കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ മരുന്ന് വ്യാപാരി കൊല്ലപ്പെട്ട സംഭവത്തിൽ വൻ വഴിത്തിരിവ്. കൊല്ലപ്പെട്ട വിനീത് മിനോച്ചയുടെ മകൻ സുബ്രതിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. പിതാവിനെ കൊലപ്പെടുത്താൻ ആറ് ലക്ഷം രൂപ വാദ്ഗാനം ചെയ്‌ത ഇയാൾ, പിടിക്കപ്പെട്ടാൽ തന്റെ ഭാര്യ ഷാലുവിന്റെ പേര് പറയണമെന്ന് നിർദേശിക്കുകയും ചെയ്‌തു.
വിനീതിന്റെ സഹായിയും കേസിലെ പ്രതിയുമായ വിശാൽ ഗൗതം അന്വേഷണ ഉദ്യോഗസ്ഥരോട് നടത്തിയ വെളിപ്പെടുത്തലിനെ തുടർന്നായിരുന്നു അറസ്റ്റ്. വിശാലിന്റെ മൊഴി മാത്രമല്ല സാഹചര്യ, സാങ്കേതിക തെളിവുകളും സുബ്രതിന് എതിരാണെന്ന് പൊലീസ് കമ്മീഷണർ രഘുബീർ ലാൽ പറഞ്ഞു. സുബ്രതിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.
സെപ്‌തംബർ അഞ്ചിന് കല്യാൺപുരിലെ രത്തൻ ഓർബിറ്റ് അപ്പാർട്ട്മെന്റിൽ വച്ചാണ് 60കാരനായ വിനീത് കുത്തേറ്റ് മരിച്ചത്. തൊട്ടടുത്ത ദിവസം തന്നെ ഷാലുവും ക്വട്ടേഷൻ കൊലയാളികളെന്ന് സംശയിക്കുന്ന വിശാൽ, രാജ് കിഷോർ എന്നിവരും അറസ്റ്റിലായി. എല്ലാവരെയും വിശദമായി ചോദ്യം ചെയ്‌തതിന് ശേഷമാണ് സുബ്രതിനെ അറസ്റ്റ് ചെയ്‌തത്. കൊലപാതകത്തിന് ദിവസങ്ങൾ മുമ്പ് വിശാൽ പുതിയ സിം കാർഡ് എടുത്തിരുന്നു. അതിൽ നിന്ന് ആദ്യം വിളിച്ചത് സുബ്രതിനെയാണെന്നും അന്വേഷണത്തിൽ കണ്ടെത്തി.
ഷാലു ആറ് ലക്ഷം രൂപ നൽകി വിനീതിനെ കൊലപ്പെടുത്താൻ ഏൽപ്പിക്കുകയായിരുന്നു എന്നാണ് വിശാൽ ആദ്യം നൽകിയ മൊഴി. എന്നാൽ, വിശദമായ ചോദ്യംചെയ്യലിൽ ഇയാൾ മൊഴിമാറ്റി. സുബ്രത് പറഞ്ഞതിനാലാണ് ഷാലുവിന്റെ പേര് പറഞ്ഞതെന്നും വിശാൽ വെളിപ്പെടുത്തി. മുമ്പും വിനീതിന്റെ കടയിൽ സുബ്രത് തന്നെക്കൊണ്ട് മോഷണം ചെയ്യിച്ചതായും സുബ്രതും പിതാവും തമ്മിൽ നിരന്തരം തർക്കമുണ്ടായിരുന്നതായും വിശാൽ പറഞ്ഞു.
15 ലക്ഷത്തോളം രൂപയുടെ കടം തനിക്കുള്ളതായി സുബ്രത് വെളിപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. ആദ്യം കുറ്റം നിഷേധിക്കാൻ ശ്രമിച്ചെങ്കിലും ചാറ്റുകളും കോൾ രേഖകളും നിരത്തിയുള്ള ചോദ്യംചെയ്യലിൽ സുബ്രതിന് പിടിച്ചുനിൽക്കാനായില്ല. കേസിലെ മറ്റൊരു പ്രതിയായ രാജ് കിഷോർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ രക്തം പുരണ്ട തുണി, ഒരു തോർത്ത്, ഫ്ലാറ്റിന്റെ താക്കോൽ എന്നിവ പൊലീസ് കണ്ടെടുത്തു.
Kanpur police arrested Subrat, son of murdered drug dealer Vineet Minocha, for allegedly orchestrating his father's killing. Subrat reportedly offered Rs 6 lakh and instructed an accomplice to implicate his wife, Shalu, if caught. This development follows initial arrests of Shalu and two suspected contract killers. Police cited Vishal Gautam's changed testimony and technical evidence against Subrat, who reportedly had significant debt.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |