SignIn
Kerala Kaumudi Online
Sunday, 18 October 2026 7.39 PM IST

കാലാതീതം കൊല്ലൂർ

kollur-mokambika
kollur mokambika

അറിവും യുക്തിയും മനുഷ്യ ജീവിതത്തെ മുന്നോട്ടുനയിക്കുമ്പോഴും മനസ് തളരുന്ന നിമിഷങ്ങളിൽ ആശ്വാസത്തിനാലയം തേടുന്നവരുണ്ട്. അവരുടെ മുന്നിൽ മൂകാംബിക വെറുമൊരു ആരാധനാകേന്ദ്രമല്ല; പറയാതെ പോയ സങ്കടങ്ങൾ ഇറക്കിവയ്ക്കാവുന്ന ഒരിടം കൂടിയാണ്. പാടാൻ ശബ്ദം തെളിയണേ, ആടുമ്പോൾ ചുവടു പിഴയ്ക്കരുതേ, എഴുതാൻ വാക്കുകൾ തോന്നണേ... കൊല്ലൂരിലെ പ്രാർത്ഥനകളിൽ ആവലാതികളുടെ പട്ടികയില്ല. ശാസ്ത്രം വാഴുന്ന കാലത്തും കലാകാരന്മാരും എഴുത്തുകാരും വിദ്യാസമ്പന്നരും സ്വയം സമർപ്പിക്കാൻ ഈ സന്നിധി തേടുന്നു. വാക്കുകൾ പൂക്കുന്നത് ഈ ക്ഷേത്രമുറ്റത്ത് മാത്രമല്ല, അവിടെ നിന്ന് മടങ്ങുന്നവരുടെ ഉള്ളിൽ കൂടിയാണ്.

അക്ഷരങ്ങളുടെ ആകാശച്ചുവടാണ്. കലയുടെ കാഞ്ചനത്തിളക്കമുണ്ട്. കുടജാദ്രിയുടെ കുളിരും സൗപർണികയുടെ തണുപ്പുമുണ്ട്. ഒരേസമയം വാക്കും പ്രകൃതിയും കലയും പ്രപഞ്ചവും സമ്മേളിക്കുന്നു. നെഞ്ചിൽ കനക്കുന്ന നോവുകളുമായി മൂകാംബികയുടെ തിരുനടയിലെത്തുമ്പോൾ, വെറുമൊരു ക്ഷേത്ര ദർശനം മാത്രമല്ല,​ സമാധാനം തേടിയുള്ള തീർത്ഥാടനം കൂടിയാണ്. പ്രാർഥനകൾക്ക് വാക്കുകൾ കിട്ടാതെ വരുമ്പോഴും കണ്ണുകൾ നിറയുമ്പോഴും ആ മനസ് അറിയാതെ മന്ത്രിക്കും, മൂകാംബികാ ദേവീ...

കൊല്ലൂരിന്റ ദിനം തുടങ്ങുന്നത് സൗപർണികയിലാണ്. കോടയിറങ്ങി നിൽക്കുന്ന കരയിൽ ഈറനോടെ മനുഷ്യർ. ഔഷധച്ചെടികളിലൂടെ ഒഴുകിവരുന്ന വെള്ളം സർവരോഗനിവാരണമാണന്ന് വിശ്വാസം. കണ്ണൊന്നു തെറ്റിയാൽ കരയിലെ വാനരന്മാർ കൈയിലെ ചെറിയ സാധനങ്ങൾ തട്ടിയെടുക്കും. നദിയിലിറങ്ങാൻ കഴിയാത്തവർക്ക് ശാന്തിക്കാർ സങ്കൽപ്പ സ്നാനത്തിന്റെ മന്ത്രം ചൊല്ലിക്കൊടുക്കും.

രാവിലെ അഞ്ചിന് ശ്രീകോവിൽ നട തുറക്കും. സ്വയംഭൂലിംഗത്തിലെ നിർമാല്യം മാറ്റി അർച്ചനയും അഭിഷേകവും നടക്കുന്ന ഈ മുഹൂർത്തം അസുലഭം. കിഴക്കോട്ട് ദർശനം. കിഴക്കേ നടയിൽ കന്നഡ ശൈലിയിൽ പണിത സ്വർണക്കൊടിമരം, അതിനോളം വലുപ്പമുള്ള ദീപസ്തംഭത്തിൽ സ്തംഭഗണപതി, തെക്കുകിഴക്ക് സുബ്രഹ്മണ്യസ്വാമിയുടെ ശ്രീകോവിൽ, ചുറ്റും പന്ത്രണ്ടടി ഉയരമുള്ള ആനപ്പള്ളമതിൽ.

കൊടിമരം കർണാടകയുടേതും പൂജ കേരളത്തിന്റേതുമാണ്. ഈ ഇരട്ടനിയമമാണ് ഇതരദേശ ക്ഷേത്രത്തെ മലയാളിക്ക് സ്വന്തം ഇടംപോലെ തോന്നിപ്പിക്കുന്നത്. കർണാടകത്തിലെ ഈ ക്ഷേത്രത്തിലെത്തുന്ന ഭക്തരിൽ ഏറിയപങ്കും കേരളത്തിൽ നിന്നുള്ളവരാണ്.

ക്ഷേത്രമുറ്റത്തെ തിരക്കിന് നടുവിൽ ചെവി കൂർപ്പിച്ചാൽ പ്രാർത്ഥനകൾ കേൾക്കാം. അക്ഷരവും കലയുമാണ് അഭീഷ്ടവരം. അതിന്റെ ഏറ്റവും തെളിഞ്ഞ ചിത്രം സരസ്വതീമണ്ഡപത്തിലാണ്. ഒരു കുഞ്ഞ് അച്ഛന്റെ മടിയിലിരുന്ന് വിരൽകൊണ്ട് അക്ഷരം കുറിക്കുന്നു. തൊട്ടടുത്തിരുന്ന് ഒരു നർത്തകി ചിലങ്ക കെട്ടുന്നു. അപ്പുറത്ത് ഒരാൾ കണ്ണടച്ച് ശ്രുതി ഉറപ്പിക്കുന്നു. അക്ഷരത്തിനും ചുവടിനും കച്ചേരിക്കും ഒരേ വേദി. ഇവിടെ തുടങ്ങിയാൽ നന്നാകുമെന്ന വിശ്വാസം കൊണ്ടാണ് വിദ്യാരംഭത്തിനായി കുഞ്ഞുങ്ങളും അരങ്ങേറ്റക്കാരും ഇവിടേയ്ക്ക് വരുന്നത്. വിരൽത്തുമ്പിലുണരുന്ന ആദ്യാക്ഷരത്തിന്റെ ശക്തി, ചിലങ്കയുടെ ആദ്യ കിലുക്കം, ശ്രുതിയിൽ വന്നു തൊടുന്ന ആദ്യസ്വരം. ആരും ജയിച്ചവരല്ല, ആരംഭിക്കുന്നവരാണ്. കലയുടെ ഏറ്റവും ജാഗ്രതയുള്ള നിമിഷമാണ് ആദ്യചുവടും ആദ്യവരിയും. അമ്മയുടെ മുന്നിൽ ആ ഭയത്തോടെയുള്ള ജാഗ്രത പ്രാർത്ഥനയാകുന്നു.


പാടിയും എഴുതിയും
ശബ്ദത്തിന്റെ സന്നിധിയാണിത്. ഗാനഗന്ധർവൻ കെ.ജെ. യേശുദാസ് ജന്മദിനമായ ജനുവരി 10ന് കൊല്ലൂരിലെത്തി സംഗീതാർച്ചന നടത്തുന്നത് പതിവാണ്. ക്ഷേത്രത്തിലേയ്ക്ക് നടക്കുമ്പോൾ ആദ്യം കാതിൽ വീഴുന്ന ശബ്ദം മണിനാദമല്ല, പാട്ടുകളാണ്. പൂജാസാധനങ്ങൾ വിൽക്കുന്ന കടകളിൽ നിന്ന്, അലങ്കാരവസ്തുക്കൾ വിൽക്കുന്ന കടകളിൽ നിന്ന്, ലോഡ്ജിന്റെ വരാന്തയിൽ നിന്ന്, വഴിയരികിലെ ചായക്കടയിലെ പഴയ സ്പീക്കറിൽ നിന്ന് മലയാളം ഭക്തിഗാനങ്ങൾ ഇടതടവില്ലാതെ ഒഴുകിവരുന്നു. അതിൽ ഏറ്റവുമധികം കേൾക്കുന്നത് കെ. ജയകുമാറിന്റെ 'കുടജാദ്രിയിൽ കുടികൊള്ളും മഹേശ്വരി' ആണ്, കെ.എസ്. ചിത്രയുടെയും യേശുദാസിന്റെയും ശബ്ദത്തിൽ. മൂകാംബികയെക്കുറിച്ച് ഇത്ര തീവ്രമായ ഭക്തിഗാനം മലയാളത്തിൽ മുമ്പ് എഴുതപ്പെട്ടിട്ടില്ലെന്നാണ് ജയകുമാർ തന്നെ പറയുന്നത്. ഇരുട്ട് മൂടിയ കണ്ണുകളിൽ വെളിച്ചം പകരണേ എന്ന് അപേക്ഷിക്കുന്ന പാട്ടാണിത്. ഒരു ദു:ഖബിന്ദുവായി മാറുന്ന ജീവിതത്തെ കരുണയാക്കണേ എന്ന പ്രാർഥന. അതുകൊണ്ടാണ് ക്ഷേത്രത്തിൽ വരുന്നവരും കടകളിൽ നിൽക്കുന്നവരും ഈ വരികൾക്കൊപ്പം ഒരു നിമിഷം ഉള്ളിൽ നിശബ്ദരാകുന്നത്.
എഴുതാനിരിക്കുമ്പോൾ വാക്‌ദേവത അനുഗ്രഹിക്കാത്ത ദിവസങ്ങളിൽ, ഒരു പുസ്തകം തുടങ്ങാനോ അവസാനിപ്പിക്കാനോ കഴിയാതെ കുഴങ്ങുമ്പോൾ, എഴുത്തുകാർ മുറിയെടുത്ത് ദിവസങ്ങളോളം കൊല്ലൂരിലും കുടജാദ്രിയിലും താമസിക്കും. അവർക്ക് വേണ്ടത് ഏകാഗ്രതയാണ്. മനസും ശരീരവും ഒരു ബിന്ദുവിൽ നിറുത്താനുള്ള ഇടം. ദൈവാരാധന മാത്രമല്ല, സർഗാത്മകതയുടെ ഉപാസന കൂടിയാണ് ഇവിടെ സാക്ഷാത്കരിക്കപ്പെടുന്നത്.


ഒരേ ദേവി, മൂന്നു ഭാവം
മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നീ ഭാവങ്ങൾ ഒരേ ദേവിയിൽ നിലകൊള്ളുന്നു. രാവിലെ കാളിയായും ഉച്ചയ്ക്ക് ലക്ഷ്മിയായും രാത്രി സരസ്വതിയായും ഒരേ ദേവിയെ ഒരേ പൂജകൊണ്ട് ആരാധിക്കുന്നു. സ്വർണരേഖയുള്ള സ്വയംഭൂലിംഗമാണ് ശ്രീകോവിലിലെ പ്രതിഷ്ഠ. അതിനു പിന്നിൽ പത്മാസനത്തിലിരിക്കുന്ന പഞ്ചലോഹവിഗ്രഹം, നാലു കൈകളിൽ ശംഖും ചക്രവും വരദവും അഭയവും.
രാത്രി ഒൻപതിന് നട അടയ്ക്കുംമുമ്പ് സരസ്വതീ മണ്ഡപത്തിലെ പൂജയ്ക്കുശേഷം ദേവിയെ ശ്രീകോവിലിലേയ്ക്ക് ആനയിക്കുന്നു. അതിനു പിന്നാലെ കഷായതീർത്ഥം. ചുക്ക്, കുരുമുളക്, ഏലം, ജ്യേഷ്ഠമധു, തിപ്പലി, ശർക്കര എന്നിവ ചേർന്ന ഔഷധക്കൂട്ട്. അതും വാങ്ങിക്കുടിച്ചേ ഭക്തർ മടങ്ങാവൂ. ദിവസം മുഴുവൻ കാത്തുനിന്ന്, വിശന്ന്, തിരക്കിൽ നീങ്ങിയവർക്ക് ഒരു കവിൾ ചൂടുള്ള കഷായം. ഭക്തനെ പരിപാലിക്കുന്ന അമ്മയുടെ സ്പർശം അന്നനാളത്തിലറിയാം.
നവരാത്രിയിൽ ദേവിയുടെ ഭാവഭേദങ്ങൾ ദിവസംതോറും മാറിമറിയുന്നു. ഓരോ ദിവസത്തെയും അലങ്കാരം ഓരോ ഭാവമാണ്. ഒടുവിൽ മഹാനവമിക്ക് പൂക്കളിൽ പൊതിഞ്ഞ ഏഴുനില ബ്രഹ്മരഥത്തിൽ ദേവി ശ്രീകോവിലിനു ചുറ്റും മൂന്നുവട്ടം സഞ്ചരിക്കുന്നു. രഥമിറങ്ങിയ ശേഷം കനകവർഷം. തന്ത്രി എറിഞ്ഞുനൽകുന്ന നാണയങ്ങൾക്കായി ഭക്തർ കൈനീട്ടി നിൽക്കും. അത് ദക്ഷിണയല്ല, ദേവിയുടെ കൈനീട്ടമാണ്. കിട്ടിയ നാണയം വർഷം മുഴുവൻ പൂജാമുറിയിൽ സൂക്ഷിക്കുന്നവരുണ്ട്. പിറ്റേന്ന് വിജയദശമിയിൽ അതിരാവിലെ വിദ്യാരംഭം.
ഈ ക്ഷേത്രത്തിലെ മറ്റൊരു അപൂർവമായ ആചാരം തന്ത്രിസ്ഥാനത്തിന്റെ കൈമാറ്റമാണ്. മുഖ്യതന്ത്രി വിവാഹിതനായിരിക്കണം. ദീക്ഷ നൽകാൻ കഴിയുന്നത് വിവാഹിതനായ മകനു മാത്രം. ദീക്ഷ സ്വീകരിക്കുന്ന വേളയിൽ ഭാവി മുഖ്യ അർച്ചകന്റെ ഭാര്യ ശ്രീകോവിലിനു പുറത്ത് ശുകനാസിയിൽ വന്നുനിൽക്കണം. അവൾ അവിടെയില്ലെങ്കിൽ ദീക്ഷ നടക്കില്ല. പുത്രൻ ശ്രീകോവിലിൽ പൂജ തുടങ്ങിയ ശേഷം പിതാവ് പിന്നീട് അവിടെ കയറില്ല. സ്ഥാനം കൈമാറുന്നത് ഒരാളിൽനിന്ന് മറ്റൊരാളിലേക്കല്ല, ഒരു ദമ്പതികുടുംബത്തിൽനിന്ന് മറ്റൊന്നിലേക്കാണ്.

മേഘങ്ങളെ തൊട്ട്

മൂകാംബികയുടെ ആത്മീയാനുഭവം കൊല്ലൂർ ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ മാത്രം ഒതുങ്ങുന്നില്ല. സഹ്യപർവതനിരകളുടെ പച്ചപ്പും മഞ്ഞിന്റെ നനവും വനത്തിന്റെ നിയസബ്ദതയും ചേർന്ന കുടജാദ്രിയിലേയ്ക്കും ആ അനുഭവം പടരുന്നു. മഞ്ഞിന്റെ നേർത്ത പുതപ്പണിഞ്ഞ മലനിരകൾക്കിടയിലൂടെ സഞ്ചരിക്കുമ്പോൾ പ്രകൃതി തന്നെ പ്രാർഥനയായി മാറുന്നു. മരങ്ങൾക്കിടയിലൂടെ ഒഴുകിയെത്തുന്ന കാറ്റിന് മന്ത്രങ്ങളുടെ താളമുണ്ടെന്ന് തോന്നും. നഗരങ്ങളുടെ ബഹളങ്ങളിൽനിന്ന് അകന്ന്, പ്രകൃതിയുടെ ഹൃദയമിടിപ്പിനൊപ്പം കുറച്ചുനേരം നടക്കുമ്പോൾ മനസിന്റെ അസ്വസ്ഥതകൾ പതിയെ അകലും പോലെ.

പുലർച്ചെ കുടജാദ്രിയിലേയ്ക്ക് പോകാം. ക്ഷേത്രത്തിന് പിന്നിൽ ഉയർന്നുനിൽക്കുന്ന മലയാണിത്. കൊല്ലൂരിൽ നിന്ന് ഏകദേശം 21 കിലോമീറ്റർ ദൂരം, ജീപ്പുകൾ കൊല്ലൂരിൽ നിന്ന് വാടകയ്ക്ക് കിട്ടും. ജീപ്പ് കിതച്ചുകയറുന്ന കല്ലുവഴികൾ, പിന്നെ വനത്തിലൂടെ നടപ്പാത. കോടമഞ്ഞിൽ പൊതിഞ്ഞ് 1343 മീറ്റർ ഉയരത്തിൽ സർവജ്ഞപീഠം. ജീപ്പ് നിൽക്കുന്ന സ്ഥലത്തു നിന്ന് ഏകദേശം 1.3 കിലോമീറ്റർ നടന്നാൽ ഉച്ചിയിലെത്താം. കയറ്റത്തിന്റെ കിതപ്പ് മാറുമ്പോൾ മഞ്ഞ് നമ്മളെ ചുറ്റും.
താഴെ, ഏകദേശം 370 ചതുരശ്ര കിലോമീറ്ററിൽ പരന്നുകിടക്കുന്ന മൂകാംബിക വന്യജീവി സങ്കേതം. കൊല്ലൂരിൽ നിന്ന് ആറു കിലോമീറ്റർ അകലെ കാടിനുള്ളിലെ അരിശിനഗുണ്ടി വെള്ളച്ചാട്ടം; സൂര്യപ്രകാശം തട്ടുമ്പോൾ മഞ്ഞൾ നിറത്തിൽ തിളങ്ങുന്നതിനാലാണ് ആ പേര് (കന്നഡയിൽ അരിശിന എന്നാൽ മഞ്ഞൾ).
സർവജ്ഞപീഠത്തിൽ നിന്ന് ഇറങ്ങുമ്പോൾ പിന്തിരിഞ്ഞനോക്കരുതെന്ന ഒരു പഴയ വിലക്ക് ഇന്നും മലയിറങ്ങുന്നവർ പാലിക്കുന്നു. ശരീരം അത് അനുസരിക്കും. മനസ് പക്ഷേ പലതവണ തിരിഞ്ഞനോക്കും.
മലയിറങ്ങി, തിരിച്ചെത്തി കൊല്ലൂരിന്റെ വഴിയിലൂടെ നടക്കുമ്പോൾ , ഭക്തിഗാനങ്ങൾ വീണ്ടും കാതിൽ വീഴും. ഒന്നു മനസ്സിലാകും: ഇവിടെ നിന്ന് നാം കൊണ്ടുപോകുന്നത് ഒരു വരമല്ല, തുടക്കമാണ്. കുഞ്ഞിന്റെ വിരൽത്തുമ്പിലെ അക്ഷരം, നർത്തകിയുടെ ചിലങ്കയിലെ താളം, എഴുത്തുകാരന്റെ നിശബ്ദതയിൽ പിറക്കാനിരിക്കുന്ന ആദ്യവാക്ക്. യാത്ര ആരംഭിക്കുമ്പോൾ കോടമഞ്ഞ് മായും. പക്ഷേ ഉള്ളിൽ അക്ഷരം വിടരാൻ തുടങ്ങിയിരിക്കും!

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOOKAMBIKA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL