ഡെറാഡൂൺ: ഭർതൃവീട്ടിലെ ക്രൂരമായ പീഡനത്തെത്തുടർന്ന് സർക്കാർ സ്‌കൂളിലെ അദ്ധ്യാപികയായ യുവതി ജീവനൊടുക്കി. വിവാഹശേഷം മാസങ്ങളോളം ശപിക്കപ്പെട്ടവളെന്ന് വിളിച്ച് അധിക്ഷേപിക്കുകയും സ്ത്രീധനത്തിന്റെ പേരിൽ മാനസികമായും ശാരീരികമായും ഉപദ്രവിക്കുകയും ചെയ്തതിനെത്തുടർന്നാണ് സൃഷ്ടി കന്ധാരി എന്ന 24 കാരി ആത്മഹത്യ ചെയ്തത്. ഡെറാഡൂൺ നഗരത്തിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ അകലെയുള്ള ഡോയ്വാലയിലെ വീട്ടിൽ ഇന്നലെയാണ് സൃഷ്ടിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് തൊട്ടുമുമ്പ് യുവതി ചിത്രീകരിച്ച അവസാന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കഴിഞ്ഞ വർഷം നവംബറിലാണ് അദ്ധ്യാപികയായ സൃഷ്ടിയും, സർക്കാർ ജീവനക്കാരനായ സൗരഭ് റതുരിയും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. സൃഷ്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവ് സൗരഭ്, മാതാവ് പർവീന, സഹോദരി ചാരു എന്നിവർക്കെതിരെ സ്ത്രീധന പീഡനത്തിന് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
ആത്മഹത്യ ചെയ്യുന്നതിന് മുൻപ് സൃഷ്ടി ചിത്രീകരിച്ച 90 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ നൊമ്പരമാവുകയാണ്. കരഞ്ഞു തളർന്ന് സംസാരിക്കുന്ന വീഡിയോയിൽ, വിവാഹശേഷമുണ്ടായ കാര്യങ്ങൾ പറഞ്ഞ് ഭർതൃ വീട്ടിൽ നിന്നും നേരിടേണ്ടി വരുന്ന കുറ്റപ്പെടുത്തലുകൾ ഇനി സഹിക്കാൻ കഴിയില്ലെന്ന് സൃഷ്ടി പറയുന്നുണ്ട്.
'സോറി മമ്മി, ഞാൻ പോവുകയാണ്. കാര്യങ്ങളെല്ലാം വല്ലാതെ മാറിയിരിക്കുന്നു. കഴിഞ്ഞ ആറുമാസമായിട്ട് ഞാൻ ഇതൊക്കെ സഹിക്കുകയാണ്. ഇനി എനിക്ക് ഇതൊന്നും സഹിക്കാൻ കഴിയില്ല. ഇവരുടെയൊന്നും മാനസികാവസ്ഥ ഒരിക്കലും മാറില്ല. വിവാഹശേഷം സംഭവിച്ച കാര്യങ്ങൾക്കെല്ലാം അവർ എന്നെയാണ് കുറ്റപ്പെടുത്തുന്നത്. എന്നെ ശപിക്കപ്പെട്ടവളെന്നാണ് അവർ വിളിക്കുന്നത്,'-വീഡിയോയിൽ സൃഷ്ടി പൊട്ടിക്കരഞ്ഞുകൊണ്ട് പറയുന്നു.
സംഭവസ്ഥലത്ത് പൊലീസും ഫോറൻസിക് ടീമും പരിശോധന നടത്തിയിട്ടുണ്ടെന്നും യുവതിയുടെ മൃതദേഹത്തിന്റെ പോസ്റ്റ്‌മോർട്ടം പൂർത്തിയായെന്നും ഡോയ്വാല സർക്കിൾ ഓഫീസർ വന്ദന വർമ്മ അറിയിച്ചു. സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നും അന്വേഷണം നടന്നു വരികയാണെന്നും പൊലീസ് വ്യക്തമാക്കി.
Srishti Kandhari, a 24-year-old government teacher in Dehradun, died by suicide due to alleged mental and physical harassment over dowry by her husband and in-laws.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |