പ്രകൃതി കനിഞ്ഞനുഗ്രഹിച്ച പൊന്മനയിൽ അറബിക്കടലിന്റെ തീരത്ത് അർക്കചന്ദ്ര പ്രഭപോൽ പ്രശോഭിച്ച് നിൽക്കുന്ന ദിവ്യ ക്ഷേത്രമാണ് കാട്ടിൽ മേക്കതിൽ ശ്രീദേവീക്ഷേത്രം.
കാരുണ്യമൂർത്തിയായ കാട്ടിൽമേക്കതിലമ്മ തന്റെ ദിവ്യസവിധത്തിലണയുന്ന ഭക്തരുടെ ദുഃഖങ്ങളും ദുരിതങ്ങളുമകറ്റി സുഖവും സമാധാനവും പ്രദാനം ചെയ്ത് ഐശ്വര്യദേവതയായാണ് വാണരുളുന്നത്. വൃശ്ചിക സംക്രമപ്പുലരിയിൽ തൃക്കൊടിയേറ്റോടെ ആരംഭിച്ച് 12ന് തിരുമുടിയാറാട്ടോടെ സമാപിക്കുന്നതാണ് 12 ദിവസം നീണ്ടുനിൽക്കുന്ന പ്രസിദ്ധമായ വൃശ്ചികതിരുവുത്സവം. ദേവിയുടെ തിരുവുത്സവ നാളുകളിൽ ക്ഷേത്രപരിസരത്ത് കെട്ടിയുയർത്തുന്ന ഭജനമഠങ്ങളിലും നടപ്പന്തലുകളിലുമായി ആയിരക്കണക്കിന് ഭക്തരാണ് വ്രതശുദ്ധിയോടെയും പ്രാർത്ഥനാഗീതങ്ങളിൽ മുഴുകിയും ഭജനമിരിക്കുന്നത്.
കൊല്ലവർഷം 1076ൽ ക്ഷേത്രത്തിന് തെക്ക് ഒരു കുടുംബത്തിലെ വൃദ്ധദമ്പതികളാണ് രോഗദുരിത പീഡകളാൽ വലഞ്ഞമകളുടെയും പേരക്കുട്ടികളുടെയും ആയുരാരോഗ്യത്തിനും സമാധാനപൂർണമായ ജീവിതത്തിനും വേണ്ടി ക്ഷേത്ര പരിസരത്ത് ഓലക്കുടിൽ നിർമ്മിച്ച് വൃശ്ചികം 1 മുതൽ 12 വരെ ആദ്യമായി ഭജനം പാർത്തത്. അവരന്ന് കപ്പ, കാച്ചിൽ, ചേമ്പ്, ചേന, നേന്ത്രക്കായ തുടങ്ങിയവ ഉപയോഗിച്ച് പുഴുക്ക് തയ്യാറാക്കി ഭക്തർക്ക് വിതരണം ചെയ്തു. ക്രമേണ വൃശ്ചികമഹോത്സവത്തിന് ഏറ്റവും വിശിഷ്ടമായ പ്രസാദമായി ഇത് മാറി . ഭക്തജനങ്ങൾ ഇത് സന്തോഷത്തോടെ സ്വീകരിക്കുന്നതിലൂടെ തൃപ്തയാകുന്ന കാട്ടിലമ്മ ഭജനം പാർക്കുന്നവരിൽ അനുഗ്രഹം ചൊരിയുമെന്നാണ് വിശ്വാസം.ദുഃഖങ്ങളും ദുരിതങ്ങളുമകറ്റി വീണ്ടും അമ്മയുടെ മുന്നിലേയ്ക്ക് എത്തിച്ചേരാമെന്ന നിറ മനസോടെയാണ് ഭക്തർ ക്ഷേത്രസന്നിധിയിൽ നിന്ന് പ്രാർത്ഥനയോടെ മടങ്ങുന്നത്.
വൃശ്ചികം ഒന്ന് മുതൽ ഭജനം
ഭജനം പാർക്കുന്നവർ വൃശ്ചികം 1ന് രാവിലെ ഭജനമഠങ്ങളിൽ ദീപം തെളിച്ച് തൃക്കൊടിയേറ്റിന് ശേഷം കത്തിച്ചുവച്ച ദീപത്തിൽ നിന്ന് അടുപ്പിലേക്ക് അഗ്നി പകരുന്നതോടെ ആചാരപരമായ സമാരംഭം കുറിക്കും. 12 ദിവസത്തെ കഠിനവ്രതത്തോടെയുള്ള ഭജനത്തിന്റെ പരിസമാപ്തിയിൽ 12ന് രാത്രിയിൽ പുറത്തിറക്കുന്ന തിരുമുടി കടലിൽ ആറാട്ടിനുശേഷം ഭജനമഠങ്ങളിലെത്തി അനുഗ്രഹം ചൊരിയുന്നതോടെ ഭക്തർ വീടുകളിലേക്ക് മടങ്ങും. രോഗശാന്തി, മംഗല്യഭാഗ്യം, സന്താനലബ്ധി, വിദ്യാഭ്യാസ പുരോഗതി, ഉദ്യോഗലബ്ധി, ശാന്തി, സമാധാനം തുടങ്ങി നിരവധി കാര്യങ്ങൾക്കായി പതിനായിരങ്ങൾ ഓരോവർഷവും ഭജനമിരിക്കുകയും കാര്യസാദ്ധ്യം നേടുകയും ചെയ്തിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |