ക്ഷേത്രങ്ങളിൽ ചെരിപ്പ് ധരിച്ച് പോകുന്നത് വളരെ ദോഷമായാണ് കാണുന്നത്. എന്നാൽ ചെരിപ്പ് വഴിപാടായി നൽകുന്ന ഒരു അപൂർവക്ഷേത്രത്തെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? ഇന്ത്യയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലുള്ള ആരവല്ലി ഗ്രാമത്തിലെ 'വേതോബ ക്ഷേത്ര'ത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.
പഞ്ചലോഹത്തിൽ തീർത്ത ഒമ്പത് അടിയിലധികം ഉയരമുള്ള വേതോബയുടെ കൂറ്റൻ വിഗ്രഹമാണ് ഇവിടെയുള്ളത്. വലതുകൈയിൽ വാളും ഇടതുകൈയിൽ അഗ്നിപാത്രവും ഏന്തിയ രൂപത്തിലാണ് വിഗ്രഹം. വേതോബ ഭഗവാൻ രാത്രികാലങ്ങളിൽ ഗ്രാമത്തിന്റെ രക്ഷയ്ക്കായി തുകൽ ചെരിപ്പ് ധരിച്ച് ഗ്രാമം മുഴുവൻ നടക്കുമെന്നാണ് വിശ്വാസം. അതിനാലാണ് ഭക്തർ ചെരിപ്പുകൾ സമർപ്പിക്കുന്നത്.

ഭക്തർ നേർച്ചയായി സമർപ്പിക്കുന്ന വലിയ കോലാപ്പൂരി ചെരിപ്പുകൾ ഏതാനും മാസങ്ങൾ കഴിയുമ്പോൾ അടിഭാഗം തേഞ്ഞുതീരുന്നതായി കാണപ്പെടുന്നതായാണ് ഭക്തർ പറയുന്നത്. ഭഗവാൻ രാത്രി നടക്കുന്നത് കൊണ്ടാണ് ഇത്തരത്തിൽ ചെരിപ്പ് തേഞ്ഞുപോകുന്നതെന്നാണ് നാട്ടുകാരുടെ വിശ്വാസം. പരീക്ഷകളിൽ ജയിക്കാനും ആഗ്രഹങ്ങൾ സാധിക്കാനും ആപത്തിൽനിന്ന് സംരക്ഷണം ലഭിക്കാനും ഭക്തർ തുകൽ ചെരിപ്പുകൾ വഴിപാടായി സമർപ്പിക്കുന്നു. നേന്ത്രപ്പഴക്കുലകൾ, പഞ്ചസാര, മധുരപലഹാരങ്ങൾ എന്നിവയാണ് മറ്റ് പ്രധാന വഴിപാട്.
ക്ഷേത്രത്തിൽ എന്തെങ്കിലും പുതിയ കാര്യങ്ങൾ ചെയ്യുന്നതിന് മുൻപോ ഭക്തരുടെ വ്യക്തിപരമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മുൻപോ വേതോബയുടെ അനുവാദം ചോദിക്കാറുണ്ട്. ഈ ആചാരത്തെ 'കൗൾ' എന്നാണ് അറിയപ്പെടുന്നത്. വേതോബ ക്ഷേത്രം 17-ാം നൂറ്റാണ്ടിൽ നിർമ്മിച്ചതാണെന്ന് പറയപ്പെടുന്നു.
Vetoba Temple in Aravali village of Maharashtra’s Sindhudurg district is known for the unusual tradition of devotees offering leather footwear to the deity. According to local belief, Lord Vetoba wears the footwear while walking through the village at night to protect its residents.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |