SignIn
Kerala Kaumudi Online
Sunday, 19 July 2026 12.19 AM IST

ആറ്റുകാലമ്മയ്ക്ക് പൊങ്കാലയിട്ട മൺകലങ്ങൾ എന്താണ് ചെയ്യേണ്ടത്?​ ഇങ്ങനെ ചെയ്താൽ അന്നത്തിന് ബുദ്ധിമുട്ടുണ്ടാകില്ല

pongala

മാർച്ച് മൂന്നിനാണ് (ചൊവ്വാഴ്ച) ഈ വർഷത്തെ ആ​റ്റുകാൽ പൊങ്കാല. ലക്ഷകണക്കിന് ഭക്തജനങ്ങളാണ് ഈ ഒരു ദിവസത്തിനായി ഒരു വർഷമായി കാത്തിരിക്കുന്നത്. ജീവിതത്തിൽ ഐശ്വര്യം നേടാനും അനുഗ്രഹങ്ങളും അഭിലാഷങ്ങളും സാധിക്കാനും ആ​റ്റുകാലമ്മയ്ക്ക് പൊങ്കാല സമർപ്പിച്ചാൽ മതിയെന്നാണ് വിശ്വാസം. പൊങ്കാല ഇടുന്നതിനുമുന്നോടിയായി ഭക്തജനങ്ങൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

പൊങ്കാലയിടാൻ ദേവീ സന്നിധിയിലെത്തുന്നവർ ഒൻപത് ദിവസങ്ങളോളം വ്രതം നോക്കണം. അതിനു സാധിച്ചില്ലെങ്കിൽ ഏഴ്,​ അഞ്ച്,​ മൂന്ന് ദിവസങ്ങളിലായി വ്രതമെടുക്കാം. ശരീരശുദ്ധി, ഭക്തി എന്നിവ പാലിക്കണം. പുലയും വാലായ്മയുമുള്ളവര്‍ പൊങ്കാലയിടരുത്. ഏതു മതക്കാർക്കും പൊങ്കാലയിടാം. പുരുഷന്മാര്‍ക്കും പൊങ്കാല സമർപ്പിക്കാവുന്നതാണ്.

പൊങ്കാലയ്ക്ക് പുതിയ മൺകലമാണ് ഉപയോഗിക്കേണ്ടത്. പൊങ്കാലയിടാന്‍ വീട്ടിൽ നിന്നും തേങ്ങ ചിരകിയും ശർക്കര പൊടിച്ചും കൊണ്ടുപോകുന്നത് നല്ലതല്ല. ദേവിയുടെ സന്നിധിയില്‍ ചെയ്യുന്നതാണ് ഉത്തമം. പൊങ്കാല അടുപ്പ് കത്തിക്കും മുൻപ് മറ്റൊരു ക്ഷേത്രത്തിലും പോകരുത്. പൊങ്കാല ദിവസം ആറ്റുകാലമ്മയെ ദർശിച്ചാൽ അഷ്‌ടൈശ്വര്യങ്ങളും ലഭിക്കുമെന്നാണ് വിശ്വാസം.

പൊങ്കാലയിടുമ്പോള്‍ കത്തിച്ചുവയ്ക്കുന്ന നിലവിളക്ക് നിവേദ്യം കഴിഞ്ഞാലുടന്‍ പുഷ്പംകൊണ്ട് അണയ്ക്കാവുന്നതാണ്. വെള്ള, പാല്‍പ്പായസം, ശര്‍ക്കരപ്പായസം, മണ്ടപ്പുറ്റ്, തെരളി എന്നിവയാണ് പൊങ്കാലയുടെ കൂടെ സമർപ്പിക്കുന്ന നിവേദ്യങ്ങളിൽ പ്രധാനം. ഭക്തരുടെ ഇഷ്ടം പോലെ സമർപ്പിക്കാം. പൊങ്കാലച്ചോറ് ബാക്കിവരാതെ നോക്കണം. ബാക്കിവന്നാൽ അഴുക്കുചാലിലോ കുഴിയിലോ ഇട്ട് മൂടരുത്. മീനിന് ഭക്ഷണമായി നൽകാം.

ഈശ്വരനാമം ജപിച്ച് ഭക്തിയോടെ സമർപ്പിക്കുന്ന പൊങ്കാല തിളച്ചുതൂകണമെന്നാണ് വിശ്വാസം. അത് കിഴക്കോട്ടായാല്‍ ഇഷ്ടകാര്യം ഉടനെ നടക്കും. വടക്കോട്ടായാല്‍ കാര്യം നടക്കാന്‍ ഒരല്പം താമസമെടുക്കും. പടിഞ്ഞാറായാലും കുഴപ്പമില്ല. എന്നാല്‍ തെക്കോട്ടു തൂകിയാല്‍ ദുരിതം മാറില്ലെന്നും കരുതുന്നുണ്ട്. പൊങ്കാലയിട്ട കലങ്ങള്‍ പിന്നീട് പാചകത്തിനായി ഉപയോഗിക്കരുത്. കലത്തില്‍ മണ്ണിട്ട് തുളസി ചെടിയോ പിച്ചിയോ നടാവുന്നതാണ്. അതല്ലെങ്കില്‍ കലത്തിൽ അരിയിട്ട് വയ്ക്കണം. അന്നത്തിന് ബുദ്ധിമുട്ടുണ്ടാകില്ലെന്നാണ് വിശ്വാസം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RITUALS, PONGALA, ATTUKAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL