SignIn
Kerala Kaumudi Online
Saturday, 17 October 2026 2.53 PM IST

നാളെ പൂജ വയ്‌ക്കേണ്ട സമയം ഇതാണ്; വിദ്യാരംഭത്തിന് ഐശ്വര്യം നിറയ്‌ക്കാൻ അറിയേണ്ട കാര്യങ്ങളിതാ

viswasam
viswasam

റാംസാഗർ തമ്പുരാൻ, അസ്ട്രോ ന്യൂമറോളജിസ്റ്റ്,ഫോൺ : 91+83010 36352, വാട്സാപ്പ് : 91+7907244210, ഈമെയിൽ: samkhiyarathnam@gmail.com

2026ലെ വിജയദശമിയും വിദ്യാരംഭവും കേരള സർക്കാർ കലണ്ടർ പ്രകാരം 2026 ഒക്ടോബർ 21 ബുധനാഴ്‌ചയാണ് ആഘോഷിക്കുന്നത്. എന്നാൽ, ഇന്ത്യയുടെ മറ്റ് മിക്ക സംസ്ഥാനങ്ങളിലും ഒക്ടോബർ 20 ചൊവ്വാഴ്‌ചയാണ് പ്രധാനമായും ദസറ അല്ലെങ്കിൽ വിജയദശമി വരുന്നത്. തിഥിയുടെ വ്യത്യാസങ്ങൾ കാരണം വിവിധ പ്രദേശങ്ങളിലെ തീയതികളും മുഹൂർത്തങ്ങളും താഴെ പറയുന്ന രീതിയിലാണ്:

  • കേരളം, കർണാടക, ബംഗാൾ: ഒക്ടോബർ 21 ബുധനാഴ്ച
  • ഇന്ത്യയിലെ മറ്റ് ഭാഗങ്ങളിൽ (ദസറ): ഒക്ടോബർ 20 ചൊവ്വാഴ്ച
  • ദശമി തിഥി ആരംഭിക്കുന്നത്: ഒക്ടോബർ 20, പകൽ 12:50 ന്.
  • ദശമി തിഥി അവസാനിക്കുന്നത്: ഒക്ടോബർ 21, ഉച്ചയ്ക്ക് 02:11 ന്


തിന്മയുടെ മേൽ നന്മ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലായ ഈ പവിത്ര ദിനത്തിലാണ് കേരളത്തിൽ കുരുന്നുകൾ 'ഹരിശ്രീ' കുറിച്ച് അറിവിന്റെ ലോകത്തേക്ക് ചുവടുവെക്കുന്ന വിദ്യാരംഭം ചടങ്ങുകൾ നടക്കുന്നത്. വിദ്യാർത്ഥികൾ പുസ്തക പൂജക്കായി ഗ്രന്ഥങ്ങൾ, പേന, പെൻസിൽ മുതലായവയാണ് പൂജ വയ്‌ക്കേണ്ടത് ഒക്ടോബര്‍ 18 ഞായറാഴ്‌ച അഷ്‌ടമി തിഥിയിലാണ് പൂജ വയ്‌ക്കേണ്ടത്.

ഒക്ടോബർ 19ന് രാവിലെ 11 മണിക്ക് മുമ്പായി അഷ്‌ടമി തിഥി അവസാനിക്കും. അന്ന് വൈകുന്നേരം നവമി തിഥി ആയതിനാലാണ് ഗ്രന്ഥങ്ങൾ 18ന് വൈകിട്ട് തന്നെ പൂജയ്ക്ക് വയ്ക്കേണ്ടത്. മഹാനവമിയിലെ അടച്ചുപൂജയിൽ നിന്ന് ജ്ഞാനത്തിന്റെയും പ്രകാശത്തിന്റെയും വിജയത്തിലേക്ക് തുറക്കുന്ന ദിനമാണ് വിജയദശമി. ഒമ്പതു രാത്രിയിലെ കഠിന വ്രതത്താൽ ശുദ്ധീകരിക്കപ്പെട്ട മനസും ശരീരവുമായി ജ്ഞാനസമുദ്രത്തിൽ നീന്തിത്തുടിക്കുവാനുള്ള പുറപ്പെടലാണ് വിജയദശമി. പുസ്‌തകങ്ങൾ പൂജയ്ക്ക് വച്ച് കഴിഞ്ഞാൽ പിന്നെ വിജയദശമി വരെ യാതൊരു വിധത്തിലുള്ള അദ്ധ്യയനവും പാടില്ല.

നവരാത്രിയിലെ പ്രധാന ചടങ്ങുകളിലൊന്നാണ് പൂജവയ്പ്പ്. ഗ്രന്ഥങ്ങൾ, പഠനോപകരണങ്ങൾ എന്നിവ ദേവിക്കുമുന്നിൽ സമർപ്പിച്ചു പൂജിക്കുക എന്നതാണ് പൂജവയ്പ്പ് കൊണ്ട് ഉദ്ദേശിക്കുന്നത്. വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും സരസ്വതീ സങ്കൽപ്പത്തിൽ പൂജവയ്പ്പ് നടത്താവുന്നതാണ്. നവരാത്രിയിൽ അസ്തമയത്തിന് അഷ്ടമി തിഥി വരുന്ന സമയത്താണ് പൂജവക്കേണ്ടത്. അന്ന് വൈകുന്നേരത്തോടെ തൊഴിലാളികളും കരകൗശല പണിക്കാരും ഉദ്യോഗസ്ഥരുമെല്ലാം അവരവരുടെ തൊഴിലുപകരണങ്ങളും പൂജയ്ക്കുവേണ്ടി സമര്‍പ്പിക്കണം. സ്വന്തം വീട്ടിലോ ക്ഷേത്രങ്ങളിലോ പൂജവയ്ക്കാം. വീട്ടിലാണെങ്കിൽ ശുദ്ധിയുള്ള സ്ഥലത്തോ പൂജാമുറിയുള്ളവർ അവിടെയോ പരമാവധി ശരീര മനഃശുദ്ധിയോടെ വേണം പൂജവയ്‌ക്കേണ്ടത്.

നവമി ദിവസം അടച്ചുപൂജയാണ്. ഇന്ദ്രിയങ്ങളെ പുറത്തുനിന്നും അകത്തേക്ക് പിന്‍വലിച്ച് ഇരിക്കുന്നതാണ് അടച്ചുപൂജ. ആ സമയത്ത് എല്ലാ ഇന്ദ്രിയങ്ങളും ഒന്നിൽ കേന്ദ്രീകരിച്ച് നമ്മെ ദേവിയുമായി താദാത്മ്യത്തിൽ എത്തിക്കുവാൻ ശ്രമിക്കണം. നവരാത്രിയിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങും ഇതുതന്നെയാണ്. അതിന് വേണ്ടി ചെയ്യേണ്ടത് ദുഷിച്ച കാര്യങ്ങള്‍ കാണാതിരിക്കുക, കേള്‍ക്കാതിരിക്കുക, പറയാതിരിക്കുക. ഇത് സാധിച്ചാൽ ഇന്ദ്രിയങ്ങള്‍ പരിശുദ്ധമാകും.

ഈശ്വരപ്രാപ്തിക്ക് സന്നദ്ധമാകും. ചീത്തവാക്കുകള്‍ കൊണ്ട് മറ്റുള്ളവരെ വേദനിപ്പിക്കില്ലെന്ന് തീരുമാനിക്കണം. കാണുന്നത് നല്ല കാര്യങ്ങള്‍ മാത്രമാകണം. രൂക്ഷമായതും തീക്ഷ്ണമായതും ആയ ആഹാരങ്ങള്‍ ഒഴിവാക്കണം. ആഹാരം പാഴാക്കാതിരിക്കുക, ശുചിത്വം പാലിക്കുക എന്നിവയും വേണം. മഹാനവമിയിലെ അടച്ചു പൂജയുടെ ആന്തരാർത്ഥവും ഇതുതന്നെ.

വിജയദശമി കേരളത്തിൽ അറിവിന്റെ ദേവതയായ സരസ്വതിയുടെ അനുഗ്രഹം തേടുന്ന പ്രധാന ദിനമാണ്. പനച്ചിക്കാട് സരസ്വതി ക്ഷേത്രം, ചോറ്റാനിക്കര ഭഗവതി ക്ഷേത്രം തുടങ്ങിയ പ്രധാന ക്ഷേത്രങ്ങളിൽ നവരാത്രിയോടനുബന്ധിച്ച് വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. ആദ്യാക്ഷരം കുറിക്കുന്നതിനായി ആയിരക്കണക്കിന് കുട്ടികളാണ് വിദ്യാരംഭ ദിനത്തിൽ ക്ഷേത്രങ്ങളിലെത്തുന്നത്.

ഈ വർഷം ഒക്ടോബർ 11 മുതൽ 21 വരെയാണ് നവരാത്രി ആചരിക്കുന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് കേരളത്തിൽ പൂജവയ്പ്പ് നടക്കുക. വീടുകളിലും ക്ഷേത്രങ്ങളിലും സ്ഥാപനങ്ങളിലും അന്ന് പുസ്തകങ്ങളും പഠനോപകരണങ്ങളും തൊഴിൽ ഉപകരണങ്ങളും പൂജയ്ക്ക് വയ്ക്കും. ശുക്ലപക്ഷത്തിലെ അഷ്ടമി തിഥിയിലാണ് ദുർഗാഷ്ടമി വരുന്നത്.

നവരാത്രി ആഘോഷങ്ങളിലെ അതിപ്രധാനമായ ഒരു ദിവസമാണ് ദുർഗാഷ്ടമി. ഒൻപത് രാത്രികളിലുമായി ദുർഗാദേവിയുടെ വിവിധ ഭാവങ്ങളെ ഭക്തജനങ്ങൾ ആരാധിക്കുമ്പോൾ, എട്ടാം ദിനമായ ദുർഗാഷ്ടമിക്ക് കേരളത്തിൽ സവിശേഷമായ സ്ഥാനമുണ്ട്. ദേവിയുടെ എട്ടാമത്തെ രൂപമായ ശ്രീ മഹാഗൗരിയെയാണ് ഈ ദിവസം പ്രധാനമായും ആരാധിക്കുന്നത്. ശുദ്ധിയെയും ശാന്തതയെയും ഐശ്വര്യത്തെയുമാണ് ഈ ദേവീഭാവം പ്രതിനിധീകരിക്കുന്നത്.


നവരാത്രി ആഘോഷങ്ങളിൽ ഏറെ പ്രാധാന്യമുള്ള ചടങ്ങാണ് പൂജവപ്പ്. പൂജവപ്പ് നാളില്‍ വീടുകളിലും ക്ഷേത്രങ്ങളിലും സ്ഥാപനങ്ങളിലും പുസ്തകങ്ങളും പഠനോപകരണങ്ങളും തൊഴിൽ ഉപകരണങ്ങളും പൂജയ്ക്ക് വയ്ക്കുന്നു. ദുർഗാഷ്ടമി, മഹാനവമി ദിനത്തിലെ ആയുധപൂജ, വിജയദശമി ദിനത്തിലെ വിദ്യാരംഭം എന്നിവയാണ് നവരാത്രിയുമായി ബന്ധപ്പെട്ട പ്രധാന ചടങ്ങുകൾ.

10-ാമത്തെയും അവസാനത്തെയും ദിവസം ദീപാവലിക്ക് മുന്നോടിയായുള്ള വിജയദശമിയായി ആഘോഷിക്കുന്നു. ദുർഗാദേവി മഹിഷാസുരനുമായി യുദ്ധം ചെയ്‌ത്‌ വിജയം വരിച്ചതിന്റെ ഓർമ്മയ്ക്കാണ് ഈ ദിവസം ആഘോഷിക്കുന്നത്. കേരളത്തിൽ ഈ ദിനം സരസ്വതി പൂജയുടെ ആരംഭമായിട്ടാണ് ആഘോഷിക്കുന്നത്. അജ്ഞാനത്തിന്റെ അന്ധകാരത്തെ അകറ്റി അറിവിന്റെ വെളിച്ചം പകരുന്ന ദേവതയായ സരസ്വതിയെയാണ് ഈ ദിവസം പൂജിക്കുന്നത്.

നവരാത്രിയിലെ ഒൻപത് ദിവസങ്ങളിൽ ദേവിയെ മൂന്ന് പ്രധാന ഭാവങ്ങളിലാണ് ആരാധിക്കുന്നത്. ആദ്യത്തെ മൂന്ന് ദിവസങ്ങൾ ധൈര്യത്തിന്റെയും ശക്തിയുടെയും പ്രതീകമായ ദുർഗാ ഭാവത്തിലും, അടുത്ത മൂന്ന് ദിവസങ്ങൾ ഐശ്വര്യത്തിന്റെയും ദാരിദ്ര്യമുക്തിയുടെയും പ്രതീകമായ ലക്ഷ്മി ഭാവത്തിലും, അവസാനത്തെ മൂന്ന് ദിവസങ്ങൾ അറിവിന്റെയും വിദ്യയുടെയും പ്രതീകമായ സരസ്വതി ഭാവത്തിലുമാണ് ആരാധന നടക്കുന്നത്. ഈ ഒൻപത് ദിവസങ്ങളിൽ ദേവി ശൈലപുത്രി, ബ്രഹ്മചാരിണി, ചന്ദ്രഘണ്ഡ, കൂഷ്മാണ്ഡ, സ്കന്ദമാതാ, കാത്യായനി, കാളരാത്രി, മഹാഗൗരി, സിദ്ധിദാത്രി എന്നീ നവദുർഗമാരായി ആരാധിക്കപ്പെടുന്നു.

English Summary

Vijayadashami and Vidyarambham in Kerala will be celebrated on October 21, 2026, while many other Indian states observe Dussehra on October 20. Poojavaipu is scheduled for October 18, followed by Mahanavami rituals. Thousands of children are expected to participate in Vidyarambham ceremonies at temples, including Panachikkadu Saraswathi Temple and Chottanikkara Bhagavathy Temple.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIJAYADASHAMI 2026 DATE, VIDYARAMBHAM 2026 KERALA, POOJAVAIPU 2026 DATE, VIJAYADASHAMI MUHURTHAM 2026, NAVARATRI KERALA 2026
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY
TRENDING IN ASTRO