സൂറത്ത്: എഐ സാങ്കേതിക വിദ്യയിലൂടെ വ്യാജ മൊബൈൽ ആപ്പുകൾ നിർമ്മിച്ച് രാജ്യവ്യാപകമായി സൈബർ തട്ടിപ്പ് നടത്തിയ 18 കാരൻ പിടിയിൽ. തട്ടിപ്പിലൂടെ 64 കോടിയിലധികം രൂപ സമ്പാദിച്ച രോഹിത് വീരേന്ദ്രസിംഗ് ശാക്യ എന്ന യുവാവാണ് സൂറത്ത് പൊലീസിന്റെ പിടിയിലായത്. സൂറത്ത് സിറ്റി സൈബർ ക്രൈം സെല്ലാണ് കാൺപൂരിലെ ഹോട്ടലിൽനിന്ന് ഇയാളെ അറസ്റ്റ് ചെയ്‌തത്.
പ്ലസ് വണ്ണിൽ പഠനം ഉപേക്ഷിച്ച ഇയാൾ സ്വയം കോഡിംഗ് പഠിച്ചെടുത്ത് എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് വ്യാജ ആപ്പുകൾ നിർമ്മിച്ചത്. ബാങ്കുകളുടെയും സർക്കാർ സേവനങ്ങളുടെയും പേരിൽ നിർമ്മിച്ച വ്യാജആപ്പുകൾ ഇയാൾ 15000 രൂപ സബ്‌സ്‌ക്രിഷൻ നിരക്കിൽ സൈബർ കുറ്റവാളികൾക്ക് വിറ്റിരുന്നതായാണ് വിവരം. ജാർഖണ്ഡിലെ ജംതാര, ഹരിയാന രാജസ്ഥാൻ തുടങ്ങിയ സ്ഥലങ്ങളിലെ തട്ടിപ്പുസംഘങ്ങൾക്കാണ് പ്രധാനമായും വ്യാജആപ്പുകൾ വിറ്റിരുന്നത്.
16-ാം വയസിൽതന്നെ കോഡിങ്ങിൽ പ്രാവീണ്യം നേടിയ ശാക്യ വിവിധ ബാങ്കുകളുടെ ചലാൻ പെയ്‌മെന്റ് മാതൃകയിൽ വ്യാജ ആപ്പുകൾ തയ്യാറാക്കിയിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇരകളെ വ്യാജ ആപ് ഇൻസ്റ്റാൾ ചെയ്യാൻ പ്രേരിപ്പിക്കുന്ന 'വിക്‌ടിം ആപ്പും' തട്ടിപ്പുകാർക്ക് ഒടിപി, ബാങ്ക് വിവരങ്ങൾ ഉൾപ്പെടെയുള്ള രഹസ്യവിവരങ്ങൾ ഉടനടി ലഭ്യമാക്കുന്ന 'അഡ്‌മിൻ ആപും' ഇയാൾ വികസിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.
പിഎൻബി ആപ്പെന്ന പേരിൽ വാട്‌സ്ആപ്പിലൂടെ ലഭിച്ച വ്യാജആപ് ഇൻസ്റ്റാൾ ചെയ്‌ത സൂറത്ത് സ്വദേശിക്ക് അഞ്ച് ലക്ഷം രൂപ നഷ്‌ടമായതിനെ തുടർന്ന് നടത്തിയ അന്വേഷണമാണ് ശാക്യയെ കുടുക്കിയത്. അന്വേഷണത്തിൽ 121 വ്യാജ ആപ്പുകൾ വികസിപ്പിച്ചതായും അവ 21,672 മൊബൈൽ ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്‌തതായും കണ്ടെത്തി. ഇതിൽ 2,928 ഓളം ഉപകരണങ്ങൾ പൂർണമായും ഹാക്ക് ചെയ്‌തപ്പെട്ടിട്ടുണ്ടെന്നും ഇതുവഴി ഏകദേശം 64.38 കോടി രൂപ പ്രതികൾ തട്ടിയെടുത്തിട്ടുണ്ടെന്നും പൊലീസ് പറയുന്നു.
പ്രതിയിൽനിന്ന് രണ്ട് മൊബൈൽ ഫോണുകളും ഒരു ലാപ്‌ടോപും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. രാജ്യത്തെ മറ്റ് സൈബർ കുറ്റകൃത്യസംഘങ്ങൾ ഇയാൾ നിർമ്മിച്ച സോഫ്‌റ്റ്‌വെയറുകൾ ഉപോഗിച്ചിട്ടുണ്ടോയെന്നും സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പൊലീസ് പരിശോധിച്ചുവരികയാണ്.
An 18-year-old was arrested for allegedly creating AI-powered fake mobile apps used in cyber fraud across India. Police said the apps impersonated banks and government services, enabling criminals to steal OTPs and banking details. The operation allegedly resulted in fraud exceeding ₹64 crore, with thousands of devices compromised. Investigations are underway to identify other suspects and the wider network.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |