ഹൈദരാബാദ്: വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ നടത്തിയ റെയ്ഡിൽ തിരുമല തിരുപ്പതി ക്ഷേത്രം ഡെപ്യൂട്ടി എക്സിക്യുട്ടീവ് ഓഫീസറുടെ അഞ്ച് കോടി രൂപ വില വരുന്ന അവിഹിത സ്വത്ത് കണ്ടെത്തി. മെന്ദു ലോകനാഥന്റെ വസതികളിലും ബന്ധുവീടുകളിലും നടത്തിയ റെയ്ഡിലാണ് അവിഹിത സ്വത്തുക്കൾ കണ്ടെത്തിയത്. നെയ്യ് മായം ചേർക്കൽ കേസിൽ സി.ബി.ഐ നടത്തിയ അന്വേഷണത്തിൽ ലഭിച്ച നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു റെയ്‌ഡ്. കൂടാതെ പ്രത്യേക അന്വേഷണ സംഘത്തിന്റെയും മറ്റ് കേന്ദ്ര ഏജൻസികൾ നൽകിയ വിവരങ്ങളും റെയ്ഡിലേക്ക് നയിച്ചു.
ഡി.എസ്.പി ശ്രീനിവാസ റാവുവിന്റെ നേതൃത്വത്തിൽ ബുധൻ പുലർച്ചെ മുതൽ തിരുപ്പതി , തിരുമല, ചെല്ലൂർ, ബംഗളുരു എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങളിലായിരുന്നു പരിശോധന. ലോകനാഥന്റെ തിരുപ്പതിയിലെ പ്രധാന വീട്, തിരുമലയിലെ ഔദ്യോഗിക ഗസ്റ്റ് ഹൗസ്, സഹോദരിയുടെയും രണ്ട് അളിയൻമാരുടെയും വീടുകൾ എന്നിവിടങ്ങളിലാണ് ഒരേ സമയം റെയ്ഡ് നടന്നത്. 12.5 ലക്ഷം രൂപ, രണ്ട് കിലോഗ്രാം സ്വർണം, 1.42 കിലോഗ്രാം തൂക്കമുള്ള സ്വർണപാത്രം എന്നിവ പിടിച്ചെടുത്തവയിൽ പെടുന്നു. 6.5 കിലോഗ്രാം വെള്ളി, ലോകനാഥത്തിന്റെ ഭാര്യയുടെ പേരിൽ തിരുപ്പതി പി.കെ. ലേഔട്ടിലുള്ള വീട്, ഗൊല്ലവാനിഗുണ്ടയിലെ രണ്ട് പ്ലോട്ടുകളും കെട്ടിടവും 31.98 ലക്ഷം രൂപയുടെ സംയുക്ത ഭൂമി രേഖകൾ, മകന്റെ പേരിൽ തിരുപ്പതി അർബൻ ശ്രീനിവാസ നഗറിലുള്ള പ്ലോട്ട്, വടമാല പേട്ട മണ്ഡലിലെ പ്ലോട്ട്, നാല് ഫിക്സഡ് ഡെപ്പോസിറ്റ് രസീതുകൾ എന്നിവയാണ് പിടിച്ചെടുത്തത്. കേസിൽ തുടർനടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |