
പന്മന പഞ്ചായത്തിലെ കടലോര ഗ്രാമമാണ് പ്രകൃതിസൗന്ദര്യത്താൽ സമ്പന്നമായിരുന്ന പൊന്മന. കാർഷിക സമൃദ്ധമായിരുന്ന ഗ്രാമത്തിൽ അതിവിശാലമായ വയലേലകളും വയലുകളിൽ വിളഞ്ഞുകിടക്കുന്ന കതിർക്കുലകൾ കൊത്തിക്കൊണ്ട് പോകാനെത്തുന്ന വിവിധ വർണങ്ങളിലുള്ള പക്ഷികളും കൊയ്തൊഴിഞ്ഞ പാടങ്ങളിൽ മേയുന്ന കാലിക്കൂട്ടങ്ങളും ജലാശയങ്ങളിൽ വിരുന്നിനെത്തുന്ന ദേശാടന പക്ഷികളും സുഖശീതളമായ തെങ്ങിൻ തോപ്പുകളും ഫലവൃക്ഷങ്ങളും തെളിനീർച്ചാലുകളും കാവുകളും കുളങ്ങളും തോടുകളിൽ മീൻപിടിക്കുന്ന ഗരുഡനും പൊന്മാനും കൊറ്റികളും കായലിലൂടെ അനുസ്യൂതം നീങ്ങിക്കൊണ്ടിരിക്കുന്ന കേവുവള്ളങ്ങളും പുലരും മുമ്പേ സജീവമാകുന്ന നാടൻ ചായക്കടകളും ഗ്രാമീണ വായനശാലയും പുലർച്ചെ വള്ളമിറക്കുന്ന തൊഴിലാളികളുടെ ശബ്ദത്താലും പ്രഭാതം മുതൽ നിറയെ മത്സ്യവുമായെത്തുന്ന വള്ളങ്ങളിലെ തൊഴിലാളികളുടെ ആർപ്പുവിളികളാലും മുഖരിതമായിരുന്ന കടലോരവും വൈകുന്നേരങ്ങളിൽ സജീവമായിരുന്ന കളിക്കളങ്ങളും ഞാറ്റുപാട്ടും കൊയ്ത്ത്പാട്ടും എല്ലാം ചേർന്ന് സദാ ശബ്ദമുഖരിതവും നയന മനോഹരിയുമായിരുന്നു പൊന്മന. പൊന്മനയ്ക്ക് മാരിവിൽ മനോഹാരിത നൽകി കടലോരത്ത് ചിങ്ങനിലാവുപോൽ ജ്വലിച്ച് നിൽക്കുന്ന മഹാക്ഷേത്രമാണ് ശ്രീനീലകണ്ഠന്റെ പ്രിയപുത്രി ശ്രീഭദ്രാ ഭഗവതി വാണരുളുന്ന കാട്ടിൽമേക്കതിൽ ശ്രീദേവീക്ഷേത്രം.
'മാറ്റുവിൻ ചട്ടങ്ങളെ
സ്വയമല്ലെങ്കിൽ
മാറ്റുമതുകളീ നിങ്ങളെത്താൻ"
എന്ന് അധികാര സ്ഥാനങ്ങളെ നോക്കി ആക്രോശിച്ച മലയാള കവിതയുടെ കാല്പനിക വസന്തത്തിന് തുടക്കം കുറിച്ച സ്നേഹഗായകനായ മഹാകവി കുമാരനാശാന്റെ പാദസ്പർശത്താൽ ഹർഷപുളകിതമായ മണ്ണാണ് ഇവിടം.
'തൊട്ടുകൂടാത്തവർ
തീണ്ടിക്കുടാത്തവർ
ദൃഷ്ടിയിൽ പെട്ടാലും
ദോഷമുള്ളോർ
കെട്ടില്ലാത്തോർ
തമ്മിലുണ്ണാത്തോരിങ്ങനെ
യൊട്ടല്ലഹോ ജാതിക്കോമരങ്ങൾ"
എന്ന് ആശാൻ തന്നെ വിശേഷിപ്പിച്ച അക്കാലത്തെ ജാതി വ്യവസ്ഥയ്ക്കെതിരെയും സമൂഹത്തിൽ നിലനിന്ന അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെയും തൂലിക പടവാളാക്കിയ ആ സാമൂഹിക വിപ്ളവകാരി 1909 ഡിസംബർ മാസത്തിലാണ് ഒരു സഹായിയുമൊത്ത് ആദ്യമായി ഇവിടെയെത്തിയത്. പൊന്മനയിലെത്തിയ മഹാകവി ഏറെനേരം പരിസര പ്രദേശങ്ങൾ ചുറ്റിനടന്ന് കണ്ടിട്ടാണ് ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രത്തിലെത്തിയ അദ്ദേഹം ഏറെനേരം പ്രാർത്ഥനാനിരതനായി ദേവീചൈതന്യം അനുഭവിച്ചറിഞ്ഞു.
ക്ഷേത്രദർശനത്തിനുശേഷം പടിഞ്ഞാറു വശത്തുണ്ടായിരുന്ന കുന്നിൻമുകളിൽ കയറി അവിടെനിന്ന് ചുവന്നുതുടുത്ത മാനത്തെ ചുട്ടുപഴുത്ത ലോഹം പോൽ തിളങ്ങുന്ന സൂര്യബിംബം ആഴിയിലേക്ക് താഴുന്ന മനോഹരദൃശ്യം ആസ്വദിച്ച് ഏറെ ആഹ്ളാദചിത്തനായി. തിരികെപ്പോകുമ്പോൾ, ഇവിടം മാനവസാഹോദര്യത്തിന്റെ ഒരിക്കലും വറ്റാത്ത ഉറവയാണെന്നും ജാതീയമായ ഉച്ചനീചത്വങ്ങളേയും ജാതിവ്യവസ്ഥയെത്തന്നെയും തച്ചുടയ്ക്കാൻ ഈ പുണ്യഭൂമിയിലെ മഹാക്ഷേത്രം ഇനിയും ഉയരേണ്ടതുണ്ടെന്നും അങ്ങനെതന്നെ സംഭവിക്കും എന്നാണെന്റെ പ്രതീക്ഷയെന്നും പറഞ്ഞിട്ടാണ് അദ്ദേഹം മടങ്ങിപ്പോയത്. യാന്ത്രികമായ ആചാരങ്ങൾക്കപ്പുറം ഭക്തിയുടെയും ആത്മീയതയുടെയും ഉദാത്തമായ തലത്തിൽ ഈശ്വരവിശ്വാസത്തെക്കണ്ടിരുന്ന മഹാകവിയുടെ വാക്കുകൾ ഒരു നൂറ്റാണ്ടിനിപ്പുറം യാഥാർത്ഥ്യമായിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് കാണുന്നത്.
പൊന്മനയിലെത്തിയ മഹാകവി ആദ്യമെത്തിയ കൊട്ടാരക്കടവിൽ അദ്ദേഹത്തിന്റെ സ്മരണയ്ക്കായി നാട്ടുകാർ ഒരു മനോഹര മന്ദിരം നിർമ്മിച്ച് അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിച്ചു. അടുത്ത കാലത്തായി ജീർണതയെ നേരിടുന്ന സ്മാരകമന്ദിരം കാട്ടിൽമേക്കതിൽ ശ്രീ ദേവീ ക്ഷേത്ര ഭരണസമിതി പുതുക്കിപ്പണിത് അതിമനോഹരമായ ഒരു മന്ദിരം നാടിന് സമർപ്പിച്ചത് ആശാന്റെ നിത്യ സ്മാരകമായി കൊട്ടാരക്കടവിൽ ശിരസുയർത്തി നിൽക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |