
സ്വാമി വിവേകാനന്ദൻ വാക്കുകൊണ്ട് ലോകം കീഴടക്കി. ശങ്കരാചാര്യർ വാക്കിന്റെ സൗന്ദര്യലഹരി പകർന്നു. ശ്രീനാരായണഗുരു ഒരു ജാതിയും ഒരു മതവും ഒരു ദൈവവും എന്ന വാക്കുകൾ കൊണ്ട് ലോകത്തെ ഒന്നിപ്പിച്ചു. ഗീതോപദേശവും ലക്ഷ്മണോപദേശവും തിരുക്കുറളുമൊക്കെ വാക്കിന്റെ തേനരുവികളാണ്. അതുകൊണ്ടാണ് അറിവിന്റെ ദേവതയായ സരസ്വതിയെ പരിമള ഭാരതിയെന്നു വിശേഷിപ്പിക്കുന്നത്
സ്‌നേഹത്തിന്റെ നിറമെന്താണ്, രുചിയെന്താണ്, മണമെന്താണ്? ഇതുവരെ ജീവിച്ചു മരിച്ചവരാരും അതേപ്പറ്റി പറഞ്ഞിട്ടില്ല. കാരണം സമ്പത്തു നേടാനുള്ള കൂട്ടയോട്ട മത്സരത്തിൽ യഥാസമയം സ്‌നേഹം കിട്ടാതെയും കിട്ടിയ സ്നേഹം തന്നെ ഭുജിക്കാതെയും സ്നേഹത്തിന്റെ ദാരിദ്ര്യരേഖയിലൂടെ നടന്നു മറഞ്ഞവരാണ് അധികവും. യഥാർത്ഥ സ്നേഹത്തിന്റെ ദാഹജലം കിട്ടാതെ തൊണ്ടപൊട്ടി മരിച്ചവരുണ്ട്.
ജീവിതത്തിൽ എപ്പോഴെങ്കിലും നല്ലൊരു വാക്കു കേൾക്കാൻ വേഴാമ്പൽ പോലെ കാത്തിരുന്നവരുണ്ട്. തൊട്ടടുത്തിരിക്കുന്ന അക്ഷയപാത്രം കാണാതെ പട്ടിണികിടന്ന് മരിച്ചവരുമുണ്ട്. എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു എന്ന് ഗുരുക്കന്മാരോടോ ദൈവങ്ങളോടോ ചോദിച്ചിട്ട് കാര്യമില്ല. നവരാത്രി കാലത്തെങ്കിലും ആവർത്തിച്ചാവർത്തിച്ച് സ്വയം ചോദിക്കേണ്ട ചോദ്യമാണിത്.
വാക്കിലിരിക്കുന്ന സരസ്വതിയെ നാം തിരിച്ചറിയുന്നുണ്ടോ? മനമലരിറുത്ത് വാഗ്‌ദേവതയെ പൂജിക്കുന്നുണ്ടോ? ഭിക്ഷ നൽകിയില്ലെങ്കിലും കൈനീട്ടുന്ന യാചകനോട് പറയുന്ന വാക്കിൽ സ്നേഹമുണ്ടാകുമോ? വാക്കിൽ തേൻപോലെയും മണം പോലെയും ഒളിഞ്ഞിരിക്കുന്ന അറിവിന്റെ മഹത്വം അറിയണം.
നവരാത്രിയെന്നു കേൾക്കുമ്പോൾ പുസ്തകപൂജയും ആയുധപൂജയും വിദ്യാരംഭവുമൊക്കെ ആയിരിക്കും മനസിൽ തെളിയുക. എന്നാൽ നവരാത്രിയെന്നാൽ ഒമ്പതു രാത്രി മാത്രമല്ല. നവമെന്നാൽ പുതിയതെന്ന അർത്ഥം കൂടിയുണ്ടല്ലോ. പകലിനെ പ്രകാശിപ്പിക്കാൻ കർമ്മസാക്ഷിയായ സൂര്യനുണ്ട്. അധർമ്മവും അക്രമവും ദുഷ്‌കർമ്മങ്ങളും കൂടുതലും രാത്രിയുടെ മറവിലായിരിക്കും. ആ അന്ധകാരത്തെ അറിവിന്റെ ദീപങ്ങളും പൂജകളും കൊണ്ട് അകറ്റാൻ കഴിയും. അതിന് വിശ്വമാതാവായ ദേവിയെ അറിയണം. ദേവിയുടെ ഒമ്പതു ഭാവങ്ങളും ദശമഹാവിദ്യകളും ഗ്രഹിക്കണം.
സംഗീതത്തിന്റെയും സാഹിത്യത്തിന്റെയും സ്നേഹത്തിന്റെയും സ്വരൂപിണിയാണ് സരസ്വതി. ജീവിതം തിരക്കേറുകയും കൈയിലിരിക്കുന്ന കുഞ്ഞുയന്ത്രങ്ങൾ കർമ്മസഹായിയെന്ന യാഥാർത്ഥ്യം മനസിലാക്കാതെ അതിന്റെ അടിമയാകുകയും ചെയ്യുമ്പോൾ ആനന്ദമാകുന്ന സംഗീതധാര വറ്റിപോകുന്നു. സംഭാഷണത്തിൽ സാഹിത്യഭംഗി വരണ്ടുപോകുന്നു. ശ്രീദേവിക്ക് പകരം മൂധേവി വിളയാടുന്നു. സ്നേഹത്തിന്റെ സ്ഥാനത്ത് പകയും പ്രതികാരവും ഹിംസയും സ്ഥാനം പിടിക്കുന്നു. സ്വന്തം മനസിലും ദേവാലയമുണ്ടെന്ന് തിരിച്ചറിയാത്തവർക്ക് അറിവിന്റെ മാഹാത്മ്യം ഒരിക്കലും ഗ്രഹിക്കാനാവില്ല.
അറിവിലേക്കണയാൻ ബഹുദൂരം സഞ്ചരിക്കേണ്ടതില്ല. സ്വന്തം നാവ് നീട്ടിനോക്കിയാൽ മതി. കല്പിക്കുന്നതും ജല്പിക്കുന്നതുമെല്ലാം ആ നാവുകൊണ്ടാണ്. സ്നേഹം പൂന്തേനരുവിയാകുന്നതും നികൃഷ്ട വാക്കുകളുടെ മലിനജലമൊഴുകുന്നതും അതിലൂടെ. മനം നിറഞ്ഞ നന്ദി ചൊല്ലുന്നതും നന്ദികേടാവുന്നതും നാവു തന്നെ. ഒരാളെ കോടതി കയറ്റുന്നതും ജയിലിനകത്താക്കുന്നതും നാവാണ്. അതുകൊണ്ടാണ് നാക്കും വാക്കുമാണ് യഥാർത്ഥ സരസ്വതീക്ഷേത്രമെന്ന് വിശേഷിപ്പിക്കാറുള്ളത്. നാമം ചൊല്ലുന്ന നാവിൽത്തന്നെയുണ്ട് അനുഗ്രഹവും വരവും തന്ന് പ്രസാദിപ്പിക്കുന്ന മഹാദേവി.
സ്വാമി വിവേകാനന്ദൻ വാക്കുകൊണ്ട് ലോകം കീഴടക്കി. ശങ്കരാചാര്യർ വാക്കിന്റെ സൗന്ദര്യലഹരി പകർന്നു. ശ്രീനാരായണഗുരു ഒരു ജാതിയും ഒരു മതവും ഒരു ദൈവവും എന്ന വാക്കുകൾ കൊണ്ട് ലോകത്തെ ഒന്നിപ്പിച്ചു. ഗീതോപദേശവും ലക്ഷ്മണോപദേശവും തിരുക്കുറളുമൊക്കെ വാക്കിന്റെ തേനരുവികളാണ്. അതുകൊണ്ടാണ് അറിവിന്റെ ദേവതയായ സരസ്വതിയെ പരിമള ഭാരതിയെന്നു വിശേഷിപ്പിക്കുന്നത്. വാക്കുകളിൽ പരിമളം പരന്നാൽ ജീവിതത്തിലെ പല ദുരിതങ്ങളും ദുർഗന്ധങ്ങളും ഇല്ലാതാകും. ധനം കൊണ്ട് കോടീശ്വരനായവനേക്കാൾ ജ്ഞാനംകൊണ്ട് കോടീശ്വരനായവനെയാണ് ലോകം മാനിക്കുന്നത്.
'പരിമള ഭാരതി കാത്തുകൊൾകനിത്യം' എന്ന ശിവശതകത്തിലെ മഹാഗുരുവിന്റെ പ്രാർത്ഥന നാം മനസിലേറ്റുവാങ്ങണം. ആ പരിമള ഭാരതിയുടെ സൗരഭ്യം മനുഷ്യ ഹൃദയത്തിൽ ഏറ്റവുമധികം പരക്കുന്ന ദിനങ്ങളാണ് വിദ്യയുടെ നവമിയും വിജയദശമിയും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |