ബംഗളൂരു: കെ.ആർ. പുരത്ത് ദമ്പതികളെയും മകളെയും ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. കൊലപാതകം ആസൂത്രണം ചെയ്യാനും മൃതദേഹങ്ങൾ മറവുചെയ്യാനും മുഖ്യപ്രതി കെന്നത്ത് ഗൂഗിളിന്റെ എഐ ചാറ്റ്‌ബോട്ടായ ജെമിനിയുടെ സഹായം തേടിയതായി പൊലീസ് കണ്ടെത്തി. സംഭവം നടന്ന് ഒരുമാസം തികയുമ്പോഴാണ് പൊലീസിന്റെ വെളിപ്പെടുത്തൽ.
ഏതെല്ലാം തരത്തിലുള്ള ആയുധങ്ങൾ ഉപയോഗിക്കാം, മൃതദേഹം എങ്ങനെ കത്തിച്ചു കളയാം, മൊബൈൽ ഫോൺ ഉപയോഗിക്കാതെ എങ്ങനെ ഒളിവിൽ കഴിയാം എന്നിങ്ങനെയുള്ള വിവരങ്ങൾ പ്രതി ചാറ്റ് ബോട്ടിനോട് ചോദിച്ചു മനസിലാക്കിയിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. മൃതദേഹം കത്തിച്ചുകളയാൻ ക്ലൗഡ് കിച്ചണിന്റെ മറവിൽ പ്രത്യേക ഫർണസും സ്ഥാപിച്ചിരുന്നതായി പൊലീസ് വെളിപ്പെടുത്തി.
കൊലപാതക പരമ്പര നടന്ന രീതിയെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: പ്രതി ആദ്യം പെൺകുട്ടിയുടെ അമ്മയെയാണ് ആക്രമിച്ചത്. ഈ സമയം ബഹളം കേട്ട് അച്ഛനും സഹോദരിയും വാതിലിനു സമീപത്തേക്ക് ഓടിയെത്തി. തുടർന്ന് പ്രതി അച്ഛനെ കുത്തി. സഹോദരി ബഹളം വച്ചതോടെ അവരെയും കുത്തി പരിക്കേൽപ്പിച്ചു. കുത്തേറ്റ സഹോദരി സംഭവസ്ഥലത്തുതന്നെ കുഴഞ്ഞുവീണു. ഗുരുതരമായി പരിക്കേറ്റ അച്ഛൻ പടിക്കെട്ടിറങ്ങി താഴേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൊലപാതകത്തിൽ പ്രതിയുടെ കാമുകിക്കും കൃത്യമായ പങ്കുണ്ടായിരുന്നു എന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിന്റെ ഓരോ ഘട്ടവും മുൻകൂട്ടി അറിയാമായിരുന്ന ഇവർ, കൃത്യം നടക്കുമ്പോൾ സംഭവസ്ഥലത്തുണ്ടായിരുന്നു എന്നും പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ ജൂൺ 22നാണ് കെ.ആർ. പുരം സീഗെബള്ളിയിലെ അപ്പാർട്ട്‌മെന്റിൽ ദമ്പതികളും മകളും ക്രൂരമായി കൊല്ലപ്പെട്ടത്. സോമസുന്ദരം (55), ഭാര്യ മുത്തുലക്ഷ്മി (48), മകൾ സുപ്രിയ (19) എന്നിവരാണ് കുത്തേറ്റ് മരിച്ചത്. സംഭവത്തിനു പിന്നാലെ ദമ്പതികളുടെ മൂത്തമകൾ ശ്വേതയും (25) കാമുകൻ കെന്നത്തും (25) ഒളിവിൽ പോയി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ജൂൺ 24, 25 തീയതികളിലായി പുതുച്ചേരിയിൽ വച്ച് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പ്രതിയുടെ ഗൂഗിൾ സെർച്ച് ഹിസ്റ്ററി ഔദ്യോഗികമായി ലഭ്യമാക്കുന്നതിനായി പൊലീസ് മേൽനടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇതിനായി ഗൂഗിളിന് അപേക്ഷ അയച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. പ്രതി ഉപയോഗിച്ചിരുന്ന ഫോണും മറ്റ് ഡിജിറ്റൽ ഉപകരണങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്ത് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഫോറൻസിക് റിപ്പോർട്ട് പുറത്തുവരുന്നതോടെ ചാറ്റുകളുടെയും സെർച്ചുകളുടെയും കൂടുതൽ വിവരങ്ങൾ വ്യക്തമാകുമെന്നും പൊലീസ് അറിയിച്ചു.
Investigators in Bengaluru have revealed that Kenneth (25), the main accused in the KR Puram triple murder case, used Google’s AI chatbot Gemini to research weapons, methods for burning bodies, and ways to evade police detection without using a mobile phone.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |