കേരളം സൃഷ്ടിച്ചത് പരശുരാമനെന്നാണ് ഐതിഹ്യം. ഹിന്ദുപുരാണമനുസരിച്ച് മഹാവിഷ്ണുവിന്റെ ആറാമത്തെ അവതാരമാണ് പരശുരാമൻ. കേരളത്തിൽ നൂറുകണക്കിന് ക്ഷേത്രങ്ങൾ പരശുരാമൻ സ്ഥാപിച്ചുവെന്നാണ് വിശ്വസിക്കപ്പെടുന്നത്. എന്നാൽ പരശുരാമന്റെ പ്രതിഷ്ഠയുള്വള കേരളത്തിലെ ഏകക്ഷേത്രമാണ് തിരുവനന്തപുരത്തെ തിരുവല്ലത്ത് സ്ഥിതി ചെയ്യുന്ന ശ്രീപരശുരാമ സ്വാമി ക്ഷേത്രം.
തിരുവനന്തപുരം നഗരത്തിൽ നിന്ന് ഏകദേശ 7 കിലോമീറ്റർ മാറി കഴക്കൂട്ടം - കോവളം ബൈപ്പാസിലാണ് ക്ഷേത്രം. കരമനയാറും പാർവ്വതി പുത്തനാറും കിള്ളിയാറും സംഗമിക്കുന്ന തീരത്തിനടുത്താണ് ക്ഷേത്രമെന്ന പ്രത്യേകതയുമുണ്ട്. 2000 വർഷം പഴക്കമുള്ള ക്ഷേത്രം വില്വമംഗലം സ്വാമി സ്ഥാപിച്ചതെന്നാണ് ഐതിഹ്യം. തീർത്ഥയാത്രയുടെ ഭാഗമായി സ്വാമികൾ ഇവിടം സന്ദർശിക്കുകയും ഇവിടെ പരശുരാമന്റെ സാന്നിദ്ധ്യം മനസിലാക്കുകയും തുടർന്ന് ഇവിടെ പ്രതിഷ്ഠ നടത്തുകയും ചെയ്തുവത്രെ. ശ്രീശങ്കരാചാര്യർ പ്രതിഷ്ഠ നടത്തിയെന്ന വിശ്വാസവും നിലനിൽക്കുന്നുണ്ട്.
വർഷത്തിൽ എല്ലാദിവസവും ബലിതർപ്പണത്തിന് സൗകര്യമുള്ള ക്ഷേത്രമാണ് തിരുവല്ലം. എങ്കിലും അമാവാസി നാളിലാണ് ബലിതർപ്പണത്തിന് കൂടുതൽ പേരും എത്തുന്നത്. ക്ഷേത്രമുറ്റത്തിനുള്ളിലെ ബലിമണ്ഡപങ്ങളിലാണ് ബലിതർപ്പണം നടത്തേണ്ടത്. കർക്കടക വാവിന് ഇവിടെ ബലിയർപ്പിച്ചാൽ ഒരുവർഷം മുഴുവൻ ബലിയർപ്പിക്കുന്നതിന്റെ പുണ്യമുണ്ട് എന്നും വിശ്വാസമുണ്ട്.
പുരാവസ്തു വകുപ്പിന്റെ സംരക്ഷണയിലുള്ള തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രം പൂർണമായും കരിങ്കല്ലിൽ ആണ് നിർമ്മിച്ചിരിക്കുന്നത്. പരശുരാമനെ ചതുർ ബാഹുവായ മഹാവിഷ്ണുവിന്റെ രൂപത്തിലാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. എന്നാൽ വിഷ്ണുവിന്റെ കൈയിലെ താമരയ്ക്ക് പകരം പരശുരാമന്റെ ആയുധമായ മഴുവാണ് കാണാനാവുക. പരശുരാമ പ്രതിഷ്ട കൂടാതെ ശിവനും തുല്യപ്രാധാന്യത്തോടെ കുടികൊള്ളുന്നു. ശിവപ്രതിഷ്ഠയ്ക്ക് കിഴക്കോട്ടും പരശുരാമന് വടക്കോട്ടുമാണ് ദർശനമുള്ളത്. മരണ്ടു കൊടിമരങ്ങളുള്ള അപൂർവ്വ ക്ഷേത്രം കൂടിയാണിത്. പ്രധാന പ്രതിഷ്ഠയ്ക്ക് സമീപം ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നീ ത്രിമൂർത്തികൾക്ക് പ്രത്യേകം ശ്രീകോവിലുകളുണ്ട്. കൂടാതെ ഗണപതി. ശ്രീമുരുകൻ,മഹിഷാസുര മർദ്ദിനി, ശ്രീകൃഷ്മൻ, വേദവ്യാസൻ, മത്സ്യമൂർത്തി തുടങ്ങിയ പ്രതിഷ്ഠകളുമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |