SignIn
Kerala Kaumudi Online
Monday, 15 June 2026 2.02 AM IST

കെട്ടിപ്പിടിത്തവും ചൂടുവെള്ളത്തിലെ ചാട്ടവും

a

'കട്ടിപ്പുടി കട്ടിപ്പുടി ഡാ...' ദളപതി വിജയ് നായകനായ 'ഖുഷി' എന്ന തമിഴ് സിനിമയിലെ ഈ റൊമാന്റിക് ഗാനം ഒരു കാലത്ത് തെന്നിന്ത്യയിൽ മൂളി നടക്കാത്ത ചെറുപ്പക്കാരില്ല. കോളേജ് ക്യാമ്പസുകളിൽ ഈ പാട്ട് പാടി ചെകിട്ടത്ത് 'നാരീ ഹസ്തേന താഡനം' പതിഞ്ഞ പൂവാലന്മാർക്ക് കൈയും കണക്കുമില്ല. തമിഴ്നാട്ടിലെ മുഖ്യമന്ത്രിയായശേഷം നടൻ വിജയ് ചെന്നൈയിൽ നടൻ രജനികാന്ത് ഉൾപ്പെടെയുള്ള സുഹൃത്തുക്കളെ കെട്ടിപ്പിടിച്ച് ആശ്ലേഷിച്ചു.

തന്റെ സർക്കാരിന് കേവല ഭൂരിപക്ഷം ഉറപ്പിക്കാൻ 5 കോൺഗ്രസ് എം.എൽ.എമാർ പിന്തുണച്ചതിന് നന്ദി സൂചകമായി ഡൽഹിയിലെത്തിയപ്പോൾ രാഹുൽ ഗാന്ധിയെയും അദ്ദേഹം കെട്ടിപ്പിടിച്ചു. അതിനിടെയാണ്, സി.പി.എമ്മും കോൺഗ്രസുമൊക്കെ ഉൾപ്പെട്ട പ്രതിപക്ഷ ഇന്ത്യാ സഖ്യത്തിൽ ഐക്യമുണ്ടെന്ന് വാദിച്ച ലോക്സഭയിലെ പ്രതിപക്ഷ നേതാവ് കൂടിയായ രാഹുൽ ഗാന്ധിയുടെ വെട്ടിത്തുറന്ന് പറച്ചിൽ. സഖ്യത്തിന്റെ പേരിൽ സി.പി.എം നേതാവ് പിണറായി വിജയനെ കെട്ടിപ്പിടിക്കാനൊന്നും തനിക്ക് കഴിയില്ല. തനിക്ക് അതിനുള്ള വഴക്കവുമില്ല.

1999ൽ മികച്ച ഭൂരിപക്ഷത്തോടെ ബി.ജെ.പി നേതാവ് അടൽ ബിഹാരി വാജ്പേയി വീണ്ടും പ്രധാനമന്ത്രിയായപ്പോൾ, പാർലമെന്റിൽ കോൺഗ്രസിന്റെ സീറ്റ് ഗണ്യമായി കുറഞ്ഞു. വോട്ടെണ്ണൽ ഫലങ്ങൾ ടിവിയിൽ കണ്ട രാഹുൽ, അമ്മ സോണിയാ ഗാന്ധിയോട് 'എന്തേ മമ്മി, ജനങ്ങൾ നമുക്ക് വോട്ട് ചെയ്യാത്തത്' എന്ന് നിഷ്കളങ്കമായി ചോദിച്ചെന്നും, റിച്ചാർഡ് ആറ്റൻബറോയുടെ ഗാന്ധി സിനിമ കണ്ട് 'ഗാന്ധിജി ഇത്ര വലിയ മഹാനായിരുന്നോ?' എന്ന് അത്ഭുതം കൂറിയെന്നുമൊക്കെയാണ് അന്ന് പ്രചരിച്ച തമാശക്കഥകൾ. 82-ാം വയസിൽ മുഖ്യമന്ത്രിയായ വി.എസ്.ആച്യുതാനന്ദനെ കളിയാക്കിയ രാഹുലിനെ വി.എസ് 'അമൂൽ ബേബി' എന്ന് പരിഹസിച്ചത് ദേശീയ വാർത്തയായി.

ബി.ജെ.പിക്കാർ രാഹുലിനെ രാഷ്ട്രീയത്തിലെ 'പപ്പു'വായി ചിത്രീകരിച്ചതും, പാർലമെന്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരേ രാഹുൽ ഗോഷ്ടി കാണിച്ചതുമൊക്ക പഴങ്കഥ. ഇന്ന് രാഹുൽ ഇരുത്തം വന്ന നേതാവാണ്. മുത്തച്ഛൻ ജവഹർലാൽ നെഹ്റു 'ഡിസ്കവറി ഒഫ് ഇന്ത്യ' (ഇന്ത്യയെ കണ്ടെത്തൽ) എന്ന വിഖ്യാത ഗ്രന്ഥം രചിച്ചപ്പോൾ, കന്യാകുമാരി മുതൽ കാശ്മീർ വരെ പദയാത്ര നടത്തിയാണ് രാഹുൽ ഗാന്ധി ഇന്ത്യയെ കണ്ടെത്തിയത്.

ഇതൊക്കെയാണെങ്കിലും രാഹുൽ ഗാന്ധിയെ പക്വത വന്ന നേതാവായി ഇടതുപക്ഷം ഇപ്പോഴും അംഗീകരിക്കുന്നില്ല. ഡൽഹിയിലെയും, ജാർഖണ്ഡിലെയും മുഖ്യമന്ത്രിമാരെ കേന്ദ്രത്തിലെ മോദി സർക്കാർ ജയിലിലടച്ചിട്ടും, കേരള മുഖ്യമന്ത്രി പിണറായി വിജയനെ സ്വർണക്കൊള്ളക്കേസിൽ എന്തുകൊണ്ട് ജയിലിലടയ്ക്കുന്നില്ലെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ചോദ്യം. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോഴും അദ്ദേഹം ഇതാവർത്തിച്ചു.

പിണറായിയുടെ മകൾ വീണയ്ക്കെതിരായ കേസിൽ തിരുവനന്തപുരത്തെ പിണറായിയുടെ വീട്ടിൽ ഇ.ഡി നടത്തിയ റെയ്ഡിനെ ആം ആദ്മി നേതാവ് അരവിന്ദ് കേജ്‌രിവാളും

ഡി.എം.കെ നേതാവ് എം.കെ.സ്റ്റാലിനും അപലപിച്ചിട്ടും രാഹുൽ അറിഞ്ഞ ഭാവം കാണിച്ചില്ല. രാഹുൽ ഗാന്ധിയുടെ എം.പി സ്ഥാനത്തിന് മോദി സർക്കാർ അയോഗ്യത കൽപ്പിച്ചപ്പോഴും, കോൺഗ്രസിന്റെ ഫണ്ട് മരവിപ്പിച്ചപ്പോഴും സി.പി.എം വിമർശിച്ചിരുന്നു. ആ നന്ദി പോലും രാഹുൽ തിരിച്ചു പ്രകടിപ്പിച്ചില്ല.

തന്റെ വസതിയിലെ ഇ.ഡി റെയ്ഡിന് ശേഷം മാദ്ധ്യമങ്ങളെ കണ്ട പിണറായി വിജയൻ ആദ്യം പറഞ്ഞത്,​ ഈ റെയ്ഡിൽ ഏറ്റവും സന്തോഷിക്കുക രാഹുൽ ഗാന്ധിയായിരിക്കുമെന്നാണ്. പിണറായി വിജയനെ ആലിംഗനം ചെയ്തില്ലെങ്കിലും അറസ്റ്റ് ചെയ്യണമെന്ന് ഇ.ഡിയോട്

രാഹുൽ ആവശ്യപ്പെടാതിരുന്നാൽ മതിയെന്നാണ് സി.പി.എം ജനറൽ സെക്രട്ടറി എം.എ.ബേബിയുടെ പരിഹാസം.

ഈ പുകിലുകൾക്കിടയിലാണ് 'കട്ടപ്പുടി ഡാ..' രാഹുലിനെ കണ്ടാൽ താൻ ഹസ്തദാനം നൽകുന്നതല്ലാതെ, കെട്ടിപ്പിടിക്കാറില്ലെന്ന് പിണറായി. നരേന്ദ്ര മോദിയെ രാഹുൽ പാർലമെന്റിൽ വച്ച് കെട്ടിപ്പിടിച്ച കാര്യവും അദ്ദേഹം ഓർമ്മിപ്പിച്ചു. ഇനി അഥവാ, രാഹുൽ ഗാന്ധി നാളെ മനംമാറി കെട്ടിപ്പിടിക്കാൻ തുനിഞ്ഞാലും പിണറായി അതിന് നിന്നു കൊടുക്കുമെന്ന് തോന്നുന്നില്ല.

□□□□□□□□□□□

ചൂട് വെള്ളത്തിൽ വീണ പൂച്ച പച്ച വെള്ളം കണ്ടാലും പേ‌ടിക്കും. വീണ്ടും ചൂട് വെള്ളം കണ്ടിട്ടും പേടിക്കാതെ എടുത്തു ചാടിയാലോ? ശരീരമാകെ പൊള്ളും. അധികാരത്തിലേറി ഒരു മാസം തികയും മുമ്പ് രണ്ട് തവണ ചൂട് വെള്ളത്തിൽ ചാടി ശരീരം പൊള്ളിയതിന്റെ നീറ്റലിലാണ് വി.ഡി.സതീശൻ സർക്കാർ. കെ.പി.സി.സി പ്രസിഡന്റ് കൂടിയായ മന്ത്രി

സണ്ണി ജോസഫിന്റെ അളിയൻ ഗ്യാരന്റി ഇതിൽ ആദ്യത്തേത്.

മന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനായ സഹോദരീ ഭർത്താവ് ബെന്നി തോമസ് വിവാദക്കൊടുങ്കാറ്റിൽപ്പെട്ട് മൂന്നാം നാൾ രാജി വച്ചു. എന്നിട്ടും

സർക്കാർ പഠിച്ചില്ല. ദേവസ്വം വകുപ്പിൽ സ്പെഷ്യൽ ഗവ.പ്ലീഡറായി നിയമിതനായ കെ.ബി.പ്രദീപും മുന്നാം നാൾ രാജി വച്ചു. പ്രദീപ് ആരാണെന്നല്ലേ. ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതി ചേർക്കപ്പെട്ട ചെന്നൈയിലെ സ്വർണം പൂശൽ സ്ഥാപനമായ സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകൻ!. കേസിലെ പ്രതിയുടെ വക്കീൽ കേസന്വേഷിക്കുന്ന സർക്കാരിന്റെയും വക്കീൽ!

'സ്വർണം കട്ടത് സഖാക്കളാണേ അയ്യപ്പാ' എന്ന കോൺഗ്രസുകാരുടെ മുദ്രാവാക്യം മാറ്റി വിളിക്കേണ്ടി വരുമോ?. സ്വർണക്കൊള്ള കേസിലെ ചിലരെ രക്ഷിക്കാനുള്ള ഒത്തുകളിയെന്ന്

ഇടതുപക്ഷം. രണ്ടു ദിവസം സർക്കാർ വക്കീലിന്റെ ചുമതല വഹിച്ച പ്രദീപ് അതിനകം അന്വേഷണ ഫയലുകൾ പലതും അടിച്ചു മാറ്റിക്കാണുമെന്ന് മുൻമന്ത്രി പി.രാജീവ്. പ്രതിയുടെ വക്കാലത്ത് ഇദ്ദേഹത്തിനാണെന്ന് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ലത്രെ.

പ്രദീപിന്റെ രാജി മുഖ്യമന്ത്രി സതീശൻ ആവശ്യപ്പെട്ടത് ഭക്തർക്ക് സംശയമുണ്ടായത്

കൊണ്ടാണെന്നും വാദം. വെട്ടിലായപ്പോഴെങ്കിലും ഭക്തരെ ഓർത്തതും, കൂടുതൽ മസിൽ പിടിക്കാതെ തെറ്റുകൾ കൈയോടെ തിരുത്തിയതും നന്നായി. നിയമനങ്ങളിൽ സർക്കാർ ശ്രദ്ധിക്കണമെന്ന് കെ.പി.സി.സി നേതൃയോഗം പറഞ്ഞിരുന്നതാണ്. മൂത്തവർ ചൊല്ലും, മുതു നെല്ലിക്കയും...



നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയെ തുട‌‌‌ർന്ന് ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം,​ ജില്ലകൾ തൊട്ടുള്ള കീഴ്ഘടകങ്ങളിൽ അംഗങ്ങൾക്ക് പാർട്ടിയിലും സർക്കാരിലും സംഭവിച്ച വീഴ്ചകളെല്ലാം തുറന്നു പറയാൻ അവസരം നൽകാനായിരുന്നു. തെറ്റുകൾ തിരുത്തി തിരിച്ചു വരുമെന്ന് പാർട്ടിയെ സ്നേഹിക്കുന്നവരെല്ലാം സ്വപ്നം കണ്ടു. സർക്കാരിന്റെയും പാർട്ടിയുടെയും തലപ്പത്തുള്ളവരെ നിറുത്തിപ്പൊരിക്കുകയായിരുന്നു തുട‌‌ർന്ന് നടന്ന യോഗങ്ങളിൽ. നേതൃമാറ്റമാണ് പൊതുവെ ഉയർന്ന ആവശ്യം.

ഒടുവിൽ,​ സംസ്ഥാന കമ്മിറ്റിയിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ നേതൃത്വത്തിനെതിരായ വിമ‌ർശനങ്ങളുടെ പൊടി പോലുമില്ല കണ്ടു പിടിക്കാൻ. ഏതെങ്കിലും വ്യക്തിക്കല്ല, പാർട്ടിക്കാണ് തെറ്റ് പറ്റിയതെന്നാണ് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പിന്നീട് പത്രക്കാരോട് പറഞ്ഞത്. പറ്റിയ തെറ്റുകൾ ആര് തിരുത്തും? 'ഈ രക്തത്തിൽ ഞങ്ങൾക്ക് പങ്കില്ലെ'ന്ന് പറഞ്ഞ് കൈകഴുകി രക്ഷപ്പെടാനാണ് ഭാവമെങ്കിൽ,​ ഹാ കഷ്ടം!.

നുറുങ്ങ്:

മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനെ 'ഇരുളടഞ്ഞ പാതയിൽ ജ്വലിച്ച സൂര്യനായി' പുകഴ്ത്തി പാട്ടെഴുതിയ ചിത്രസേനന്റെ സെക്രട്ടേറിയറ്റിലെ സ്പെഷ്യൽ മെസഞ്ചർ പണി തെറിച്ചു.

►ചിത്രസേനന്റെ ഭാവിയും ഇരുളടഞ്ഞു.

(വിദുരരുടെ ഫോൺ:9946108221)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VARAVISHESHAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY