തൃശൂർ ജില്ലയിലെ കുന്നംകുളം പട്ടണത്തിൽ നിന്ന് ഒരു കിലോമീറ്റർ അകലെയും "ഗുരുവായൂർ ക്ഷേത്രത്തിൽ" നിന്ന് ഏകദേശം 8 കിലോമീറ്റർ അകലെയുമാണ് ചിറളയം ശ്രീരാമസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിലെ ഏറ്റവും വലിയ പ്രത്യേകത ശ്രീരാമപട്ടാഭിഷേക പ്രതിഷ്ഠയാണ്. വനവാസവും യുദ്ധവും കഴിഞ്ഞ് അയോധ്യയിൽ പട്ടാഭിഷേകം നടന്ന ശേഷമുള്ള സങ്കൽപ്പത്തിലാണ് പ്രതിഷ്ഠ. ശ്രീരാമചന്ദ്രനും സീതാ ദേവിയും, ലക്ഷ്മണൻ, ഭരതൻ, ശത്രുഘ്നൻ, പരാശര മുനി, ഹനുമാൻ സ്വാമി എന്നിവരോടൊപ്പം ഉള്ളതാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. അതുകൊണ്ടുതന്നെ ഒരു ക്ഷേത്രത്തിൽ തൊഴുതാൽ രാമകുടുംബത്തെ മുഴുവൻ വണങ്ങിയ അനുഭൂതി ലഭിക്കുമെന്നാണ് വിശ്വാസം.
ഏകദേശം 1000 ൽ അധികം വർഷത്തെ ചരിത്രമുള്ള ഈ പുരാതന ക്ഷേത്രത്തിന് ഒരു പ്രത്യേകതയുണ്ട്, ഈ ക്ഷേത്രം സന്ദർശിക്കുന്നത് "നാലമ്പലദർശനത്തിന്" തുല്യമാണ് എന്നതാണ്. ചരിത്രമനുസരിച്ച് ചിറളയം രാജാവും അദ്ദേഹത്തിന്റെ കുടുംബവുമാണ് തുടക്കം മുതൽ ക്ഷേത്രത്തിന്റെ മേൽനോട്ടം വഹിച്ചിരുന്നത്.
ചെങ്കല്ലുകൊണ്ട് നിർമ്മിച്ച ചതുരാകൃതിയിലുള്ള ശ്രീകോവിലും അതിനെ അലങ്കരിക്കുന്ന ചുമർചിത്രങ്ങളും ക്ഷേത്രത്തിന്റെ പ്രത്യേക ആകർഷണമാണ്. കിഴക്കോട്ട് ദർശനമായി നിൽക്കുന്ന ശ്രീകോവിലിൽ ചെറിയ കൃഷ്ണശിലാ വിഗ്രഹങ്ങളാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. ഹനുമാൻ സ്വാമിക്ക് ഒരു പറ കുഴച്ച അവിൽ സമർപ്പിക്കുന്നതാണ് ഏറ്റവും പ്രധാന വഴിപാട്. മുപ്പെട്ട് ശനിയാഴ്ചകളിൽ ഈ വഴിപാട് നടത്താൻ നിരവധി ഭക്തരാണ് എത്തുന്നത്. ശ്രീരാമസ്വാമിക്ക് പാൽപ്പായസം, മുഴുക്കാപ്പ്, സമ്പൂർണ നെയ്‌വിളക്ക്, സൂക്തപുഷ്പാഞ്ജലി, താമരമാല, ഇളനീർ അഭിഷേകം, തുലാഭാരം, പുണർതം വാരം ചുറ്റുവിളക്ക് എന്നിവയും പ്രധാന വഴിപാടുകളാണ്.
ഗണപതി, ശിവൻ, വേട്ടക്കാരൻ, ഭദ്രകാളി (തിരുമാന്ധാംകുന്ന് ഭഗവതി എന്നീ ഉപദേവതകളും ക്ഷേത്രത്തിലുണ്ട്. നിത്യപൂജകൾ ശ്രീരാമസ്വാമിക്കും ഹനുമാൻ സ്വാമിക്കുമാണ് നടത്തുന്നത്. മറ്റ് പ്രതിഷ്ഠകൾക്ക് മാല ചാർത്തുന്നതാണ് പതിവ്.
മീനമാസത്തിലെ പുണർതം നക്ഷത്രമാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം. അന്ന് പ്രത്യേക പൂജകളും സംഗീതോത്സവവും നടക്കുന്നു. മൂന്നുവർഷത്തിലൊരിക്കൽ കലശ മഹോത്സവവും നടത്തപ്പെടുന്നു.
രാവിലെ 5.30 മുതൽ 9.30 വരെയും വൈകിട്ട് 5.30 മുതൽ 7.30 വരെയും ക്ഷേത്രം തുറന്നിരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |