ്ണാ ഡി.എം.കെ തമിഴ്നാട്ടിലെ ബി.ജെ.പി നേതൃത്വവുമായി സഹകരിച്ചുള്ള പ്രവർത്തനം ആരംഭിച്ചിട്ടില്ല. കേന്ദ്രആഭ്യന്തര മന്ത്രി അമിത്ഷായും പ്രധാനമന്ത്രി നരേന്ദ്രമോദിയും വന്നു പോയിട്ടും തമിഴ്‌വികാരം മുന്നണിക്ക് അനുകൂലമായിട്ടില്ല.

മുന്നണിയിലെ പ്രധാന പാർട്ടികളൊന്നായ പി.എം.കെ പിളർന്നു. ഔദ്യോഗിക വിഭാഗം നിലവിൽ എൻ.ഡി.എയിൽ അല്ല. അൻപുമണി രാംദാസിനെ അനൂകൂലിക്കുന്നവർ മാത്രമാണുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION