SignIn
Kerala Kaumudi Online
Friday, 18 September 2026 4.27 PM IST

കുട്ടികൾക്കായി മാത്രമൊരു ക്ഷേത്രം, തീർത്ഥത്തിന് പ്രത്യേകതകളേറെ; ഇവിടെയുണ്ട്‌ ബാലാരിഷ്‌ടതകൾ മാറ്റുന്ന ഉണ്ണിക്കണ്ണൻ

maramkulangara-sreekrishn
മാരംകുളങ്ങര ശ്രീകൃഷ്‌ണ ക്ഷേത്രം

എറണാകുളം ജില്ലയിൽ തൃപ്പൂണിത്തുറയ്‌ക്കടുത്ത് ഏരൂരിൽ കുട്ടികൾക്കായൊരു ക്ഷേത്രമുണ്ട്, മാരംകുളങ്ങര ശ്രീകൃഷ്‌ണ ക്ഷേത്രം. ബാലകൃഷ്‌ണനാണ് ഇവിടത്തെ പ്രധാന പ്രതിഷ്‌ഠ. ക്ഷേത്രക്കിണറ്റിലെ പുണ്യജലത്തിൽ കുഞ്ഞിനെ കുളിപ്പിച്ച് നനവോടെതന്നെ കണ്ണനെ തൊഴുതാൽ രോഗങ്ങൾ മാറുമെന്നാണ് വിശ്വാസം. ബാലാരി‌ഷ്‌ടതകൾ മാറാനായി ദിനംപ്രതി നിരവധി ഭക്തരാണ് കണ്ണന് മുന്നിൽ പ്രാർത്ഥനയുമായെത്തുന്നത്.

കുട്ടികൾ കുളിക്കുന്നത് ശ്രീകോവിലിലിരുന്ന് കണ്ണന് കാണണമെന്നാണ് പറയാറ്. ഈ അമ്പലപരിസരത്തുനിന്ന് കുട്ടികളെ വഴക്കുപറയാൻ പാടില്ലെന്നും വിശ്വാസമുണ്ട്. പൂതനയെ നിഗ്രഹിച്ച ഉണ്ണിക്കണ്ണന്റെ ശരീരത്തിലെ വിഷാംശം മാറ്റനായി മഹാവിഷ്‌ണു അമൃത് വർഷിച്ചെന്നും ആ അമൃത് ഇവിടുത്തെ ക്ഷേത്രത്തിലെ കിണറ്റിൽ വന്ന് പതിച്ചെന്നുമാണ് ഐതിഹ്യം. അതിനാൽതന്നെ ഈ ക്ഷേത്രക്കിണറ്റിലെ തീർത്ഥജലത്തിൽ കുളിച്ചാൽ കുഞ്ഞുങ്ങളിലെ ഒട്ടുമിക്ക പ്രശ്‌നങ്ങൾക്കും ശമനം ലഭിക്കുമെന്നുമാണ് വിശ്വാസം. ഇവിടെ വരുന്ന കുഞ്ഞുങ്ങളോടൊപ്പം ചേർന്ന് അവരിലൊരാളായി കണ്ണൻ കളിച്ചുല്ലസിക്കാറുണ്ടെന്നും ഭക്തർ വിശ്വസിക്കുന്നു.

സാധാരണയായി പ്രസവം കഴിഞ്ഞ് ആറാം മാസംവരെ കുഞ്ഞും അമ്മയും അമ്പലത്തിൽ പ്രവേശിക്കാൻ പാടില്ലെന്നാണ് പറയാറ്. എന്നാൽ ഈ ക്ഷേത്രത്തിൽ പ്രസവം കഴിഞ്ഞ് 16-ാം ദിവസം മുതൽ അമ്മയ്‌ക്കും കുഞ്ഞിനും പ്രവേശിക്കാം എന്നതും മറ്റൊരു പ്രത്യേകതയാണ്. കുഞ്ഞുങ്ങളെ ക്ഷേത്രക്കിണറ്റിലെ വെള്ളം ഉപയോഗിച്ച് കുളിപ്പിച്ച്, പായസം കഴിപ്പിച്ച്, പൂജാരി നൽകുന്ന വെളുത്ത ചരട് കെട്ടി കൃഷ്‌ണനെ തൊഴുതു പ്രാർത്ഥിക്കുന്നതാണ് ഇവിയെത്തുന്ന ഭക്തരുടെ പതിവ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MARAMKULANGARA TEMPLE, SREEKRISHNA TEMPLE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL