SignIn
Kerala Kaumudi Online
Thursday, 11 June 2026 7.08 PM IST

വ്യായാമത്തിനിടെ ജിം ഉടമയെ വെടിവച്ചുകൊന്നു; ഉത്തരവാദിത്തം ഏറ്റെടുത്ത് ലോറൻസ് ബിഷ്‌ണോയ് സംഘം

-lawrence-bishnoi-gang

ന്യൂഡൽഹി: ജിം ഉടമയെ ബൈക്കിലെത്തിയ അക്രമികൾ വെടിവച്ചുകൊന്നു. ഹരിയാനയിലെ ഹാൻസിയിൽ റെഡ് ജിം ഉടമയായ കപിൽ ആണ് കൊല്ലപ്പെട്ടത്. കപിലിന്റെ ശരീരത്തിലും തലയിലുമായി പത്തോളം വെടിയുണ്ടകളാണ് അക്രമികൾ ഉതിർത്തത്. കൊലപാതകത്തിന്റെ ഉത്തരവാദിത്തം കുപ്രസിദ്ധ ഗുണ്ടാസംഘം ലോറൻസ് ബിഷ്‌ണോയ് ഗ്യാംഗ് ഏറ്റെടുത്തു. ബിഷ്‌ണോയ് സംഘത്തിലെ ഹരി ബോക്സർ എന്നയാളുടെ പേരിൽ പ്രചരിക്കുന്ന ഓഡിയോ സന്ദേശത്തിലൂടെയാണ് ഉത്തരവാദിത്തം ഏറ്റെടുത്തത്.

ഹാൻസിയിലെ ഫവ്വാര ചൗക്കിന് സമീപമാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കപിൽ തന്റെ ജിമ്മിന് സമീപമുള്ള കടകൾക്ക് മുന്നിൽ യുവാക്കൾക്കും യുവതികൾക്കുമായി വ്യായാമ പരിശീലനം നൽകിക്കൊണ്ടിരിക്കെ ഹെൽമെറ്റ് ധരിച്ച് ബൈക്കിലെത്തിയ രണ്ട് അക്രമികൾ കപിലിന് നേരെ തുരുതുരാ വെടിയുതിർക്കുകയായിരുന്നു. വെടിവയ്പ്പിനിടെ സമീപത്ത് വാംഅപ്പ് ചെയ്യുകയായിരുന്ന യുവതിക്കും പെല്ലറ്റുകൾ തറച്ചുകയറി പരിക്കേറ്റു. ഇവർ ഹിസാറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഹാൻസി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

കൊലപാതകത്തിന് പിന്നാലെ ലോറൻസ് ബിഷ്‌ണോയ് സംഘാംഗം ഹരി ബോക്സറുടേതെന്ന പേരിൽ പ്രചരിച്ച ഓഡിയോ സന്ദേശം സോഷ്യൽ മീഡിയയിൽ വൈറലായി. ഹരി ബോക്സർ, ആർ.ഡി ധാരിവാൾ, ഹർമൻ സന്ധു, വിക്രം കദാൽ എന്നിവർ ചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് ഓഡിയോയിൽ പറയുന്നു.

അടുത്തിടെ ഡൽഹിയിലുണ്ടായ വെടിവയ്പ്പിന് പിന്നിലും തങ്ങളാണെന്ന് ഓഡിയോ സന്ദേശത്തിലൂടെ ബിഷ്‌ണോയ് സംഘം അവകാശപ്പെട്ടു. അനിൽ പണ്ഡിറ്റ്, ആർ.ഡി ധാരിവാൾ, ഹർമൻ സന്ധു എന്നിവരാണ് ഡൽഹി ആക്രമണത്തിന് പിന്നിലെന്നാണ് അവകാശവാദം. ഡൽഹിയിൽ തങ്ങൾ ലക്ഷ്യമിട്ട വ്യക്തിക്ക് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നതാണെന്നും എന്നാൽ അയാൾ അത് കേട്ടില്ലെന്നും ഹരി ബോക്സർ പറയുന്നു. ഇയാൾ ബോളിവുഡ് താരം സൽമാൻ ഖാനുമായി വളരെ അടുത്ത ബന്ധം പുലർത്തുന്നുണ്ടെന്നും എത്രയൊക്കെ സുരക്ഷ നൽകിയാലും ഇയാളെ വകവരുത്തുമെന്നും ഓഡിയോ സന്ദേശത്തിൽ ഭീഷണി മുഴക്കുന്നുണ്ട്. സംഭവത്തിൽ ഹരിയാന പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, SHOTDEAD, BISHNOI, GANG, HARYANA, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY