
ദക്ഷിണ കേരളത്തിലെ അതിപ്രശസ്ത ക്ഷേത്രങ്ങളിലൊന്നായ കാട്ടിൽമേക്കതിൽ ശ്രിദേവീ ക്ഷേത്രം അതിന്റെ മാന്ത്രിക സൗന്ദര്യവും ദിവ്യാകർഷണവും കൊണ്ട് സ്വദേശത്ത് നിന്നും വിദേശത്ത് നിന്നും ലക്ഷക്കണക്കിന് ഭക്തരെയാണ് ഇവിടേക്ക് ആകർഷിക്കുന്നത്. ക്ഷേത്രശ്രീകോവിലിന് നക്ഷത്ര ശോഭനൽകി ജ്വലിച്ചുനിൽക്കുന്ന മുടിപ്പുരക്ഷേത്രത്തിനലങ്കാരവും ചരബിംബങ്ങളായ രണ്ട് തിരുമുടികൾ പ്രതിഷ്ഠിച്ചിട്ടുള്ളതും കിഴക്ക്, വടക്ക് ദിശകളിൽ പൂമുഖങ്ങളോട് കൂടിയതുമാണ്.
ഭദ്രകാളിയുടെ തിരുമുഖവും മുടിയായി സങ്കൽപ്പിച്ച് സർപ്പങ്ങളെയും കൊത്തിവച്ച് വരിക്കപ്ളാവിന്റെ തടിയിൽ നിർമ്മിക്കുന്ന ചരബിംബത്തെയാണ് തിരുമുടിയെന്ന് വിളിക്കുന്നത്. മാതൃവൃക്ഷത്തിൽ നിന്ന് കൊത്തിയെടുത്ത് സ്വർണവും വിലയേറിയ കല്ലുകളും കൊണ്ടലങ്കരിക്കുന്ന ചരബിംബത്തെ മണിപീഠത്തിൽ പ്രതിഷ്ഠിച്ചാരാധിക്കുന്ന ക്ഷേത്രമാണ് മുടിപ്പുര. തിരുവിതാംകൂർ മഹാരാജാവ് ശ്രീമൂലം തിരുന്നാൾ രാമവർമ്മരാജാവുമായി ബന്ധപ്പെട്ടുള്ളതാണ ് തിരുമുടിയുടെ ചരിത്രം . രാജ്യാധികാരമേറ്റതിന്റെ ആദ്യ വർഷങ്ങളിൽ തന്നെ ക്ഷേത്രദർശനത്തിനെത്തിയ ശ്രീമൂലം തിരുന്നാൾ മഹാരാജാവ് ദേവീചൈതന്യത്തിലും പ്രകൃതിമനോഹാരിതയിലും ആകൃഷ്ടനായി വളരെനേരം ചെലവഴിച്ചിട്ടാണ് ക്ഷേത്രത്തിൽ നിന്ന് മടങ്ങിയത്.
തിരികെ കൊട്ടാരത്തിലെത്തിയ മഹാരാജാവ് രാജാരവിവർമ്മ തമ്പുരാൻ വരച്ച ശ്രീഭദ്രകാളിയുടെ ഒരു പൂർണകായ ചിത്രം രാജസേവകർ വഴി ക്ഷേത്രത്തിലെത്തിച്ചു. ദേവിയുടെ ജീവൻ തുളുമ്പുന്ന ചിത്രം ഏവരേയും ആകർഷിക്കുകയും അത്ഭുതപരതന്ത്രരാക്കുകയും ചെയ്തു. നാളുകൾക്ക് ശേഷം ചിത്രം സ്ഥാപിച്ചിരുന്നിടത്ത് ചില പ്രത്യേക ലക്ഷണങ്ങൾ കാണുകയും ദേവപ്രശ്നത്തിൽ ചിത്രത്തിൽ ദേവീചൈതന്യം നിറഞ്ഞുനിൽക്കുന്നതായും ചൈതന്യമുൾക്കൊള്ളുന്ന ചിത്രത്തെ ഒരു തിരുമുടി നിർമ്മിച്ച് അതിലേക്കാവാഹിച്ച് പ്രത്യേക ക്ഷേത്രംം നിർമ്മിച്ച് അതിൽ പ്രതിഷ്ഠിക്കണമെന്നും തെളിഞ്ഞു. ദേവപ്രശ്നവിധിയുടെ അടിസ്ഥാനത്തിൽ അതിമനോഹരമായ ഒരു തിരുമുടി പണികഴിപ്പിച്ച് ചിത്രത്തോടെ അതിലേക്കാവാഹിച്ച് മുടിപ്പുരയിൽ മണിപീഠത്തിൽ പ്രതിഷ്ഠിച്ചു. ക്ഷേത്രോത്സവത്തിന് ആദ്യമായി ആചാരപരമായി പുറത്തിറക്കിയ തിരുമുടി അനുഗ്രഹിച്ച് ദേവി ആദ്യം പോയത്, മുതലപ്പുറമേറി കടൽക്കരയിലെത്തിയപ്പോൾ ദീപം കണ്ട മാലയിൽ തറവാട്ടിലേക്കായിരുന്നു. ഇപ്പോഴും തിരുമുടി പുറത്തിറക്കിയാൽ അനുഗ്രഹിച്ച് ആദ്യമെത്തുന്നത് മാലയിൽ തറവാടിന്റെ സ്ഥാനത്ത് ഇപ്പോഴുള്ള ക്ഷേത്രത്തിലാണ്.
സാഗരതീരത്ത് ദ്വാരകപോൽ...
ആദ്യ തിരുമുടിയുടെ സ്ഥാനത്ത് 2004ൽ പണികഴിപ്പിച്ച അതിമനോഹരമായ ശക്തിചൈതന്യങ്ങൾ നിറഞ്ഞുതുളുമ്പുന്ന തിരുമുടിയാണിപ്പോൾ ക്ഷേത്രോത്സവങ്ങൾക്കും പറയ്ക്കെഴുന്നെള്ളത്തിനും പുറത്തിറക്കുന്നത്. ദേവീചൈതന്യം നിറഞ്ഞുനിൽക്കുന്ന ഇരു തിരുമുടികളും ഒരേതിരുമുടി ക്ഷേത്രത്തിൽ വ്യത്യസ്ഥ മണിപീഠങ്ങളിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. സാഗരതീരത്ത് ദ്വാരകപോൽ രാജകീയ പ്രൗഢിയോടെയാണ് കാട്ടിൽമേക്കതിലമ്മ മിന്നിത്തിളങ്ങിനിൽക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |